top of page
Writer's pictureJoseph Thaipparambil

വേളാങ്കണ്ണി പള്ളിയും, പള്ളിയുടെ പേരിലുള്ള തട്ടിപ്പുകളും

നമ്മളിൽ ചിലരെങ്കിലും വേളാങ്കണ്ണി പള്ളിയിൽ ഒരിക്കൽ എങ്കിലും പോകണം എന്ന് ആഗ്രഹിക്കുന്നവരാണല്ലോ. ജാതിമത ഭേദമന്യേ എല്ലാവരും വരുന്ന ഒരു പുണ്യസ്ഥലം. തമിഴ്നാട് സംസ്ഥാനത്തു നാഗപട്ടിണം എന്ന സ്ഥലത്തിനോട് ചേർന്നു നിൽക്കുന്ന ഒരു കടലോര പ്രദേശം.



പരിശുദ്ധ മാതാവിന്റെ പേരിലിലുള്ള പള്ളിയാണ് ഇവിടുത്തെ പ്രാധാന്യം. പരിശുദ്ധ മാതാവിന്റെ പേരിലുള്ള നിരവധി ഐതീഹ്യങ്ങളും ഇവിടെ നിലനിൽക്കുന്നു. കോളേജിൽ പഠിക്കുന്ന സമയത്തു മുതൽ തുടങ്ങിയ ആഗ്രഹമാണ് വേളാങ്കണ്ണി പള്ളിയിൽ പോകണം എന്നത്... പോയത് ഈ അടുത്ത കാലത്തും... അതായത് 5-6 വർഷങ്ങൾക്ക് ശേഷം.. നിരവധി സോഷ്യൽ മീഡിയ പ്ലാറ്ഫോമുകളിൽ നിന്ന് കേട്ട് സുപരിചിതമായ ഒരു തട്ടിപ്പ്, അത് നേരിട്ട് കാണുവാനും അനുഭവിക്കുവാനും സാധിച്ചു. എന്താണെന്ന് വെച്ചാൽ നമ്മുടെ വിശ്വാസം തന്നെ അവിടെ ചിലർ കച്ചവടമാക്കുന്നു എന്നത് തന്നെ. അതിപ്പോ പള്ളി അറിഞ്ഞിട്ടാണോ അതോ അല്ലയോ എന്ന് മാത്രമാണ് എന്റെ സംശയം. പള്ളി അറിഞ്ഞില്ല എന്ന് പറഞ്ഞാൽ വിശ്വസിക്കാനും കുറച്ചു ബുദ്ധിമുട്ടുണ്ട്. കാരണം അത്രമേൽ പരസ്യമായ കച്ചവടം തന്നെ.

വളരെ വൈകിയാണ് ഞങ്ങൾ ചെന്നൈയിൽ നിന്ന് ഇറങ്ങുന്നത് തന്നെ. നല്ല ബ്ലോക്ക് എല്ലാം കിട്ടി ചെന്നൈ വിടുമ്പോൾ ബസ് നല്ല ലേറ്റ് ആയിരുന്നു. വണ്ടിയാണേൽ നല്ല പഴക്കമുള്ള ഒരു കോച്ചും ! മധുരയിൽ നിന്നും ഇതേ ഓപ്പറേറ്ററുടെ നല്ല കോച്ച് ആയിരുന്നു... വണ്ടിയുടെ കാലപഴക്കവും കൂടെ കണ്ടപ്പോൾ നേരത്തിനും കാലത്തിനും വേളാങ്കണ്ണി എത്തില്ല എന്ന് മനസ്സിൽ ഉറപ്പിച്ചാണ് വണ്ടിയിൽ കയറിയത്. വണ്ടി എവിടെയോ നിർത്തി ആളുകളുടെ സംസാരം കേട്ടപ്പോളാണ് കണ്ണ് തുറക്കുന്നത്... സമയം 03 മണി കഴിഞ്ഞിരിക്കുന്നു, വെളുപ്പിനെ, ഒരു ഹോട്ടലിനു മുന്നിലാണ്. വിജനമായ പ്രദേശം. ഒരു എത്തും പിടിയും കിട്ടുന്നില്ല.. ഗൂഗിൾ മാപ്പ് നോക്കിയപ്പോൾ സ്ഥലം ചിദംബരം ! ഇത് ഇത്ര വേഗം ഇങ്ങു എത്തിയോ എന്നായി എന്റെ സംശയം ! പറക്കുവായിരുന്നോ ആവോ !! ഒന്ന് ഫ്രഷ് ആയി വീണ്ടും വണ്ടിയിലേക്ക്. ഉറക്കത്തിലേക്ക്.... നാഗപട്ടിണം ആയപ്പോൾ ഒന്ന് കണ്ണ് തുറന്നു... വീണ്ടും ഉറക്കത്തിലേക്ക്... പിന്നെ എഴുന്നേൽക്കുന്നത് ജീവനക്കാർ വിളിക്കുമ്പോളാണ്... ഉറക്കച്ചടവോടെ ഞാനും സുജിനും പുറത്തേയ്ക്ക് ഇറങ്ങി... പലവർഷങ്ങളായി ആഗ്രഹിച്ച വേളാങ്കണ്ണി മണ്ണിൽ എത്തിയിരിക്കുന്നു. റൂം വേണോ എന്ന് ചോദിച്ചു ആളുകൾ ചുറ്റും കൂടുന്നുണ്ട്...കാര്യമാക്കിയില്ല. സമയം നോക്കിയപ്പോൾ വീണ്ടും ഞെട്ടി... 06.30മണി ! 07മണിയാണ് പറഞ്ഞിരുന്ന സമയം. ടെർമിനൽ വിട്ടപ്പോൾ തന്നെ ഒരുപാട് വൈകിയിരുന്നു, പിന്നെ ചെന്നൈ നഗരത്തിൽ തന്നെ ബ്ലോക്കിൽ പെട്ട് മണിക്കൂറുകൾ കളയുകയും ചെയ്തു. ഒരിക്കലും പ്രതീക്ഷിച്ചില്ല പറഞ്ഞ സമയത്തിന് എത്തും എന്ന്.. അപ്പോഴാണ് അതിനേക്കാൾ മുൻപേ എത്തിച്ചത്.. പ്രായം ആയ ഡ്രൈവറും, പ്രായം ആയ വണ്ടിയും കണ്ടു മുൻവിധി നടത്തിയ എന്റെ വിധി തെറ്റായിരുന്നു എന്ന് തെളിഞ്ഞു. നേരെ സ്റ്റാൻഡിന് അകത്തു തന്നെയുള്ള ഒരു ലോഡ്‌ജിൽ റൂം എടുത്തു ഫ്രഷായി. നാട്ടിലെ നമ്മുടെ ഒരു സുഹൃത്ത് അഖിൽ (മത്തായി എന്നും വിളിക്കപ്പെടും), ഇപ്പോൾ പോണ്ടിച്ചേരിയിൽ ജോലി നോക്കുന്ന ആൾ വരുന്നുണ്ട്, ഞങ്ങൾ വേളാങ്കണ്ണിക്ക് വരുന്നു എന്നറിഞ്ഞു വരുന്നതാണ്... പുള്ളിക്കും പള്ളിയിൽ വരണം എന്ന് ആഗ്രഹം.


പ്രാതൽ കഴിച്ചു കഴിഞ്ഞു ഞങ്ങൾ മൂവരും കൂടി പള്ളിയിലേക്ക് നടന്നു. വലിയ പള്ളിയിലേക്കാണ് ആദ്യം. വെയിലിന്റെ കാഠിന്യം കൂടി വരുകയാണ്. നല്ല തിരക്കുണ്ട്. എന്നാൽ ഇതൊന്നുമല്ല തിരക്ക്... കാലു കുത്താൻ ഇടമില്ലാത്ത രീതിയിൽ തിരക്കുണ്ടാവും വിശേഷ ദിവസങ്ങളിൽ ഇവിടെ. ഞങ്ങൾ വലിയ പള്ളിയുടെ കവാടത്തിൽ എത്തി. ഒരു പടുകൂറ്റൻ ദേവാലയം. അകത്തു കാമറ അനുവദിക്കില്ല. പാദരക്ഷകൾ അഴിച്ചു ഞങ്ങൾ നേരെ അകത്തേയ്ക്ക് കടന്നു. കുറച്ചു നേരം പ്രാർത്ഥന. പിന്നീട് പുറത്തേയ്ക്ക്. നിരവധി ചാപ്പലുകൾ ഇവിടെയുണ്ട്... പള്ളികളും... അടുത്ത ലക്‌ഷ്യം മോർണിംഗ് സ്റ്റാർ ചർച്ചാണ്. മാതാവിന്റെ കുളം നിൽക്കുന്ന പള്ളിയുടെ അടുത്തായാണ് ഈ പള്ളി. അങ്ങോട്ടുള്ള വഴിയിൽ വലതു ഭാഗതയാണ് ഈ മോർണിംഗ് സ്റ്റാർ പള്ളി സ്ഥിതി ചെയ്യുന്നത്. ഒരു വലിയ പള്ളി... ഉയരത്തിൽ അല്ല, നീളത്തിൽ. ഒരു വലിയ ഹാൾ പോലെ അത് നീണ്ടു നിവർന്നു കിടക്കുകയാണ് മദ്ഹബഹയുടെ (ബലിപീഠം,അൾത്താര) ഇരുവശങ്ങളിലേക്കും. 170° വൈഡ് ആംഗിൾ ലെൻസ് പോലും പള്ളിയുടെ രണ്ടു ഏറ്റവും കൂട്ടിമുട്ടിക്കാൻ പാടുപെടുന്നു. അൾത്താരയുടെ പ്രൗഢി ഒന്ന് വേറെ തന്നെ. ധാരാളം ബെഞ്ചുകൾ ഇട്ടിരിക്കുന്നു. ഇവിടെ ഫോട്ടോഗ്രാഫിക്ക് വിലക്കില്ല. കുറച്ചുനേരം ചിലവഴിച്ച ശേഷം ഞങ്ങൾ വീണ്ടും പുറത്തേയ്ക്ക്, മാതാവിന്റെ കുളം എന്ന് വിശേഷിക്കപ്പെടുന്ന സ്ഥലവും കണ്ടു നേരെ തിരിച്ചു നടത്തം ആരംഭിച്ചു. വെയിൽ കടുത്തതിനാൽ കുറച്ചു നേരം വിശ്രമം. തണൽ കണ്ടയിടത്തു കുറച്ചു നേരം ഇരുന്നു. പോണ്ടിച്ചേരി വിശേഷങ്ങളും നാട്ടിലെ വിശേഷങ്ങളും ഒക്കെ അങ്ങോട്ടും ഇങ്ങോട്ടും പറഞ്ഞു കുറച്ചു നേരം സമയം കളഞ്ഞു. അധികം സമയം കളയാനുമില്ല... ഇന്ന് തന്നെ തിരിക്കണം നാട്ടിലേക്ക്.. ഉച്ച കഴിഞ്ഞാണ് ബസ്... നാട്ടിലേക്ക് നേരിട്ട് ബസ് ഉണ്ടല്ലോ, ചങ്ങനാശ്ശേരി എക്സ്പ്രസ്സ്. അതിൽ ടിക്കറ്റ് എടുത്തിരുന്നു. ഞങ്ങൾ നേരെ വലിയ പള്ളിയുടെ അടുത്തേയ്ക്ക് വീണ്ടും നടന്നു. തല മൊട്ട അടിക്കുന്ന സ്ഥലം ഞങ്ങൾ നേരത്തെ കണ്ടായിരുന്നു. പക്ഷെ പള്ളിയുടെ പരിസരം എത്തിയതും ഒരാൾ എത്തി, തല മൊട്ട അടിക്കാനാണോ എന്നും ചോദിച്ചുകൊണ്ട്... അതെയെന്നു ഞങ്ങൾ. മത്തായിക്ക് നേർച്ച ഉണ്ടേ. വൈകാതെ ഞങ്ങൾ നേരെ മൊട്ടയടി കേന്ദ്രത്തിലേക്ക്. ആൾ മുന്നിലും സുഹൃത്തുക്കളും ഞാനും അയാളുടെ പുറകെയും. എനിക്ക് ഇടയ്ക്കിടെ ചിരി വരുന്നതും ഇവർ ശ്രദ്ധിക്കുന്നുണ്ട്. എന്താണ് കാര്യം എന്ന് അന്വേഷിച്ചപ്പോൾ ഞാൻ ഒന്നുമില്ല എന്ന് പറഞ്ഞൊഴിയുകയും ചെയ്തു. അങ്ങനെ സ്ഥലം എത്തിയിരിക്കുന്നു. രജിസ്റ്റർ ചെയ്യാൻ 30 രൂപ... കൂട്ടത്തിൽ ഉള്ള രണ്ടും ഹാപ്പി... കൊള്ളാമല്ലോ കളി... ഞാൻ പിറകിൽ നിന്ന് ചിരി തുടങ്ങി. പിള്ളേര് കളികാണാൻ പോകുന്നതല്ലേ ഒള്ളു ! റെസിപ്റ്റും വാങ്ങി കാത്തിരിക്കാൻ തുടങ്ങി.. എല്ലാവരും തിരക്കിലാണ്... കുറച്ചു നേരം കാത്തിരുന്നപ്പോൾ ഒരാൾ ഫ്രീ ആയി...മത്തായി നേരെ കക്ഷിയുടെ അടുത്തേയ്ക്ക്... എല്ലാം നിമിഷ നേരം കൊണ്ട് അവസാനിച്ചിരിക്കുന്നു. ഫേസ്ബുക്കിൽ ഒന്ന് തല ഇട്ട് എടുക്കാൻ പോലുമുള്ള നേരം തന്നില്ല പഹയൻ ! വർഷങ്ങൾ നീണ്ട പ്രവർത്തി പരിചയം ആവണം. സുഹൃത്ത് എഴുന്നേറ്റപ്പോൾ പുള്ളിക്കും വേണം 50 രൂപ... കഷ്ടപ്പെട്ട് അങ്ങേരു പണി എടുത്തതല്ലേ, കൊടുത്തേക്കാം 50 എന്ന് സുഹൃത്ത് ... ഓ ആയിക്കോട്ടെ എന്ന് ഞാനും. മാർത്തോമാനസ്രാണീ എന്ന പേരുള്ളതുകൊണ്ട് ആവണം... നമ്മൾക്കും ഒരു സ്വഭാവമുണ്ട്... കണ്ടു അനുഭവിച്ചു അറിയാതെ വിശ്വസിക്കാൻ വലിയ ബുദ്ധിമുട്ടാ.. ബാക്കിയുള്ളവരുടെ ഇടയിൽ കർത്താവ് വന്നെന്ന് അവർ പറഞ്ഞപ്പോൾ കർത്താവ് വീണ്ടും എന്റെ മുന്നിൽ വരട്ടെ, എന്നിട്ട് ഞാൻ വിശ്വസിക്കാം എന്ന് പറഞ്ഞ മാഹാൻ ആണാലോ തോമാച്ചൻ... നമ്മടെ st.തോമസ്...! അപ്പോൾ സ്വാഭാവികം ! അതുകൊണ്ട് ഞാൻ ഇവരെ നിർബന്ധിച്ചാൽ നാളെ ഞാൻ കുറ്റക്കാരനാകുമല്ലോ. അവിടെ അങ്ങനെ ഒന്നുമില്ല, ഞാൻ കാരണമാണ് കർമ്മം പൂർത്തീകരിക്കാനാവാതെ മടങ്ങിയത് എന്നുള്ള ആരോപണം കൂടി എടുക്കാൻ തീരെ താല്പര്യം ഇല്ലാത്തതുകൊണ്ട് പോകുന്നേടം വരെ പോകട്ടെ എന്ന് ഞാനും മനസ്സിൽ തീരുമാനിച്ചു. തോമാച്ചനെ പോലെ ഇവരുടെ വിശ്വാസത്തിന്റെ ആഴവും എനിക്ക് പരീക്ഷിക്കാമല്ലോ.



ഇറങ്ങിയതും ഞങ്ങളെ ഇങ്ങോട്ട് വിട്ട ആൾ പുറത്തു കാത്തു നിൽപ്പുണ്ടായിരുന്നു. സ്നേഹപൂർവ്വം ഞങ്ങളെ വിളിച്ചുകൊണ്ട് തലയിൽ ചന്ദനം പുരട്ടുവാൻ കൊണ്ടുപോയി. റൂമിൽ പോയി തല കഴുകാൻ ഉദ്ദേശിക്കുന്നു എന്ന് പറഞ്ഞപ്പോൾ, നേര്ച്ച മുടങ്ങും, മാതാവിന്റെ വെള്ളത്തിൽ തല കഴുകി തലയിൽ ചന്ദനം പുരട്ടിയാൽ മാത്രമേ നേര്ച്ച പൂർത്തിയാവു എന്ന് വിനയപൂർവ്വം അറിയിച്ചു. അപ്പോൾ സുഹൃത്തിനു ഒരു സംശയം... ഇതിനും പൈസ ഉണ്ടോ എന്ന് അന്വേഷിച്ചപ്പോൾ "അയ്യോ പൈസ ഒന്നുമില്ല, ഇത് നേർച്ചയുടെ ഭാഗമല്ലെ"... ഹോ ! നിഷ്കളങ്കമായ ഉത്തരം... സുഹൃത്തുക്കൾ ഇരുവരും ഫ്ലാറ്റ് ! കുറച്ചു മുന്നേക്ക് ചെന്നപ്പോൾ അവിടെ നിന്നും ഒരു ചെറിയ ബക്കറ്റ് എടുക്കുവാൻ പുള്ളിക്കാരൻ പറഞ്ഞു. മാതാവിന്റെ വെള്ളത്തിൽ തല കഴുകിയതിനു ശേഷമാണ് ചന്ദനം പുരട്ടുന്നത്, അതിനാണ് ഈ ബക്കറ്റ് എന്നും പറഞ്ഞു. ശെരി, അങ്ങനെയവട്ടെ... ബക്കറ്റും എടുത്ത് നടപ്പ് തുടങ്ങി. കുറച്ചു മുൻപോട്ട് ചെന്നപ്പോൾ ആശാൻ നിന്നു. എന്നിട്ട് മുൻപോട്ട് ചൂണ്ടി കാണിച്ചു, ഇടത്തേക്ക് തിരിയുന്ന ആ വഴിയിൽ കാണുന്ന കടയിൽ ചെന്നാൽ വെള്ളം കിട്ടുമെന്നു. വീണ്ടും നടപ്പ്, അപ്പോഴേക്കും ആ മനുഷ്യൻ ആൾക്കൂട്ടത്തിൽ എവിടെയോ മറഞ്ഞിരുന്നു. നടന്നു ആ വഴിയിലേക്ക് പ്രവേശിച്ചപ്പോൾ തന്നെ കടക്കാരൻ ബക്കറ്റ് കണ്ടു വിളിച്ചു. ബക്കറ്റ് മേടിച്ചും കൊണ്ട് ഒരാൾ നേരെ അകത്തേയ്ക്ക്... ബക്കറ്റ് നിറയെ വെള്ളവുമായി തിരികെ വന്നു.. മാതാവിന്റെ വെള്ളമാണത്രെ. തല കഴുകിക്കൊള്ളാൻ പറഞ്ഞു. കടയുടെ മുന്നിൽ വെച്ച് തന്നെ സുഹൃത്ത് തല കഴുകി. അടുത്തത് തലയിൽ ചന്ദനം പുരട്ടണം. അവർ സംഭവം തന്നു... ചന്ദനം ആണെന്നാ പറയുന്നേ (ഉവ്വ). നമ്മടെ സുഹൃത്തു ഭയഭക്തിയോടെ തലയിൽ സ്വയം ചന്ദനം പുരട്ടുകയാണ്.


ഈ കലാപരിപാടി നടക്കുമ്പോൾ മറ്റൊരു സംഭവവും സൈഡിൽ നടക്കുകയാണ്. കടക്കാരൻ ഒരു കവറിൽ സുഹൃത്തിന്റെ പേരും, കുടുംബവിവരങ്ങളും, അങ്ങനെ എല്ലാം എഴുതി തരുവാൻ പറഞ്ഞു. സുജിൻ വിവരങ്ങൾ രേഖപ്പെടുത്തി കടക്കാരാണ് തിരികെ നൽകി. കടക്കാരൻ കുറെ ആൾരൂപങ്ങൾ പെറുക്കി എടുത്തു. കൈ, കാൽ, കുടുംബം, വീട് അങ്ങനെ എന്തൊക്കെയോ. പിന്നെ ഒരു കൂട് മെഴുകുതിരി. ഇതെല്ലം എടുത്ത് തന്നിട്ട്, മാതാവിന്റെ നടയിൽ സമർപ്പിക്കണം എന്നും പറഞ്ഞു. അപ്പോഴേക്കും മത്തായി തലയിൽ ചന്ദനം ഒക്കെ പുരട്ടി കുട്ടപ്പനായിരുന്നു. ഇതെല്ലം വീക്ഷിച്ചുകൊണ്ടു ഒരുവാക്കു പോലും മിണ്ടാതെ ചിരിച്ചു നിൽക്കുന്ന എന്നെ കടക്കാർ ഇരുവരും ശ്രദ്ധിക്കുന്നുണ്ടായിരുന്നു. പാക്കിങ്ങ് എല്ലാം കഴിഞ്ഞപ്പോൾ പുള്ളി ഒരു ചെറിയ വില പറഞ്ഞു. "₹580 !!!! " സുജിൻ കേട്ടത് 58 എന്നാണ് ( ഫൈവ് എയ്റ്റി എന്ന് പറഞ്ഞത് ഫൈവ് ഏയ്റ്റ് എന്ന് തിരിഞ്ഞു). ചെക്കൻ 40 രൂപയും എടുത്ത് , " ഡാ മത്തായി, ഒരു 18 കൂടെ തന്നേട "എന്ന് പറഞ്ഞപ്പോഴാണ് അവനു പൈസ കറക്റ്റ് ആയി മനസിലായില്ല എന്ന് എനിക്കും കടക്കാരനും മനസിലായത്... സത്യം പറഞ്ഞാൽ എനിക്ക് ചിരി പൊട്ടി ! പക്ഷെ പിടിച്ചു നിന്നു. ഇത് മനസ്സിലാക്കിയ കടക്കാരൻ വീണ്ടും ഇടപെട്ടു. "തമ്പി, ഫൈവ് എയ്റ്റ് അല്ല... ഫൈവ് ഏയ്റ്റി ... 580" ... രണ്ടുപേരും ഇടിമിന്നൽ കൊണ്ട പോലെ ഒരേപോലെ സ്തംഭിച്ചു നിൽപ്പ്... എനിക്കണേൽ ചിരി പിടിച്ചു നില്ക്കാൻ പറ്റുന്നുമില്ല. അന്ധാളിപ്പ് കഴിഞ്ഞപ്പോൾ രണ്ടുപേരും വാദിക്കാൻ തുടങ്ങി.. എന്ത് വിലയാണ് ഇതൊക്കെ, ഈ മൊട്ടതലക്ക് 600ഓ.. ഇതെവടത്തെ കണക്കാ എന്നൊക്കെ ചോദിച്ചപ്പോൾ എനിക്ക് വീണ്ടും ചിരി 😂 അവരുടെ വാദങ്ങൾ , ഇതും പൂർത്തിയാക്കിയാലെ നേർച്ച പൂർണമാകു, അല്ലെങ്കിൽ മാതാവ് കോപിക്കും എന്നൊക്കെ പുലമ്പുന്നുണ്ട്. കൂട്ടത്തിൽ അമ്മയോ, അങ്ങനെ മുതിർന്നവർ ആരും തന്നെ ഇല്ലാത്തതുകൊണ്ട് അവർക്ക് "വിശ്വാസത്തിന്റെ" ബ്ലാക്ക് മെയിലിംഗ് എടുക്കാനും സാധിക്കുന്നില്ല. അഞ്ചുപൈസ തരുകേല എന്ന് കട്ടായം പിടിച്ചു സുഹൃത്തുക്കൾ നിലപാടും എടുത്തപ്പോൾ അവർ വെട്ടിലായി.




അമ്മയും, കുടുംബവും ആയി വരുന്നവരാണ് ഈ ആളുകളുടെ ഇരകൾ. കൂട്ടത്തിൽ ഒരാൾ എങ്കിലും യുക്തിപൂർവ്വം ചിന്തിക്കുന്നവരുണ്ടേൽ പോലും, അവരെ നിഷ്‌ക്രിയർ ആക്കുവാൻ ഉള്ള ആയുധമാണ് ഇവർക്ക് ' ആത്മീയതയും വിശ്വാസവും'. അമ്മയും പ്രായമായവരും ഒക്കെ ഉള്ള ഗ്രൂപ്പിൽ ഇത് വേര് പിടിക്കുകയും ചെയ്യുമല്ലോ ! "മാതാവ് കോപിക്കും, ഈ കുഞ്ഞു വാവ ഇനിയും വളരാൻ ഉള്ളതല്ലേ, അമ്മ മാതാവിന് ഈ പൈസ കൊടുത്താൽ ഈ കുഞ്ഞു അനുഗ്രഹിക്കപ്പെടും" എന്ന് പറഞ്ഞാൽ സംഭവം ക്ലിക്ക് !! ഈ പരിപ്പ് പിള്ളേര് സെറ്റ് മാത്രമായി പോയാൽ അധികം ഏൽക്കില്ലല്ലോ !

കർക്കശ നിലപാട് എടുത്തു ഞങ്ങൾ അവിടെ നിന്നും ഇറങ്ങി, ഒരു രൂപ പോലും കൊടുക്കാതെ.. അവർ ഞങ്ങളെ തടഞ്ഞതുപോലുമില്ല ! ഈ അന്ധാളിപ്പിലാണ് സുഹൃത്തുക്കൾ ഇരുവരുടെയും നടപ്പ്... അന്നേരമാണ് ഞാൻ ഈ വിവരം നേരത്തെ അറിഞ്ഞിരുന്നു എന്നും, മനഃപൂർവ്വം പറയാഞ്ഞതാണെന്നും അറിയിച്ചത്. എനിക്ക് ഇതിനെക്കുറിച്ചു അറിവ് ഉണ്ടായിട്ടും മിണ്ടിയില്ല എന്ന് അറിഞ്ഞപ്പോ ഇരുവരും ഒരേപോലെ രൂക്ഷമായി എന്നെയും ഒരുനോട്ടം... ഞാൻ ആണേൽ നടന്നു ചിരിയും ! കണ്ടനുഭവിച്ചു അറിഞ്ഞതുകൊണ്ടു ഇരുവരും ഇനി ഇതെപോലെയുള്ള അബദ്ധങ്ങളിൽ ചാടില്ല എന്ന് വിശ്വസിക്കാം... അനുഭവം ഗുരു എന്നാണല്ലോ പഴമൊഴി !! . രൂക്ഷമായ വെയിലും കൊണ്ട് മാതാവിനെ ഒന്നുകൂടെ കണ്ടു നന്ദിയും പറഞ്ഞു ഹോട്ടലിലേക്ക് നടന്നു തുടങ്ങി... പകുതി വഴിയായപ്പോൾ വീട്ടിലേക്ക് കുറച്ചു സാധനങ്ങൾ മേടിക്കണം എന്ന് പറഞ്ഞു ഇരുവരും നിന്നു.. വന്ന വഴി പിറകിലേക്ക് പോകണം.. ഞാൻ വരുന്നില്ല എന്ന് പറഞ്ഞു... കാരണം രണ്ടാണ്.. ഒന്ന്, കൈയിൽ പത്തിന്റെ കൂറ എടുക്കാനില്ല. രണ്ടു, ഈ വെയിലത്ത് തിരിച്ചു നടന്നു പോയി വരുവാൻ വയ്യ.. തളർന്നു. എന്നാൽ അവർ പോയിട്ട് വരാം, നിന്ന സ്ഥലത്തു കാണണം എന്ന് പറഞ്ഞു പോയി... ഞാൻ മുന്നോട്ടും പോയി 😁. കറങ്ങി കറങ്ങി ബസ്സ്റ്റാൻഡ് അടുക്കാറായപ്പോ സുജിന്റെ വിളി. നിന്നോട് ഇവിടെ നിക്കാൻ പറഞ്ഞിട്ട് എവിടെ പോയി എന്ന് ചോദിച്ച വിളി... മുൻപോട്ട് പോര്, ഞാൻ മുന്നിൽ ഉണ്ട് എന്ന് പറഞ്ഞത് അനുസരിച്ചു അവരും വന്നു, ഞങ്ങൾ വീണ്ടും റൂമിലേക്ക്... മൊബൈലും ക്യാമറയും എല്ലാം ചാർജ് ചെയാന് വെച്ചിട്ട് ഓരോരുത്തരായി ഫ്രഷ് ആയി. ഇനി അധികം സമയം ഇല്ല, വണ്ടി വരാറായി.. വല്ലതും കഴിക്കണം...

കുറച്ചു നേരം വിശ്രമിച്ചതിനു ശേഷം ഞങ്ങൾ റൂം വെക്കേറ്റ് ചെയ്തു താഴെയുള്ള ഒരു ഹോട്ടലിൽ നിന്നും ഉച്ചഭക്ഷണം കഴിച്ചു. അപ്പോഴേക്കും വണ്ടി നമ്പർ വെച്ചുകൊണ്ട് മെസ്സേജും വന്നിരുന്നു. കഴിച്ചു ഇറങ്ങി നേരെ സ്റാന്റിലേക്ക്. 0230Pmനാണു ബസ് സമയം.. ബസ് വരുവാൻ ഇനിയും കുറച്ചു സമയമുണ്ട്. ഞങ്ങളെ വണ്ടി കയറ്റി വിട്ടിട്ട് ഇവിടുന്ന് നേരെ പോണ്ടിച്ചേരിക്ക് പോകുവാനാണ് മത്തായി ഉദേശിക്കുന്നത്. വണ്ടി വരുന്നതും കാത്തു ഞങ്ങൾ ഇരുന്നു...

25 views0 comments

Comments


bottom of page