top of page
Writer's pictureJoseph Thaipparambil

Part 03 : ധനുഷ്കോടി - വേളാങ്കണ്ണി യാത്ര

Also read :

അടുത്ത ദിവസം അതിരാവിലെ ഉറക്കമുണർന്നു. രാവിലെ ചെന്നാൽ ആരിച്ചാൽ മുനയിലേക്ക് ചിലപ്പോൾ പോലീസ് പ്രവേശനം അനുവദിക്കും എന്ന പ്രതീക്ഷയിൽ വീണ്ടും ധനുഷ്കോടിയിലേക്ക്. ഇന്നലത്തെ അപേക്ഷിച്ചു കാലാവസ്ഥ ഇന്ന് കുറച്ചു തെളിഞ്ഞു നിൽക്കുന്നുണ്ട്... അതും ഒരു പ്രതീക്ഷ.. പക്ഷെ രാവിലെ അവിടെ പോലീസ് പോയിട്ട് ഒരു പോലീസ് വണ്ടി പോലുമില്ല ! നാട്ടുകാർ ആവട്ടെ വണ്ടിയോട്ട് കടത്തി വിടുന്നുമില്ല. വന്ന സ്ഥിതിക്ക് നടന്നേക്കാം എന്ന തീരുമാനത്തിൽ നടന്നു തുടങ്ങി. ചുറ്റും ഏകാന്തത. വശങ്ങളിൽ ചുഴലിക്കാറ്റിന്റെ നോവുന്ന ഓർമ്മകളുടെ ഈറ്റില്ലമായ കുറെ കെട്ടിടങ്ങൾ... ഒരുപാടു പേരുടെ ഓർമ്മകളും പേറി അത് അങ്ങനെ നിൽക്കുകയാണ്... കുറച്ചു പോയപ്പോൾ തന്നെ എല്ലാവരും മടുത്തു തുടങ്ങി. അവിടേം വരെ ഇങ്ങനെ പോയി വന്നാൽ ഉച്ച കഴിഞ്ഞുള്ള ചെന്നൈ ബസ് മിസ്സ് ആകുമല്ലോ. അതുകൊണ്ട് പ്ലാൻ മാറ്റുവാൻ തീരുമാനിച്ചു. ഇടത്തുവശത്തേയ്ക്ക് വെള്ളത്തിലൂടെ കടലിലേക്ക് നടന്നു പോകാം എന്നായി സൂര്യ... പക്ഷെ ഞങ്ങളിൽ ഒരു ചെറിയ പേടി. ഞങ്ങളുടെ ആദ്യവിചാരം ഇരുവശവും ആഴക്കടലാണ് എന്നതാണ്. എന്നാൽ ഇത് കടലിന്റെ ഭാഗം അല്ലായെന്നും, കാൽമുട്ട് വരെ പോലും വെള്ളമില്ല എന്നും സൂര്യയും സുഹൃത്തു രാജായും തറപ്പിച്ചു പറഞ്ഞു... എങ്കിലും ഞങ്ങളുടെ കണ്ണുകളിലെ ഭയവും സംശയവും മനസിലാക്കിയിട്ടെന്നോണം രാജ തന്നെ ആദ്യം വെള്ളത്തിൽ ഇറങ്ങി.. ശെരിയാണ്... കാൽപ്പാദം മുഴുവൻ മുങ്ങി നിൽക്കുന്നു എന്നല്ലാതെ അധികം ആഴമില്ല. രാത്രി സമയങ്ങളിൽ കടൽ കയറും എന്ന്, ഉച്ചയാവുമ്പോൾ കടൽവെള്ളം വലിയുമെന്നും അവർ പറഞ്ഞു. അവർ പകർന്ന ധൈര്യത്തിൽ ഞങ്ങൾ നേരെ വെള്ളത്തിലേക്ക്... ഇടയ്ക്ക് വഴുക്കൽ കാണും എന്നും, സൂക്ഷിച്ചു നടക്കണം എന്നും അവർ ഓർമിപ്പിച്ചു. ചെറിയ വഴുക്കലുണ്ട്. സൂക്ഷിച്ചു നടന്നില്ലേൽ വീഴും എന്നുറപ്പ്... പതിയെ പതിയെ ഞങ്ങൾ നടന്നു തുടങ്ങി... ചിലയിടങ്ങളിൽ ആഴം കൂടിയ പോലെ അനുഭവപെട്ടു. നല്ല തണുത്ത വെള്ളത്തിലൂടെ ഞങ്ങളുടെ നടത്തം തുടർന്നു.



കടലിനോട് ചേരുന്നിടം വരെ ഞാൻ നടന്നു. തിട്ടയിൽ കുറച്ചുപേർ മീൻപിടിക്കാൻ കടലിൽ പോകുവാനുള്ള തയ്യാറെടുപ്പിലാണ്. അതിനായി വള്ളങ്ങളും വലകളും പരിശോധിക്കുന്നു. മൺതിട്ട വളരെ മൃദുലമാണ്. ജലാംശം നല്ലതുപോലെ, മുൻപോട്ട് ചെല്ലുന്തോറും കടൽ അടുക്കുന്നു... രണ്ടു തിട്ടകൾക്കിടയിലെ വെള്ളത്തിന്റെ ഒഴുക്കിലേക്ക് ഞങ്ങൾ ഇറങ്ങി. മുട്ടറ്റം വെള്ളമുണ്ട്, അതിന് നല്ല അടിയൊഴുക്കും. സൂക്ഷിച്ചു കാൽ വെച്ചില്ലയെങ്കിൽ തെന്നി വീഴാനും സാധ്യത വളരെ കൂടുതൽ. സ്ഥിരമായി വെള്ളത്തിന്റെ ചാലാണ്. അടിത്തട്ടിനു നല്ല വഴുക്കലും. ഞാൻ എന്റെ ക്യാമറയുടെ വാട്ടർ പ്രൂഫ് കേസിന്റെ സത്യാവസ്ഥ അറിയുവാനായി ക്യാമറ വെള്ളത്തിൽ മുക്കി വെച്ചിരിക്കുകയാണ്. ബാക്കി ഉള്ളവർ കരയിലും. ഇടയ്ക്കിടെ കാൽ വഴുതുന്നുണ്ട്. തൊട്ട് പുറകിൽ നല്ല ആഴമുള്ള കടലിന്റെ ഭാഗം. കുറച്ചു നേരത്തിനു ശേഷം ഞാനും കരയിലേക്ക്. ഫോട്ടോ എടുത്ത് മുൻപോട്ട് നടന്നപ്പോൾ മുൻപോട്ട് പോകരുതെന്നും, അവിടെ കടലാണ്, മണ്ണിനു ഉറപ്പില്ല എന്നും സൂര്യ വിളിച്ചു പറഞ്ഞു. ഒരു വ്യത്യസ്ഥ അനുഭവം തന്നെയാണ് അവിടം. കുറച്ചു നേരം അവിടെ ചിലവഴിച്ചു നിന്നപ്പോളാണ് സമയം ബെല്ലും ബ്രേക്കും ഇല്ലാതെ പോകുന്നു എന്ന ബോധം എല്ലാവര്ക്കും ഉണ്ടായത്. തിരികെ പോകാണമല്ലോ. വന്ന വഴി തന്നെ തിരിച്ചു യാത്ര തുടങ്ങി. നവീനും സുജിനും കുറെ ശംഖ് പെറുക്കി എടുത്തിട്ടുണ്ട്. ചിലതിന് നല്ല മൂർച്ചയും ! പതുക്കെ ഞങ്ങൾ വീണ്ടും കരയിലേക്ക്... അവിടുന്ന് ഇനിയും ദൂരമുണ്ട് വണ്ടി പാർക്ക് ചെയ്തിരിക്കുന്ന ധനുഷ്കോടിയിലേക്ക്. നടപ്പ് തുടങ്ങി. ആളുകൾ അപ്പോഴേക്കും ആരിച്ചാൽ മുനയിലേക്ക് നടന്നു പോകുവാൻ തുടങ്ങിയിരിക്കുന്നു.


തിരിച്ചു വരുന്ന വഴിക്ക് വശങ്ങളിലുള്ള ബീച്ചും സന്ദർശിച്ചു. ഇടതൂർന്നു നിൽക്കുന്ന മരങ്ങൾക്കിടയിലൂടെ നടന്നു ചെല്ലുമ്പോൾ വിശാലമായ ബീച്ച് മുൻപിൽ. ഇന്നലെ കണ്ടപോലെ തന്നെ... പ്രത്യേകിച്ച് വിശേഷണം ഒന്നുംതന്നെ രേഖപ്പെടുത്താനില്ല. വീണ്ടും തിരികെ കാറിലേക്ക്. വരുന്ന വഴി ഒരു അമ്പലം ഞാൻ ശ്രദ്ധിച്ചിരുന്നു.. ശ്രീ kothandaramar ക്ഷേത്രം. മെയിൻ റോഡിൽ നിന്ന് പുറത്തേയ്ക്ക് വെള്ളത്തിലേക്ക് ഇറങ്ങി സ്ഥിതി ചെയുന്ന ഒരു അമ്പലം... ഇതിനെ ചുറ്റിപ്പറ്റി നിരവധി ഐതീഹ്യങ്ങളും നിലവിലുണ്ട്. ലങ്കയിൽ നിന്ന് ശ്രീരാമൻ തിരികെ വന്നപ്പോൾ കയറിയ സ്ഥലമെന്നും മറ്റുമൊക്കെയാണ് ഐതീഹ്യങ്ങൾ. വരുന്ന വഴി അവിടെയും ഒന്ന് കയറി ചുറ്റി കണ്ടതിനു ശേഷം നേരെ ഹോട്ടലിലേക്ക്.

കുറച്ചു നേരം വിശ്രമം. ക്യാമറ, പവർബാങ്ക് എന്നിവ ചർജിനു വെച്ചിട്ട് ഞങ്ങൾ വിശ്രമിച്ചു. സൂര്യ വീട്ടിലേക്കും പോയിരുന്നു. ഉച്ച കഴിഞ്ഞു രാമനാഥപുരത്തു നിന്നാണ് മധുരയ്ക്ക് ബസ്. രാമനാഥപുരത്തെക്ക് സൂര്യയുടെ സുഹൃത്ത് കാറിൽ വിടും എന്നാണ് പറഞ്ഞിരിക്കുന്നത്. കുറച്ചു കഴിഞ്ഞു ഞങ്ങൾ ഹോട്ടലിൽ നിന്നും ചെക്ക് ഔട്ട് ചെയ്തു താഴെ ലോബിയിൽ അവർക്കായി കാത്തിരുന്നു. മഴയും തുടങ്ങിയിരിക്കുന്നു. ചെറു ചാറ്റൽ മാത്രമേ ഉള്ളു. വൈകാതെ അവർ എത്തി. രാമേശ്വരം ക്ഷേത്രത്തെ വലംവെച്ചുകൊണ്ട് ഞങ്ങളുടെ ചെന്നൈ യാത്രയുടെ ആരംഭം കുറിച്ചു. പാമ്പൻ പാലം കഴിഞ്ഞതോടെ മഴയും കടുത്തു. എന്നാൽ രാമനാഥപുരം എത്തിയപ്പോൾ മഴ പൂർണമായും വിട്ടു മാറുകയും ചെയ്തു. ഞങ്ങൾ ചെന്നിറങ്ങിയപ്പോൾ തന്നെ ഒരു മധുരൈ 1 to 1 നോൺസ്റ്റോപ് ബസ് പുറപ്പെടാൻ തയ്യാറായി നിൽക്കുന്നത് കണ്ടതിനാൽ ഓടി കയറി. കാലിസീറ്റുകൾ നിരവധി. ഏകദേശം 10 മിനിറ്റ് കഴിഞ്ഞപ്പോൾ വണ്ടി എടുത്തു. ടൌൺ ലിമിറ്റ് വിടുന്നതുവരെ വണ്ടി പതിയെ നീങ്ങി... അതുകഴിഞ്ഞപ്പോൾ നീണ്ടു നിവർന്നു കിടക്കുന്ന വിശാലമായ ഹൈവേയിലൂടെ ബസ് വേഗതയാർജിക്കുവാൻ തുടങ്ങി. 05 മണിക്കാണ് മധുരൈ നിന്നും ബസ്... അതിനു മുൻപേ തന്നെ ഈ വണ്ടി മധുര എത്തുമെന്ന് സൂര്യ ഉറപ്പിച്ചു പറഞ്ഞു. അവന്റെ സ്ഥിരം വണ്ടിയാണത്രെ ! അപ്പോൾ സമാധാനിക്കാം.



വഴി ഏറെക്കുറെ വിജനമായി കിടക്കുന്നു. കൂടാതെ കുറച്ചു പോകുമ്പോൾ തന്നെ വലിയ ഗ്യാപ് ഇല്ലാതെ തന്നെ പോലീസ് സേന നിൽക്കുന്നു. അതും സുസജ്ജർ. ഓരോ യൂണിറ്റും ഓരോ കണ്ട്രോൾ വാനും ആയിട്ടാണ് നിൽപ്പ്.. കൂടെ ഒരു ബസ് നിറയെ സായുധ സേനയും. രാമനാഥപുരത്തു ഇവിടെയുള്ള ഏതോ വലിയ നേതാവിന്റെ പേരിലുള്ള എന്തോ പരുപാടി നടക്കുന്നുണ്ട്... അതിന്റെ മുൻകരുതൽ എന്നോണം ആണീ തയാറെടുപ്പുകൾ ! ഒരു ചെറിയ കലഹം വലിയ കലാപം വരെ അഴിച്ചു വിടാൻ സാധ്യത ഉണ്ടത്രേ ! അത് സത്യമാണ് എന്നോണം ആണീ പോലീസ് മുൻകരുതലുകൾ. വഴിയിലോ ഒന്നുംതന്നെ ഒരുതരത്തിലുള്ള പ്രശ്നങ്ങളും ഞങ്ങൾ നേരിട്ടില്ല. 2 മണിക്കൂറത്തെ യാത്ര കൊണ്ട് ഞങ്ങൾ മധുരൈ ബസ്സ്റ്റാൻഡിൽ എത്തി. ഇറങ്ങി നേരെ ഓമ്നി ബസ്റ്റാണ്ടിലേക്ക് നടന്നു ( തൊട്ട് അടുത്ത് തന്നെയാണ്). അവിടെ നിന്നാണ് ഞങ്ങൾക്കുള്ള ചെന്നൈ വണ്ടി... കന്യാകുമാരി നിന്ന് വരുന്ന SRMന്റെ സ്കാനിയ കോച്ച്. ബാഗ് കൂട്ടുകാരെ ഏല്പിച്ചു ഞാൻ സ്റ്റാൻഡ് ചുറ്റി കണ്ടു. ഫോട്ടോയും എടുത്തു അടുത്ത മഴയ്ക്ക് മുന്നേ തിരിച്ചു എത്തി... മണി 5നോട് അടുക്കുന്നു... ഇത്ര ദൂരം ഓടി വരുന്ന വണ്ടിയായതുകൊണ്ടു ലേറ്റ് ആവും എന്ന് ഞാൻ കരുതി, എന്നാൽ ഓൺടൈം അറൈവലായിരുന്നു വണ്ടിയുടെ. കയറി ബാഗ് വെച്ചു. ഏറ്റവും പിന്നിലാണ് സീറ്റുകൾ. 10 മിനിറ്റ് കൊണ്ട് വണ്ടിയെടുത്തു. ഏതോ സിനിമ ഓടുന്നുണ്ട്, കാര്യമാക്കിയില്ല, ഹെഡ്ഫോൺ കുത്തി പാട്ടുകളിലേക്ക് ഒഴുകിയിറങ്ങി. അത്താഴാവും കഴിഞ്ഞു ഞങ്ങൾ ഉറക്കത്തിലേക്ക് വഴുതി വീണു. എഴുന്നേൽക്കുമ്പോൾ വണ്ടി നല്ല ട്രാഫിക്കിൽ പെട്ട് കിടക്കുകയാണ്. 1മണി വെളുപ്പിനെയാണ് സമയം പറഞ്ഞത് എങ്കിലും ലേറ്റ് ആയി... ബ്ലോക്ക് തന്നെ കാരണം. ഇടയിൽ എവിടെയോ ഇറങ്ങി, എയർപോർട്ടിനു അടുത്താണ് വീട്. അതുകൊണ്ട് അടുത്തെവിടെയോ ഞങ്ങൾ ഇറങ്ങി. സൂര്യയാണ് ഗൈഡ്... വിജനമായ പ്രദേശമെന്നു തോന്നിക്കുന്നു. സൂര്യ olaക്യാബ് വിളിച്ചിരുന്നു. നിമിഷങ്ങൾക്കുള്ളിൽ എത്തി. മഴയുടെ താണ്ഡവത്തിൽ ചില റോഡുകൾ വെള്ളത്തിനടിയിൽ ആയെന്നും സൂര്യ പറഞ്ഞു. കുറച്ചു കറങ്ങിയിട്ടാണെങ്കിലും ഞങ്ങൾ റൂം എത്തുമ്പോൾ മണി 02 എങ്കിലും കഴിഞ്ഞു കാണണം. റൂമിൽ എത്തി ഉറങ്ങുന്നവരെ വിളിച്ചു ഉണർത്തി അവരുടെ ഉറക്കം കളയാൻ മറന്നില്ല.. ഷിഫ്റ്റ് കഴിഞ്ഞു ക്ഷീണിച്ചു ഉറങ്ങിയ പിള്ളേരെ ഒന്നിനെ പോലും വെറുതെ വിടാതെ പൊക്കി ! പിന്നെ കുറച്ചു നേരം വർത്തമാനവും പറഞ്ഞിരിപ്പ്... ഇവരെയൊക്കെ ഞാൻ ഇപ്പോൾ കാണുന്നത് ഏകദേശം 4-5 വർഷങ്ങൾക്ക് ശേഷമാണു. പിന്നെ വിശ്രമം.



ഉച്ച കഴിഞ്ഞു, എഴുന്നേറ്റപ്പോൾ... വൈകുന്നേരം ചെന്നൈ സെൻട്രൽ നിന്നാണ് നവീന് കണ്ണൂർക്ക് ട്രെയിൻ. ഭക്ഷണം കഴിഞ്ഞു കുറച്ചു കഴിഞ്ഞപ്പോൾ അവൻ യാത്രയായി. ഞങ്ങൾക്ക് രാത്രി 10.15നാണു വേളാങ്കണ്ണിക്ക് ബസ്. കോയമ്പെടു നിന്നാണ്. റോഡിനേക്കാൾ എന്തുകൊണ്ടും നല്ലത് മെട്രോയാണെന്നു സുഹൃത്തുക്കൾ പറഞ്ഞു. അതുകൊണ്ട് ആ വഴി തന്നെ മതിയെന്ന് ഞങ്ങളും തീരുമാനിച്ചു. എയർപോർട്ട് മെട്രോ വരെ ഞങ്ങളെ വിടാൻ സൂര്യയും ശിവയും വന്നു. അവരുടെ ബൈക്കിലാണ് ഞങ്ങളുടെ അവിടേംവരെയുള്ള യാത്ര. അവരോട് യാത്ര പറഞ്ഞു ഞങ്ങൾ നേരെ മെട്രോയിലേക്ക്. ഞാൻ മുൻപ് ഒരിക്കൽ ചെന്നൈ മെട്രോയിൽ കയറിയിട്ടുണ്ട്, സുജിൻ ഇത് ആദ്യമാണ്. അതിന്റെ ഒരു ത്രില്ലും ഉണ്ട് കക്ഷിക്ക്. പടവുകൾ കയറി മുകളിലേക്ക്, ടിക്കറ്റ് വെണ്ടിങ്ങ് മെഷീൻ വഴി ഞങ്ങൾ പോകേണ്ട സ്ഥലം തിരഞ്ഞെടുത്തു. ഏത് ഒരാൾക്കും എളുപ്പത്തിൽ ഉപയോഗിക്കാവുന്ന ഒന്നാണിത്. സ്ഥലം തിരഞ്ഞെടുത്തു കഴിഞ്ഞാൽ പണം അടക്കണം. കാർഡ്/ക്യാഷ് വെച്ച് പണം അടയ്ക്കാൻ സാധിക്കും. പൈസ അടച്ചു കഴിയുമ്പോൾ താഴെ കോയിൻ വരും. അതാണ് നമ്മുടെ യാത്രാ പാസ്. കോയിൻ എൻട്രി ഗേറ്റിൽ പഞ്ച് ചെയ്തു വേണം കയറാൻ. എയർപോർട്ടിലെ പോലെ baggage സ്ക്രീനിംഗ് ഒക്കെയുണ്ട്. അതെല്ലാം കഴിഞ്ഞു പ്ലാറ്ഫോം നമ്പർ 2യിലേക്ക് കയറി തുടങ്ങി... കയറി എത്തിയപ്പോൾ ഞങ്ങളെ കാത്തു എന്നവണ്ണം ഒരു മെട്രോ ട്രെയിൻ പുറപ്പെടാൻ തയാറായി കിടക്കുന്നു. ഓടി ചെന്ന് കയറി. ട്രെയിനിൽ വലിയ തിരക്കില്ല. സീറ്റ് കിട്ടുവാനും അതുകൊണ്ട് ബുദ്ധിമുട്ട് ഉണ്ടായില്ല... ഏതാണ്ട് 20 മിനിറ്റ് യാത്രയുണ്ട് കോയമ്പെടു മെട്രോ സ്റ്റേഷനിലേക്ക്. മെട്രോയിൽ കുതിച്ചു പായുമ്പോൾ താഴെ ചെന്നൈയുടെ റോഡുകളിൽ നല്ല ബ്ലോക്ക് കാണുന്നുണ്ടായിരുന്നു... അവയുടെ മുകളിലൂടെ ഞങ്ങൾ യാത്ര തുടർന്നു. ഒന്ന് രണ്ടു സ്റ്റേഷനുകൾ കഴിഞ്ഞപ്പോൾ മെട്രോയിൽ തിരക്ക് കൂടി കൂടി വന്നു.



09മണി കഴിഞ്ഞപ്പോൾ ഞങ്ങൾ കോയമ്പെടു മെട്രോ സ്റ്റേഷൻ അടുക്കുന്നു എന്ന അറിയിപ്പ് വന്നു. ബാഗ് എടുത്തു ഞങ്ങൾ വാതിലിനു അടുത്തേയ്ക്ക് നീങ്ങി. വൈകാതെ ഞങ്ങൾ സ്റ്റേഷനിൽ എത്തി. പെട്ടന്നു തന്നെ ഇറങ്ങി എക്സിറ്റ് നോക്കി ഇറങ്ങി. കയറിയപ്പോൾ കോയിൻ പഞ്ച് ചെയ്തു എങ്കിൽ, ഇവിടെ എക്സിറ്റ് ഗേറ്റിൽ നമ്മൾ കോയിൻ നിക്ഷേപിക്കണം... എങ്കിൽ മാത്രമേ ഗേറ്റ് തുറക്കു. അവിടെ നിന്ന് ഞങ്ങൾ കോയമ്പെടു ബസ്സ്റ്റാൻഡ് ഒന്ന് നടന്നു കാണുവാൻ തീരുമാനിച്ചു... കോയമ്പെടു എന്ന് കെട്ടിട്ടുള്ളതല്ലാതെ കസിൻ നേരിട്ട് കണ്ടിട്ടില്ല... അതുകൊണ്ട് ഒന്ന് ഓടി നടന്ന് കാണുവാൻ തുടങ്ങി. ഓട്ടപ്രദക്ഷിണം കഴിഞ്ഞു ഞങ്ങൾ നേരെ SRM ടെർമിനൽ ലക്ഷ്യമാക്കി നടന്നു. വഴിയിൽ വെച്ച് അത്താഴവും കഴിച്ചു. എന്നിട് srm ടെർമിനലിൽ കയറി. ടെർമിനൽ എന്നൊക്കെ പറയുമ്പോൾ വലിയ ബസ്സ്റ്റാൻഡ് എന്ന് പ്രതീക്ഷിക്കരുത്. ബസ്സുകൾ അടുങ്ങി കിടക്കുന്ന ഒരു കൊച്ചു സ്ഥലം. എന്നാൽ യാത്രക്കാർക്ക് വിശ്രമിക്കാൻ വൃത്തിയുള്ള ഇരിപ്പിടങ്ങളും ഫാനും ലൈറ്റും ഒക്കെയുണ്ട്. കുറച്ചു കഴിഞ്ഞപ്പോൾ വണ്ടി നമ്പർ വെച്ചുള്ള മെസ്സേജ് വന്നപ്പോൾ ഞങ്ങൾ മുൻപോട്ട് നീങ്ങി, വണ്ടി അന്വേഷിച്ചു അധികം പോകേണ്ടി വന്നില്ല, മുൻപിൽ തന്നെ പിടിച്ചിട്ടുണ്ടായിരുന്നു. അശോക് ലൈലാണ്ട് ബേസ് ചെയ്തുള്ള ഒരു ac സ്ലീപ്പർ കോച്ച്. കയറി ബാഗ് വെച്ചു. അപ്പർ ബെർത്താണ്. അത്യാവശ്യം നല്ല പഴക്കമുള്ള വണ്ടിയാണ്. അത്യാവശ്യം വൃത്തിയുണ്ട്. ഇത് പറഞ്ഞ സമയത്തിൽ ഓട് എത്തുമോ എന്ന് വരെ ഞാൻ ആലോചിച്ചു പോയി. 10.15 നു പുറപ്പെടും എന്ന് പറഞ്ഞെങ്കിലും, വിടുമ്പോൾ 10.40ഓളം ആയിരുന്നു... ഞങ്ങളെ കാത്തിരുന്നതാവട്ടെ, നല്ല ബ്ലോക്കും. സമയം പൊയ്‌ക്കൊണ്ടിരുന്നു... വണ്ടിയാവട്ടെ നിരങ്ങി നിരങ്ങി നീങ്ങുന്നു.... എപ്പോഴോ ഞങ്ങൾ ഉറക്കത്തിലേക്കും വഴുതി വീണു....

Also read :

15 views0 comments

Comments


bottom of page