top of page
Writer's pictureJoseph Thaipparambil

Part 01 : ധനുഷ്കോടി - വേളാങ്കണ്ണി യാത്ര

Updated: Nov 15, 2019

കുറച്ചു നാളായി മനസ്സിൽ താലോലിക്കുന്ന സ്വപ്നങ്ങളിൽ ഒന്നാണ് രാമേശ്വരം- ധനുഷ്കോടി യാത്ര. പല പല കാരണങ്ങളാൽ അതൊക്കെ മുടങ്ങിക്കൊണ്ടിരുന്നു... എല്ലാത്തിനും അതിന്റേതായ സമയം ഉണ്ടല്ലോ... ക്ഷമയോടെ കാത്തിരിക്കേണ്ടി വന്നു. അങ്ങനെയാണ് എന്റെ കോളേജ് സുഹൃത്തും, രമേശ്വരങ്കാരനുമായ സൂര്യ അവന്റെ ട്രിപ്പ് ഒക്കെ കഴിഞ്ഞു വന്നു എന്ന് പറഞ്ഞു വിളിക്കുന്നത്...



ആദ്യം വിളിച്ചപ്പോൾ വീട്ടിലെ കുറച്ചു പ്രശ്നങ്ങളാൽ പോകുവാൻ സാധിച്ചില്ല. ഈ ട്രിപ്പിനെ കുറിച്ച് അറിഞ്ഞപ്പോൾ കസിൻ സുജിനും താല്പര്യമായി. ഫണ്ട് റൈസിങ്‌ ഒരു പ്രധാന കടമ്പ ആണല്ലോ.. അങ്ങനെ ദിവാലി കഴിഞ്ഞതിന്റെ തൊട്ട് അടുത്ത ദിവസത്തേക്ക് യാത്ര പുറപ്പെടുന്ന വിധം ഞാൻ യാത്ര പ്ലാൻ ചെയ്തു. അറിയിച്ചപ്പോൾ സൂര്യയും ഓക്കെ പറഞ്ഞു...


Read my travelogue in ENGLISH

യാത്രയുടെ ആരംഭം

കാത്തിരിപ്പിന് ഒടുവിൽ യാത്രാദിനം വന്നെത്തി... രാവിലെ തന്നെ വീട്ടുകാരോട് യാത്ര പറഞ്ഞു ഞാൻ കസിന്റെ വീട്ടിലേക്ക് നടന്നു. സുജിന്റെ അനിയനാണ് ഞങ്ങളെ ചങ്ങനാശ്ശേരി റയിൽവേ സ്റ്റേഷനിൽ ഇറക്കാമെന്നു ഏറ്റിരിക്കുന്നത്. മുംബൈ നിന്നും കന്യാകുമാരി വരെ പോകുന്ന ജയന്തി ജനത എക്സ്പ്രസ്സ്-ൽ ആണ് യാത്ര ചെയ്യുവാൻ ഉദേശിക്കുന്നത്. അതാവുമ്പോൾ ഉച്ചയോടെ കന്യാകുമാരി എത്തും. ട്രെയിൻ ട്രാക്ക് ചെയ്‌തപ്പോൾ കൃത്യ സമയത്തു എത്തും എന്ന് കാണിച്ചു. അധികം സമയം കളയാനില്ല, നേരെ റെയിൽവേയിലേക്ക് യാത്ര തിരിച്ചു. സ്റ്റേഷനിൽ ടിക്കറ്റ് കൗണ്ടറിൽ ഒരു വൻ തിരക്കൂട്ടം. അന്വേഷിച്ചപ്പോൾ ഇപ്പോൾ അനൗൺസ് ചെയ്ത ട്രെയിനിന് ടിക്കറ്റ് എടുക്കാൻ നിൽക്കുന്നവരാണ് ഭൂരിപക്ഷവും. ട്രെയിൻ ആവട്ടെ, പ്ലാറ്ഫോമിലേക്ക് അടുത്ത് തുടങ്ങിയൊരിക്കുന്നു താനും ! അവസാന നിമിഷത്തെ ആ ഓട്ടം എടുത്തില്ലേ മലയാളി മലയാളി ആവുകേലല്ലോ ! സത്യം പറഞ്ഞാൽ ഞാൻ എന്റെ ജീവിതത്തിൽ ട്രെയിൻ യാത്രകൾ നടത്തിയത് വളരെ വളരെ കുറവാണ്. അതിന്റെ ഒരു അങ്കലാപ്പും ഉണ്ടേ. കസിന്റെ കാര്യം പിന്നെ പറയണ്ട... എന്റെ ബാക്കി ! അങ്ങനെ ടിക്കറ്റ് ഒക്കെ എടുത്ത്, അനിയനോട് യാത്രയും പറഞ്ഞു RPF പറഞ്ഞ പ്ലാറ്ഫോമിലേക്ക് ഞങ്ങൾ നടന്നു. ടിക്കറ്റ് എടുക്കാൻ നേരം കോട്ടയം എത്തിയ ട്രെയിൻ ഇതുവരെ കോട്ടയം വിട്ടിട്ടില്ല ! ഇനി ലോക്കോ പൈലറ്റ് ചായ കുടിക്കാനോ മറ്റോ പോയതാണോ? ഇങ്ങെനെയുള്ള ഓരോ ചിന്തകളുമായി പ്ലാറ്ഫോമിൽ കൂടെ ഉലാത്തുമ്പോൾ തൊട്ടടുത്ത് പരിചയമുള്ള ഒരു മുഖം. എന്റെ +2 സ്കൂൾ കാലഘട്ടത്തിലെ എന്റെ സഹപാഠിയും, ഞങ്ങൾ സ്നേഹപൂർവ്വം "സാഹിബ്" എന്ന് വിളിച്ചിരുന്ന (ഇപ്പോഴും അങ്ങനെ തന്നെ കേട്ടോ) ഞങ്ങളുടെ സ്വന്തം ബിലാൽ ! ആദ്യം ആൾക്ക് എന്നെ അങ്ങോട്ട് മനസിലായില്ല. കാടൻ താടിയും ചീവി ഒതുക്കാത്ത മുടിയുമൊക്കെയായി ആകെ ഒരു കിളി പോയ ലുക്കിലാണേ ഞാൻ. പക്ഷെ എന്തോ, എന്റെ ശബ്ദം കേട്ടപ്പോൾ അവനു എന്നെ മനസിലായി. അന്വേഷിച്ചപ്പോൾ കക്ഷിയും ഞാൻ കയറാൻ ഉദ്ദേശിക്കുന്ന ട്രെയിനിൽ തന്നെ, തിരുവനന്തപുരത്തെക്ക്; പാർട്ടി പരുപാടി ഉണ്ടത്രേ. കുറെ നാൾകൂടി കണ്ടതിന്റെ സന്തോഷവും പങ്കുവെച്ചു പരസ്പരം കത്തിയും വെച്ച് സമയം തള്ളി നീക്കി. അങ്ങനെ കാത്തിരിപ്പിന് വിരാമം ഇട്ടുകൊണ്ട് 07.30മണിയോടെ വണ്ടി ചങ്ങനാശ്ശേരി അടുക്കുന്നു എന്ന അറിയിപ്പ് കിട്ടി.

ട്രെയിൻ കയറി, പിറകിലത്തെ കോച്ച് ആണ് എടുത്തത്. വലിയ തിരക്കില്ല. തറയിൽ ഭക്ഷണങ്ങളുടെ അവശിഷ്ടങ്ങൾ അങ്ങിങ്ങായി കിടക്കുന്നു. അധികം വൈകാതെ ട്രെയിൻ നീങ്ങി തുടങ്ങി. കോളേജ് , സ്കൂൾ വിശേഷങ്ങൾ പങ്കുവെച്ചും, പാട്ടിന്റെ ലോകത്തിലേക്ക് തെന്നിയിറങ്ങിയും, വഴിയോര കാഴ്ചകൾ ആവോളം ആസ്വദിച്ചും, ക്യാമറയിൽ പകർത്തിയും യാത്രകൾ തുടർന്നു. കുറെ ദൂരം മുൻപോട്ട് പോയപ്പോൾ വണ്ടിയിൽ തിരക്ക് കൂടി വന്നു. ചിലയിടങ്ങളിൽ വളരെ വേഗത കുറച്ചും, ചിലയിടങ്ങളിൽ 90 കയറിയും ജയന്തി ജനത കന്യാകുമാരി ലക്ഷ്യമാക്കി കുതിച്ചുകൊണ്ടിരുന്നു. ചെറു ചാറ്റൽ മഴ എപ്പോഴോ ഞങ്ങളുടെ കൂടെ കൂടിയിരിക്കുന്നു. ഉറക്കത്തിന്റെ മടിത്തട്ടിലേക്ക് വഴുതിയ എന്നെ വിളിച്ചുനർത്തുവാൻ വന്നെത്തിയ പോലെ ! നല്ല തണുത്ത കാറ്റിന്റെ അകമ്പടിയിൽ ട്രെയിൻ പത്മനാഭന്റെ മണ്ണിനോട് അടുത്തുകൊണ്ടിരുന്നു. തിരുവനന്തപുരത്തു നിന്നും എന്റെ യാത്രയിൽ എന്നോടൊപ്പം മറ്റൊരാൾ കൂടി കൂടുന്നുണ്ട്...കോളേജിൽ എന്റെ സഹപാഠിയായൊരുന്ന നവീൻ. ഞങ്ങളുടെ കോച്ച് നമ്പറും, ഏകദേശ സ്ഥലവും എല്ലാം ഫോണിലൂടെ അറിയിച്ചിരുന്നു. അത് അനുസരിച്ചു കക്ഷി സ്റ്റേഷനിൽ കാത്തു നിന്നു. തിരുവനന്തപുരത്തു വെച്ച് ഞങ്ങൾ ബിലാലിനോട് യാത്ര പറഞ്ഞു. നവീൻ കോച്ച് കണ്ടുപിടിക്കുവാൻ അധികം ബുദ്ധിമുട്ടിയില്ല. ഞങ്ങളുടെ യാത്ര വീണ്ടും തുടർന്നു. കന്യാകുമാരിയുടെ മണ്ണിലൂടെയായി ഞങ്ങളുടെ യാത്ര. യാത്രാ വേളകളിൽ സുജിൻ പാട്ടുകളുടെ ലോകത്തിലാണ്. കന്യാകുമാരി കഴിഞ്ഞപ്പോൾ പ്രകൃതി വീണ്ടും സുന്ദരിയായത് പോലെ ! ഇപ്പോൾ ഞങ്ങൾ 3പേരും ഫോട്ടോ എടുക്കുന്ന തിരക്കിലാണ്. വിശന്നപ്പോൾ പ്രാതൽ ( എന്നൊക്കെ പറയാം) മേടിച്ചു. ഉപ്പ്മാവും വടയും സോസും. തരക്കേടില്ല എന്ന് പറയാം. ഫുഡും കഴിച്ചു വഴിയോര കാഴ്‌ചകളും കണ്ടു യാത്ര തുടർന്നു..

കന്യാകുമാരി

1250ഓടെ ട്രെയിൻ കന്യാകുമാരി റയിൽവേ സ്റ്റേഷനിൽ എത്തി. ബസ്സ്റ്റാൻഡിൽ ഞങ്ങൾ കാണിച്ചു കൂട്ടുന്ന പോലെ കുറച്ചു ഫോട്ടോഷൂട്ട് തന്നെ നടത്തി. കുറച്ചു അകലെ ഇതെല്ലാം കണ്ടുകൊണ്ടു ഒരാൾ നിൽക്കുന്ന കാര്യം ഞങ്ങൾ ആരും തന്നെ ശ്രദ്ധിച്ചില്ല. നമ്മടെ സ്വന്തം RPF... അഥവാ റയിൽവേ പോലീസ് !



മാന്യമായി തന്നെ ഞങ്ങൾ 3പേരെയും അടുത്ത് വിളിച്ചു. ക്യാമറ കൊടുക്കാൻ പറഞ്ഞു. കാര്യം അന്വേഷിച്ചപ്പോൾ ഫോട്ടോഗ്രാഫി നിരോധിത മേഖല ആണത്രേ. ഒള്ള ഊർജമെല്ലാം ആവിയായി പോയി ! വല്ലപ്പോഴും ട്രെയിനിൽ പോണം എന്ന് പറയുന്നതിന്റെ ഗുട്ടൻസ് ഇപ്പോഴാണ് പിടി കിട്ടിയത് ! ഫൈൻ അടക്കണം, നടക്ക് ഓഫീസിലേക്ക് എന്നായി പുള്ളി... കുറച്ചു പറഞ്ഞു നോക്കി, വിടുന്ന ലക്ഷണം ഒന്നുമില്ല... പിന്നെ അവസാനത്തെ ശ്രമം... കാലുപിടിച്ചു ! കുറച്ചു നേരത്തെ അധ്വാനം ഫലം കണ്ടു. മേലാൽ ആവർത്തിക്കരുത് എന്ന ചിരി നിറഞ്ഞ ശാസനയിൽ ക്യാമറ തിരിച്ചു തന്നു. ക്യാമറ കിട്ടിയതിന്റെ ആശ്വാസത്തിൽ ഞാൻ. ഫോട്ടോ പോകാത്തിന്റെ ആശ്വാസത്തിൽ ബാക്കി രണ്ട് പേരും ! ഇതേ കാര്യം പറഞ്ഞു സുഹൃത്തും, റെയിൽ ഫാനുമായ അൽബിച്ചന് മെസ്സേജ് അയച്ചപ്പോൾ വന്നത് rpfനെ കാൾ വലിയ വഴക്ക് !

അങ്ങനെ സംഭവബഹുലമായാ ആദ്യ സ്റ്റോപ്പ് താണ്ടിയതിന്റെ ആശ്വാസത്തിൽ ഞങ്ങൾ പുറത്തേക്ക് നടന്നു. അപ്പോൾ നവീന് റയിൽവേ സ്റ്റേഷൻ ബാക്ക്ഗ്രൗണ്ട് ആക്കി ഫോട്ടോ വേണം പോലും ! ആകെ തരിച്ചു നീക്കുമ്പോൾ ഇതൊക്കെ എങ്ങനെ സാധിക്കുന്നെടാ നിനക്ക് എന്ന് ചോദിച്ചപ്പോൾ വളിച്ച ചിരിയും! ഞങ്ങൾ കന്യാകുമാരി എത്തിയ വിവരം സൂര്യയെ വിളിച്ചു അറിയിച്ചു. അവൻ അയച്ച വണ്ടി ഏകദേശം 2 മണിയോടെ ഇവിടെ എത്തും എന്നാണ് അറിയിച്ചത്. തിരുവള്ളുവർ statue വ്യൂപോയിന്റ് നു അടുത്തായി കാത്തുനിന്നാൽ മതിയെന്നും, അവിടെ ആൾ എത്തും എന്നും അറിയിച്ചു. സമയം ഇനിയും ഉണ്ട്. ഭക്ഷണം കഴിച്ചിട്ട് ആവാം ബാക്കി പരിപാടികൾ എന്ന് തീരുമാനിച്ചു. അടുത്ത് കണ്ട കടയിൽ കയറി ഫ്രൈഡ് റൈസ് കഴിച്ചു നേരെ ഗാന്ധി മണ്ഡപം ലക്ഷ്യമാക്കി നടന്നു. കേരളാ ടൂറിസം ഗൈഡ് ആയ നവീൻ ഇപ്പോൾ ഞങ്ങളുടെ ഗൈഡാണ്. ഓരോ കാര്യങ്ങളും വിശദീകരിച്ചു തന്നുകൊണ്ട് നേരെ ഗാന്ധി മണ്ഡപത്തിലേക്ക്. ചെരുപ്പുകൾ ഇട്ടു ഇവിടെ പ്രവേശനം സാധ്യമല്ല.



ചെരുപ്പുകൾ സൂക്ഷിക്കുവാനായി പ്രത്യേകം ഇടങ്ങൾ ഉണ്ട്. അവിടെ ചെരുപ്പുകൾ ഏല്പിച്ചു വേണം അകത്തേക്ക് കടക്കുവാൻ. മഹാത്മാ ഗാന്ധിജിയുടെ ചിതാഭസ്മം സൂക്ഷിച്ചിരുന്ന സ്ഥലത്താണ് ഇപ്പോൾ ഗാന്ധി മണ്ഡപം ഉയർന്നു വന്നിരിക്കുന്നത്. മഹാത്മായുടെ ജീവിത മാർഗങ്ങളും, വിവിധ ചിത്രങ്ങളും മറ്റും ഇവിടെ പ്രദർശിപ്പിച്ചിരിക്കുന്നു.. ഇവിടുത്തെ സന്ദർശനം കഴിഞ്ഞു ബോട്ട് മാർഗം തിരുവള്ളുവർ പ്രതിമ കാണാൻ പോകണം എന്നായിരുന്നു ഉദ്ദേശം എങ്കിലും, കടൽ പ്രക്ഷുബ്ദമാകയാൽ ബോട്ടിംഗ് നിർത്തി വെച്ചിരിക്കുന്നു എന്ന് അറിയാൻ കഴിഞ്ഞു.



വണ്ടി വരുവാൻ ലേറ്റ് ആവും എന്നറിയിച്ചതിനാൽ ആണ് ഇങ്ങനെ പ്ലാൻ ചെയ്തത് എങ്കിലും അത് നടന്നില്ല. കുറച്ചു നേരം മണ്ഡപത്തിൽ കഴിഞ്ഞതിനു ശേഷം ഞങ്ങൾ വീണ്ടും പുറത്തേയ്ക്ക്. തീരത്തോട് ചേർന്നുള്ള സ്ഥലത്തു കുറച്ചു ഫോട്ടോ എടുത്തു നടന്നപ്പോൾ വന്നു സൂര്യയുടെ വിളി, വണ്ടി അവിടെ എത്തി എന്നും, ഞങ്ങൾ എവിടെ എന്നും അന്വേഷിച്ചു. ലൈവ് ലൊക്കേഷൻ ഷെയർ ചെയ്തു കൊടുത്തതിനു ശേഷം ഞങ്ങൾ ഗാന്ധി മണ്ഡപത്തിനടുത്ത് കാത്തു നിൽക്കാം എന്ന് അറിയിച്ചു. അതും പ്രകാരം ഞങ്ങൾ ഗാന്ധിമണ്ഡപതിനു അടുത്തേക്ക് നടന്നു.

തിരക്കേറിയ ഇടവഴിയിൽ കണ്ടു പരിചയിച്ച ഒരു മുഖം, സൂര്യയുടേത് തന്നെ... അവൻ ഞങ്ങളെ കണ്ടിട്ടില്ല, പക്ഷെ അവന്റെ സുഹൃത്തു ഞാൻ കൈ ചൂണ്ടുന്നത് കണ്ടു ഞങ്ങളെ തിരിച്ചറിഞ്ഞു. ! എന്ത് പറയണം എന്ന് അറിയാത്ത നിമിഷം ! ഞങ്ങളെ കൂട്ടികൊണ്ട് പോകുവാണ് രമേശ്വരത്തു നിന്നും വന്നിരിക്കുന്നു അവൻ ! സർപ്രൈസ് നൽകാനുള്ള വരവ് ആണെന്ന് !! രാവിലെ ഇറങ്ങിയതാണ് സൂര്യയും സുഹൃത്തും.. ...ആകാശം ഇരുണ്ട് തുടങ്ങിരിക്കുന്നു, ഏത് നിമിഷവും മഴ പെയ്യാം.



ഞങ്ങൾ നേരെ വണ്ടി ലക്ഷ്യമാക്കി നടന്നു. അടുത്ത ലക്‌ഷ്യം രാമേശ്വരം.. കന്യാകുമാരിയിൽ നിന്ന് ഏകദേശം 4-5 മണിക്കൂർ യാത്രയുണ്ട് രമേശ്വരത്തിനു. തിരക്ക് അധികം ഇല്ലാത്ത റോഡിലൂടെ ഞങ്ങളുടെ കാർ മൂളിപ്പാഞ്ഞു. വിശേഷങ്ങൾ അന്വേഷിച്ചും, കുശലം പറഞ്ഞും, പ്രകൃതി ഭംഗി ആസ്വദിച്ചും യാത്ര തുടർന്നു.... ഏകദേശം രാത്രി 09.30മണിയോടെ ഞങ്ങൾ രാമേശ്വരം എത്തി. ഹോട്ടലിൽ കയറി ബാഗ് വെച്ച് ഫ്രഷായി നേരെ കഴിക്കാനായി പുറത്തേക്ക്. രാവിലെ തന്നെ യാത്രകൾ ആരംഭിക്കണം എന്ന് സൂര്യ ഓർമിപ്പിച്ചു. നല്ല ക്ഷീണമുണ്ട് എല്ലാവര്ക്കും. കട്ടിലിലേക്ക് വീണതും നിദ്രയുടെ നീരാളികൈകളിൽ ഞങ്ങൾ എപ്പോഴോ വീണുകഴിഞ്ഞിരുന്നു....


Read the travelogue in : ENGLISH


Also Read :


30 views0 comments

Comments


bottom of page