top of page
Writer's pictureJoseph Thaipparambil

Part 02 : ധനുഷ്കോടി - വേളാങ്കണ്ണി യാത്ര

Updated: Nov 15, 2019

ധനുഷ്കോടി - ഇന്ത്യയുടെ പ്രേത നഗരി

Read:


അതി രാവിലെ പുറപ്പെടണം എന്നാണ് തലേ ദിവസം ഞങ്ങൾ നിശ്ചയിച്ചിരുന്നത്. ഞാനും എന്റെ കസിൻ സുജിനും ഇവിടെ ആദ്യമാണ്. പക്ഷെ നവീൻ ഇതിനു മുൻപും വന്നിട്ടുണ്ട്. സൂര്യോദയം കാണുവാൻ പറ്റിയ സ്ഥലങ്ങൾ ഉണ്ടെന്നും, അവിടെ നിന്നാവാം ധനുഷ്കോടി കാഴ്ചകളുടെ തുടക്കം എന്നും സൂര്യ പറഞ്ഞിരുന്നു. എന്നാൽ ക്ഷീണത്താൽ ഉറങ്ങിപ്പോയ ഞങ്ങൾ എഴുന്നേൽക്കുമ്പോൾ മണി 08.30 കഴിഞ്ഞിരുന്നു. പെട്ടന്ന് എഴുന്നേറ്റ് തയ്യാറായി. അപ്പോഴേക്കും സൂര്യയും എത്തിയിരുന്നു. കൂടെ രാജാ എന്ന വിളിപ്പേരുള്ള സൂര്യയുടെ സുഹൃത്തു ഇളയരാജയും. പ്രാതൽ കഴിച്ചിട്ടില്ല ഞങ്ങൾ ആരും തന്നെ. ദീപാവലിയുടെ ബാക്കിപത്രം എന്നോണം കടകൾ മിക്കതും അടഞ്ഞു തന്നെ. ധനുഷ്കോടി പോകുന്ന വഴിയിൽ ഒരു നല്ല ഹോട്ടൽ ഉണ്ടെന്നു പറഞ്ഞതനുസരിച്ചു ഞങ്ങൾ യാത്ര ആരംഭിച്ചു.


Read the post in: ENGLISH


ഹോട്ടൽ എത്തി, വലിയൊരു ആഡംബര ഹോട്ടൽ പ്രതിച്ഛായ ഒന്നും സങ്കല്പികരുത്. ഒരു തട്ടുകട.. പക്ഷെ അവിടുത്തെ ഭക്ഷണം നല്ലതാണ്. പ്രായമായ ഒരു അമ്മയാണ് അവിടെ ഉള്ളത്. ഞങ്ങൾ ചെല്ലുമ്പോൾ ഭക്ഷണം ഒരുവിധം തീർന്നു തുടങ്ങിരിക്കുന്നു. വേഗം കയറി ഭക്ഷണം കഴിച്ചു ഇറങ്ങിയപ്പോൾ കണ്ട കാഴ്‌ച ഒരേ സമയം അത്ഭുതം ജനിപ്പിക്കുന്നതും, സംശയം ജനിപ്പിക്കുന്നതുമായിരുന്നു. തെളിഞ്ഞു നിന്ന ആകാശം കറുത്ത് തുടങ്ങിയിരിക്കുന്നു. നിവർന്നു കിടക്കുന്ന ധനുഷ്കോടി റോഡിൻറെ അങ്ങേ തലക്കൽ നിന്ന് മഴക്കാർ ഇരച്ചു കയറുന്നത് കാണാൻ ഒരു പ്രത്യേക ഭംഗി തന്നെയാണ്. പക്ഷെ ഈ മഴ ഞങ്ങളുടെ ഈ ദിവസത്തെ പ്ലാൻ മുഴുവൻ കീഴ്മേൽ മറിക്കാൻ പോന്നതാണ്. അധിക ദൂരം ചെന്നില്ല, നല്ല മഴ തുടങ്ങിയിരിക്കുന്നു. ശക്തമായ മഴ, മുൻപോട്ട് ഒന്നും കാണുവാൻ സാധിക്കുന്നില്ല. അത്രെമേൽ മഴ കടുത്തിരിക്കുന്നു. രാജാ, സൂര്യ എന്നിവരുടെ ജന്മ സ്ഥലമാണല്ലോ രാമേശ്വരം... ഇവർക്ക് ഈ വഴികൾ സുപരിചിതം. വേഗത കുറച്ചു ശ്രദ്ധാപൂർവം വാഹനം മുൻപോട്ട് നീങ്ങിക്കൊണ്ടിരുന്നു. കുറച്ചു ദൂരം പിന്നിട്ടപ്പോൾ മഴയുടെ ശക്തിയും കുറഞ്ഞു. കുറച്ചകലെ ധനുഷ്കോടി എന്ന പ്രേത നഗരി പ്രത്യക്ഷമായി. പ്രേതനഗരം എങ്കിലും അങ്ങോട്ടേക്കുള്ള വഴി അതിസുന്ദരമാണ്. ധനുഷ്കോടിയും അതെ ! പോകും വഴി മറ്റൊരു വാർത്ത കൂടി സൂര്യ ഞങ്ങളോട് പറഞ്ഞു, ആരിച്ചാൽ മുനൈയിലേക്ക് ഇപ്പോൾ വണ്ടികൾ ഒന്നും തന്നെ കടത്തി വിടുന്നില്ലത്രേ. അന്വേഷിച്ചപ്പോൾ ആരിച്ചാൽ മുനൈ സ്തൂപം അടങ്ങുന്ന സ്ഥലം കടൽ കയറി നശിച്ചു എന്ന് ! ആകെ നിരാശ തോന്നിയ സമയം. ഇന്ത്യ - ശ്രീലങ്കാ കര അതിർത്തിയാണ് ആരിച്ചാൽ മുനൈ. അവിടെ നിന്ന് ഏതാണ്ട് 20 കിലോമീറ്റർ അപ്പുറത്താണ് ശ്രീലങ്കയിലെ തലൈമാന്നാർ. ദൂരെ കണ്ടുതുടങ്ങിയ പ്രേതനഗരിയോട് ഞങ്ങൾ അടുത്ത് തുടങ്ങിയിരിക്കുന്നു. പേമാരി പെയ്തെങ്കിലും സഞ്ചാരികളുടെ ഒഴുക്കിന് കുറവ് ഒട്ടുംതന്നെ ഇല്ല ! വണ്ടി ഒതുക്കി ഞാൻ ചുറ്റും കണ്ണോടിച്ചു, വർഷങ്ങളായി എന്റെ വിഷ്ലിസ്റ്റിൽ ഉണ്ടായൊരുന്ന കുറെ സ്ഥലങ്ങളിൽ ഒന്ന് ഇപ്പോൾ യാഥാർഥ്യമായിരിക്കുന്നു.


1964ലെ ദുരന്തത്തിന് മുൻപേ റയിൽവേ സ്റ്റേഷനും ആശുപത്രികളും മറ്റു സൗകര്യങ്ങളും ഉൾപ്പെടുന്ന ഒരു നഗരമായിരുന്നു ധനുഷ്കോടി. ആദ്യം ഞങ്ങൾ പഴയ പള്ളിയുടെ അടുത്തേയ്ക്കാണ് പോയത്. നഷ്ടങ്ങളുടെയും, കണ്ണീരിന്റെയും ബാക്കിപത്രമായി അത് നിലകൊള്ളുന്നു. 1964 ഡിസംബർ രാത്രിയിലെ വിനാശകാരിയായ ചുഴലിക്കാറ്റിൽ ധനുഷ്കോടി എന്ന നഗരവും അതിലെ സകലതും മണ്ണിനോട് അടിഞ്ഞപ്പോൾ കാലത്തിനു സാക്ഷിയാകുവാൻ, നീറുന്ന ഓർമ്മകളുടെ ഈറ്റില്ലമാകുവാൻ വിധിക്കപ്പെട്ട കെട്ടിട സമുച്ചയങ്ങളിൽ ചിലതാണ് ഈ പള്ളിയും പഴയ റയിൽവേ സ്റ്റേഷനും ഒക്കെ. ഇന്നും തലയെടുപ്പിനു ഒരു കുറവുമില്ല ഈ പള്ളിയ്ക്ക്. കുറച്ചു നേരം ഫോട്ടോ എടുത്ത് കറങ്ങി നടന്നിട്ട് ഞങ്ങൾ നേരെ പിറകിലുള്ള ബീച്ചിലേക്ക് നടന്നു. ഇപ്പോൾ നല്ല വെയിലാണ്. ബീച്ചിൽ കുറച്ചു നേരം നിന്നപ്പോൾ ആകാശം വീണ്ടും കറുക്കുന്നത് കണ്ടു. കൈയിൽ ക്യാമറ ഉൾപ്പെടെ ഗാഡ്ജറ്റുകൾ. നിന്നാൽ മഴ ഒരു തുള്ളി വിടാതെ നനയും എന്ന് ഉറപ്പായപ്പോൾ ഞങ്ങൾ പതിയെ കാറിനു അടുത്തേയ്ക്ക് നടന്നു. അപ്പോഴേക്കും ചെറു ചാറ്റൽ മഴ പെയ്തു തുടങ്ങിയിരുന്നു. കുറച്ചു നേരം കൊണ്ട് മഴ മാറി. അപ്പോൾ സുഹൃത്തുക്കൾ ധനുഷ്കോടി മീൻ വറുത്തത് കഴിക്കാനായി ഇറങ്ങി. തൊട്ടടുത്ത് തന്നെ കടകൾ ഉണ്ട്. ഞാൻ മീൻ കഴിക്കുന്നത് നിർത്തിയാൽ ചെറു ചാറ്റലും കൊണ്ട് നടപ്പ് തുടങ്ങി.....

ധനുഷ്കോടി ദുരന്തം :

1964 ഡിസംബർ 17നു ആൻഡമാൻ കടലിൽ രൂപപ്പെട്ട ഒരു ന്യൂന മർദ്ദം പിന്നീട് ശക്തിപ്രാപിച്ചു അതിശക്തമായ ഒരു ചുഴലിക്കാറ്റായി രൂപപ്പെടുകയായിരുന്നു. ശ്രീലങ്കയിൽ സംഹാരതാണ്ഡവമാടിയ ഈ ചുഴലിക്കാറ്റ് ഡിസംബർ 22 രാത്രിയിൽ/23 വെളുപ്പിനെ ധനുഷ്കോടി- രാമേശ്വരം ഭാഗത്തേയ്ക്ക് പ്രവേശിച്ചു. 800നു മുകളിൽ ആളുകൾക്ക് ധനുഷ്കോടിയിൽ മാത്രം ജീവൻ നഷ്ടപ്പെട്ടു എന്നതാണ് കണക്കുകൾ.


ഇതേ സമയം പാമ്പൻ പാലം കടക്കുകയായിരുന്ന ഒരു തീവണ്ടിയും ഈ ചുഴലിക്കാറ്റിന് ഇരയായി, തീവണ്ടിയും അതിലെ മുഴുവൻ ജീവനുകളും കടലിന്റെ ആഴങ്ങളിലേക്ക് എടുത്തെറിയപ്പെട്ടു. പാമ്പൻ പാലവും തകർക്കപ്പെട്ടു. ഒറ്റ രാത്രികൊണ്ട്, ഒരു നഗരത്തെ ആകമാനം പ്രേതനഗരിയാക്കികൊണ്ടു ഇന്ത്യയിലെയും ശ്രീലങ്കയിലെയും സംഹാരതാണ്ഡവത്തിനു ശേഷം അറബിക്കടലിൽ ലയിച്ചു തീരുമ്പോൾ 1800ൽ പരം ജീവനുകളെടുത്തും അന്നത്തെ കണക്കിലെ 150മില്യൺ അമേരിക്കൻ ഡോളറുകളുടെ നാശനഷ്ടങ്ങളും ഈ ചുഴലിക്കാറ്റ് ഉണ്ടാക്കിയിരുന്നു. അതിൽപിന്നെ ഈ നഗരം പ്രേതനാഗരമായി തന്നെ തുടർന്നു. ഇന്നും ഇവിടെ വൈദ്യുതി ലഭ്യമല്ല. റെയിൽഗതാഗതം രാമേശ്വരം വരെയും മാത്രം.


മീൻ വറുത്തത് കഴിച്ചിട്ട് സുഹൃത്തുക്കൾ തിരിച്ചെത്തിയിരിക്കുന്നു. അടുത്തത് നേരെ കാണുന്ന റയിൽവേ സ്റ്റേഷന്റെ കാഴ്‌ചകളിലേക്കാണ്. തൊട്ടടുത്ത് തന്നെ ഒരു ചെറിയ രാമക്ഷേത്രവും കണ്ടു. അവിടെ തന്നെ ശ്രീരാമൻ സീതാ ദേവിയെ രാവണന്റെ കൈകളിൽ നിന്ന് മോചിപ്പിക്കുവാൻ പോകുവാനായി നിർമിച്ച രാമസേതുവിൽ ഉപയോഗിച്ച കല്ലിന്റെ (വെള്ളത്തിൽ പൊങ്ങി കിടക്കുന്നത്) ഒരു ഭാഗവും ഇവിടെ കാണുവാൻ സാധിച്ചു. എന്നാൽ രാമസേതു എന്ന് പറയപ്പെടുന്ന ഭാഗം കടലിലെ ജലപ്രവാഹം നിമിത്തം പവിഴപ്പുറ്റുകളിൽ മണ്ണ് നിറഞ്ഞു രൂപപ്പെട്ടതാണെന്നു ശാസ്ത്രം പ്രതിപാദിക്കുന്നു. ഐതീഹ്യങ്ങൾ പലതാണെങ്കിലും വെള്ളത്തിന് മുകളിൽ ഉയർന്നു നിൽക്കുന്ന കല്ലുകൾ ഒരു വിസ്മയം തന്നെ !. അവിടെനിന്ന് നേരെ റയിൽവേ സ്റ്റേഷനിലേക്ക്. പള്ളി പോലെ തന്നെ, കാലം ഏല്പിച്ച മുറിവിന്റെ ബാക്കിപത്രമായി അതങ്ങനെ ഉയർന്നു നിൽക്കുന്നു. കാഴ്ചകളിൽ ഉടക്കി നിൽക്കുമ്പോൾ മഴയുടെ അടുത്ത വരവ്. ഞങ്ങൾ വേഗം വണ്ടി പാർക്ക് ചെയ്തിടത്തേയ്ക്ക് നടന്നു. ഇനി നേരെ ഹോട്ടലിലേക്ക്... കുറച്ചു നേരം വിശ്രമം. വൈകുന്നേരം ബാക്കി കാഴ്ചകൾ....

Dr.APJ മെമ്മോറിയൽ

കുറച്ചു നേരത്തെ വിശ്രമത്തിനു ശേഷം ഞങ്ങൾ ഇറങ്ങി. വൈകുന്നേരത്തെ ഞങ്ങളുടെ വഴികാട്ടി സൂര്യയുടെ മറ്റൊരു സുഹൃത്തായ ഹാറൂൺ ആണ്... Dr.APJ സാറിന്റെ കുടുംബക്കാരനുമാണ് കക്ഷി. പരിചയപെടലിന് ശേഷം ഞങ്ങൾ നേരെ അബ്ദുൽ കാലം സാർ അന്ത്യവിശ്രമം കൊള്ളുന്ന മെമ്മോറിയൽ ലക്ഷ്യമാക്കി യാത്ര തുടങ്ങി. ഹൈവേയിൽ തന്നെയാണ് സ്ഥലം. രാംനാഥ്‌ നിന്ന് വരുമ്പോൾ പാമ്പൻപാലം കഴിഞ്ഞു കുറച്ചു മുൻപോട്ട് വരുമ്പോൾ ഇടതുഭാഗത്തായി സ്ഥിതിചെയുന്നു.


നവീൻ പണ്ടിവിടെ വരുമ്പോൾ പണികൾ പുരോഗമിക്കുന്നതെയുള്ളയിരുന്നു. ഇപ്പോൾ പണികൾ ഏറെക്കുറെ പൂർത്തിയായിരിക്കുന്നു. ഹാറൂണും സൂര്യയും ഉള്ളതുകൊണ്ട് അകത്തുകയറുവാൻ ബുദ്ധിമുട്ടേണ്ടി വന്നില്ല. സന്ദർശകർ ഓർത്തിരിക്കേണ്ട ഒരു കാര്യം ഇത് ഫോട്ടോഗ്രാഫി നിരോധിത മേഖലയാണ്. മൊബൈൽ ഫോൺ പോലും എടുക്കാൻ അനുവാദമില്ല. അകത്തു നിരീക്ഷണത്തിന് ആളുകളും ക്യാമറകളും ഉണ്ടെന്നു ഓർക്കുക.

വിശാലമായൊരു സമുച്ചയം... അബ്ദുൽ കലാം സാറിന്റെ നിരവധി മെഴുകു/ പ്രതിമകൾ, അദ്ദേഹം ഉപയോഗിച്ചിരുന്ന സാധനസാമഗ്രഹികൾ, അദ്ദേഹത്തിന് ലഭിച്ച മെഡലുകൾ, അദ്ദേഹത്തിന്റെ നിരവധി ചിത്രങ്ങൾ, അദ്ദേഹം തണ്ടർ കൈയൊപ്പ് ചാർത്തിയ നിരവധി കണ്ടുപിടിത്തങ്ങളുടെ പകർപ്പുകൾ, മോഡലുകൾ അങ്ങനെ നീളുന്നു... നടുക്കായി അദ്ദേഹം അന്ത്യവിശ്രമം കൊള്ളുന്ന ഖബറിടം. രാമേശ്വരം എന്ന കൊച്ചുനഗരത്തിൽ ജനിച്ച ഒരു പാവപ്പെട്ട മനുഷ്യൻ ഒന്നുമില്ലായ്മയിൽ നിന്ന് തന്റെ അധ്വാനത്തിലും കഴിവിലുമായി ഇത്രെയും കാര്യങ്ങൾ ഇന്ത്യയ്ക്കും, ലോകത്തിനും സംഭാവന നല്കി, ഇന്ത്യയുടെ മിസൈൽ മനുഷ്യൻ, ജനങ്ങളുടെ പ്രസിഡണ്ട് എന്ന ഖ്യാതികൾ നേടി ! ഒന്നുമില്ലായ്മയിൽ നിന്ന് അദ്ദേഹത്തെ പോലെയൊരാൾക്ക് ഇത്രയും കെട്ടിപ്പെടുക്കാമെങ്കിൽ പല അവസരങ്ങളും കളഞ്ഞുകുളിക്കുന്ന നമ്മളെയോക്കെ എന്ത് ചെയണം? വളർന്നു വരുന്ന യുവതലമുറയ്ക്ക് ഏറ്റവും വലിയ പ്രചോദനമാണ് കലാം സാറിന്റെ ജീവിതവും ജീവിതവിജയങ്ങളും. പുറത്തേയ്ക്ക് ഇറങ്ങിയപ്പോൾ നല്ലൊരു പൂന്തോട്ടം നട്ടുപിടിപ്പിച്ചിരിക്കുന്നത് കണ്ടു. അദ്ദേഹം വികസിപിച്ചെടുത്ത റോക്കറ്റുകളുടെ മോഡലുകളും ഇവിടെ സ്ഥാപിച്ചിരിക്കുന്നു. കാഴ്ചകൾ എല്ലാം കണ്ടു കഴിഞ്ഞു ഞങ്ങൾ നേരെ പുറത്തേയ്ക്ക്, പാമ്പൻ പാലമാണ് ലക്‌ഷ്യം.

പാമ്പൻ പാലം

പാമ്പൻ ദ്വീപിനെ ഇന്ത്യൻ ഭൂഖണ്ഡവുമായി ബന്ധിപ്പിക്കുന്ന പാലമാണ് പാമ്പൻ പാലം. ഏകദേശം 2 കിലോമീറ്ററുകളോളം ദൂരമുള്ള ഇന്ത്യയിലെ ഏറ്റവും വലിയ കടൽപ്പാലം എന്ന ഖ്യാതിയും ഈ പാലത്തിനു തന്നെ. 1964ലെ ചുഴലിക്കാറ്റ് പിഴുതെറിഞ്ഞ ആദ്യ പാലത്തിന്റെ അവശിഷ്ടങ്ങളും ഇവിടെ കാണുവാൻ സാധിക്കും. അന്ന് തകർന്ന പാമ്പൻ പാലം, ചുരുങ്ങിയകാലം കൊണ്ട് പുതുക്കി പണിഞ്ഞത് ശ്രീ ഇ. ശ്രീധരൻ സാറാണ് എന്നത് മലയാളികൾക്കു അഭിമാനിക്കാനുള്ള ഒരു സംഭവമാണ്. കപ്പലുകൾ‌ക്ക് കടന്ന് പോകാൻ സൗകര്യമൊരുക്കി പകുത്ത് മാറാൻ കഴിയുന്ന രീതിയിലാണ് പാലത്തിന്റെ നിർമ്മാണം. പിന്നീടാണ് മറ്റുവാഹനങ്ങൾക്കായി സമാന്തരപാലം വരുന്നത്.


ട്രെയിൻ വരുന്നതും നോക്കിയുള്ള നിൽപ്പാണ്. അധികം വൈകാതെ ദൂരെ ട്രെയിൻ ശ്രദ്ധയിൽപ്പെട്ടു. ഈ സമയം കൊണ്ട് പാലത്തിൽ നല്ല തിരക്കും അനുഭവപ്പെട്ടുതുടങ്ങി. വളരെ പതുക്കെ മധുരൈ - രാമേശ്വരം പാസഞ്ചർ ട്രെയിൻ പമ്പൻപാലം കയറിത്തുടങ്ങി. വളരെ ശ്രദ്ധാപൂർവം വളരെ പതുക്കെയാണ് ട്രെയിൻ പാലം കടക്കുന്നത്. പച്ച നിറത്തിലുള്ള കടലിനെ സാക്ഷിയാക്കി ഡീസൽ ലോക്കോ പതിയെ പാമ്പൻ പാലം കടക്കുന്നതൊരു നല്ല കാഴ്ച തന്നെ. ഞാൻ ഓടി നടന്നു ഫോട്ടോ എടുപ്പ് തുടങ്ങി. കപ്പലുകൾക്ക് കടന്നുപോകുവാൻ ഉതകുന്ന, നടുവിലെ ലിഫ്റ്റ് ട്രെയിൻ കടക്കുന്ന ഫോട്ടോയും എടുത്ത് എല്ലാവരും അങ്ങനെ നിന്നു. ചിലർ ഫോട്ടോ എടുക്കുന്നു, ചിലർ വീഡിയോ... ഞങ്ങളെയെല്ലാം നിരീക്ഷച്ചുകൊണ്ടു പോലീസ് പട്രോൾ സംഘവുമുണ്ട്. പാലത്തിൽ അങ്ങിങ്ങായി അവരുടെ ഔട്പോസ്റ്റുകൾ കാണാവുന്നതാണ്. ട്രെയിൻ പൊയ്ക്കഴിഞ്ഞപ്പോൾ അടുത്തത് എങ്ങോട്ടെന്നായി ചോദ്യം. ഹാറൂൺ പറഞ്ഞതനുസരിച്ചു കുറച്ചു മാറി വിവേകാനന്ദ മെമ്മോറിയലിനു പിറകിലായി അധികമാരും പോകാത്ത ഒരു ബീച്ചിൽ പോകാം എന്നായി. ഞങ്ങൾ അവിടേക്ക് യാത്ര തുടർന്നു...

വൈകുന്നേര കാഴ്ചകളും Dr.APJസാറിന്റെ വീടും

അധികം വൈകാതെ ഞങ്ങൾ അവിടെ എത്തിച്ചേർന്നു. തികച്ചും ശാന്തമായ സ്ഥലം. ആരുമില്ല. അസ്തമായ സൂര്യകിരണങ്ങളിൽ ആകാശം സ്വർണനിറം അണിഞ്ഞിരിക്കുന്നു.


നല്ലൊരു മനോഹര അന്തരീക്ഷം. ഇളംകാറ്റിന്റെ അകമ്പടിയിൽ ഞങ്ങൾ അങ്ങേ അറ്റത്തേയ്ക്ക് നടന്നു തുടങ്ങി. കുറച്ചു ദൂരം മുൻപോട്ട് ചെന്നപ്പോൾ മുന്നേ പോയ സൂര്യയുടെ ഫോൺ, മുൻപോട്ട് നോക്ക്, ഇന്ത്യൻ കോസ്റ്റ് ഗാർഡിന്റെ ഹോവർക്രാഫ്റ്റ് അവിടെ ഡോക്ക് ചെയുന്നു എന്ന്. ആദ്യമായാണ് ഞാൻ ഹോവർക്രാഫ്റ്റ് കാണുവാൻ പോകുന്നത്. ഞങ്ങൾ നടത്തത്തിന്റെ വേഗത കൂട്ടി. അടുത്തേത്തിയപ്പോഴേക്കും പ്രതീക്ഷിച്ച പോലെ കോസ്റ്റ് ഗാർഡ് അംഗങ്ങൾ ഞങ്ങളുടെ വരവിന്റെ കാര്യം അന്വേഷിച്ചു അടുത്തുവന്നു. സൂര്യയും ഹാറൂണും കാര്യങ്ങൾ പറഞ്ഞപ്പോൾ ഞങ്ങളെ ഞങ്ങളുടെ ഇഷ്ടത്തിന് വിട്ടു ഞങ്ങളെ സാക്ഷിയാക്കി അവർ യാത്രയായി. കരയിൽ കിടന്ന വണ്ടി വായു നിറച്ചു കടലിലേക്ക് ഇറങ്ങി ശരവേഗത്തിൽ ചക്രവളങ്ങൾക്ക് അപ്പുറം എവിടെയോ പോയി മറയുന്ന കാഴ്ച കണ്ണിനും മനസിനും ഒരുപാട് സന്തോഷമേകി. ആകാശത്തിന്റെ ഒരുവശം അസ്തമയ സൂര്യകിരണങ്ങളിൽ കുളിച്ചു നിന്നപ്പോൾ എതിർദിശയിൽ കാർമേഘം ഉരുണ്ടുകൂടുന്നതും ഞങ്ങൾ ശ്രദ്ധിച്ചു. അസ്തമയം മുഴുവൻ ഞങ്ങൾക്ക് കണ്ടുനിൽക്കുവാനായില്ല, കാരണം മഴക്കാർ തന്നെ. അടുത്തെങ്ങും കയറി നില്ക്കാൻ ഒരു ഓലപ്പുര പോലുമില്ല ! കുറച്ചുനേരത്തിനു ശേഷം ഞങ്ങൾ പതിയെ തിരിച്ചു നടന്നു തുടങ്ങി. തിരിച്ചുപോരുവാൻ മനസ് സമ്മതിക്കാത്തവിധം അത്രമേൽ മനോഹരമായിരുന്നു അവിടം. തിരിച്ചു കാറിനു അടുത്തെത്തിയ ഞങ്ങൾ നേരെ കലാം സാറിന്റെ വീട്ടിലേക്ക് യാത്രയായി.


കുറച്ചു ദൂരമുണ്ട്, സാറിന്റെ വീട്ടിലേക്ക്.. ഞങ്ങൾ ചെല്ലുമ്പോൾ നേരം ഇരുട്ടിയിരുന്നു. ചവിട്ടുപടികൾ കയറി ഒന്നാം നിലയിലേക്ക് പ്രവേശിച്ചു. ഹാറൂൺ ഒരു ഗൈഡിനെ പോലെ നടന്നു ഞങ്ങൾക്ക് എല്ലാം വിശദീകരിച്ചു തരുന്നുണ്ട്. ധാരാളം പുസ്തകങ്ങളും, അദ്ദേഹത്തിന് ലഭിച്ച അവാർഡുകളും, സമ്മാനങ്ങളും മറ്റും അവിടെ പ്രദർശിപ്പിച്ചിരുന്നു. എല്ലാം സമയം എടുത്തു കണ്ടതിനു ശേഷം ഞങ്ങൾ ഭക്ഷണം കഴിച്ചിട്ട് അതുവഴി ഹോട്ടലിലേക്ക് യാത്രയായി. നന്നേ ക്ഷീണിച്ചിരിക്കുന്നു... മഴയുടെ ഇടപെടൽ കൂടെയായപ്പോൾ ഞങ്ങളെല്ലാം നനഞ്ഞിരുന്നു. വിശ്രമിക്കണം... നാളെ രമേശ്വരത്തു കുറച്ചു സ്ഥലങ്ങൾ കൂടെ കാണുവാൻ ഉണ്ട്... എന്നിട്ട് ഉച്ച കഴിഞ്ഞിട്ട് നേരെ മധുര, അവിടെ നിന്ന് ചെന്നൈയ്ക്ക് ബസ്...

Also Read:

25 views0 comments

Comments


bottom of page