top of page
Writer's pictureJoseph Thaipparambil

തെക്കിന്റെ കാശ്മീരിലേക്ക് ഒരു യാത്ര.. Part 02



ഉറക്കം എഴുന്നേൽക്കുമ്പോൾ സമയം 07 മണി. നിലത്തേക്ക് കാല് കുത്തുമ്പോൾ തണുപ്പ് ഉള്ളംകാലിൽ തരിച്ചു കയറുന്നു… കുളിക്കണം എന്ന് ഉണ്ടായിരുന്നു എങ്കിലും, ഈ തണുപ്പിൽ കുളിച്ചാൽ എങ്ങനെ ഉണ്ടാവും എന്ന് നല്ല ബോധ്യം ഉണ്ടായിരുന്നതിനാൽ വേണ്ട എന്ന് വെച്ചു. തലേന്ന് രാത്രി കുളിച്ചിട്ടാണല്ലോ ഇറങ്ങിയത്… അപ്പോൾ കുഴപ്പമില്ല.. കൈയും മുഖവും കഴുകാൻ തന്നെ മടിയായിരുന്നു. ഒരുവിധം എല്ലാവരും ഫ്രഷ്-ആപ്പ് ആയി റെഡി ആയി . മുറി ചെക്ക്-ഔട്ട് ചെയ്തു വണ്ടി പാർക്ക് ചെയ്തയിടത്തേക്ക് നടന്നു. പ്രാതൽ എവിടുന്നു കഴിക്കണം എന്ന ആലോചനയിലാണ് എല്ലാവരും.. കുറച്ചു മുന്നോട്ടു പോയി കഴിക്കാം എന്ന് ഉറപ്പിച്ചു വണ്ടി എടുത്തു… മാട്ടുപ്പെട്ടി ഡാമിലേക്കുള്ള വഴി തിരിയുന്നിടത്തു തന്നെ ഒരു ഹോട്ടൽ കണ്ടു വണ്ടി നിറുത്തി. മൂന്നാർ ടൗണിൽ വണ്ടി ഒതുക്കുക എന്നത് ശ്രമകരം ആണല്ലോ…വെജിറ്റേറിയൻ ഹോട്ടൽ. അത്യാവശ്യം വൃത്തിയുമുണ്ട്. എല്ലാവരും മസാലദോശ വാങ്ങി കഴിച്ചു. നല്ല ഭക്ഷണം. ജോലിക്കാരും മാന്യർ. പെട്ടന്നു തന്നെ ഭക്ഷണം കഴിച്ചു ഇറങ്ങി ബില്ല് നൽകാൻ നേരം അടുത്തുള്ള സ്ഥലങ്ങളെക്കുറിച്ചു സുഹൃത്തു അവരോട് അന്വേഷിച്ചു. സ്ഥിരം കേട്ട് പഴക്കം വന്ന ഈ ചോദ്യങ്ങളോട് അവരുടെ പ്രതികരണം ഒരു പ്രിന്റഡ് പേപ്പർ നൽകിയായിരുന്നു.. ഒരു വശത്തു അടുത്ത് കാണാൻ ഉള്ള സ്ഥലങ്ങളുടെ പേരും റൂട്ട് മാപ്പും, മറുവശത്തു അവരുടെ ഹോട്ടലിന്റെ പരസ്യവും.. ഒരു വെടിക്ക് രണ്ടു പക്ഷികൾ… ഇങ്ങനെയുള്ള ബിസിനസ് തന്ത്രങ്ങൾ വിനോദ സഞ്ചാര മേഖലകളിൽ സാധാരണമാണല്ലോ..


ഭക്ഷണം കഴിഞ്ഞു ഞങ്ങൾ പുറത്തിറങ്ങി. ഞങ്ങൾ പാർക്ക് ചെയ്തതിനു മുന്നിലും പിന്നിലുമായി രണ്ടു വണ്ടികൾ അടുപ്പിച്ചു പാർക്ക് ചെയ്തിരിക്കുന്നു. നന്നേ കഷ്ടപ്പെട്ടു, വണ്ടി പുറത്തു എടുക്കുവാൻ. മൂന്നാർ നഗരം ഉണർന്നു തുടങ്ങിയിരിക്കുന്നു. തണുപ്പിന്റെ പടലം നഗരം എങ്ങും വ്യാപിച്ചു കിടക്കുകയാണ്.. ഗൂഗിൾ പറഞ്ഞ വഴിയിലൂടെ ഞങ്ങൾ പതിയെ മാട്ടുപ്പെട്ടി ഡാം ലക്ഷ്യമാക്കി യാത്ര തുടങ്ങി. വണ്ടിയിൽ ആകെ ഒരു ഉത്സവ പ്രതീതി. ധാരാളം വളവും ചെരിവുമുള്ള റോഡ്.. വീതി അധികമില്ല. എതിരെ ഒരു വലിയ വാഹനം വന്നാൽ ഗതാഗതം കുരുങ്ങുന്ന റോഡ്. റോഡിന്റെ അവസ്ഥയും അത്ര നന്നല്ല. ചിലയിടങ്ങളിൽ പൊടി ശല്യം രൂക്ഷം. അതിരാവിലെ മൂന്നാർ വ്യൂ-പോയിന്റ് സന്ദർശിച്ചു തിരികെ ചുരം ഇറങ്ങുന്നവരെയും കാണാൻ സാധിച്ചു. അടുത്ത തവണ പോകുമ്പോൾ സൂര്യയോധയത്തിനു മുൻപേ ടോപ് സ്റ്റേഷൻ വ്യൂ പോയിന്റിൽ പോയി ഉദയവും, മേഘ പടലങ്ങൾ താഴ്വാരങ്ങളെ മൂടികൊണ്ടു കാഴ്ചക്കാരനു കൗതുകവും, ഉന്മേഷവും പകരുന്ന ആ കാഴ്ച്ച കാണണം എന്ന് ഞാൻ ഉറപ്പിച്ചു. കുറച്ചു ദൂരം മുൻപോട്ട് പോയപ്പോൾ മാട്ടുപ്പെട്ടി ഫോട്ടോ പോയിന്റ് എന്ന് ഗൂഗിൾ രേഖപ്പെടുത്തിയ സ്ഥലത്തു എത്തി. വീതി കുറഞ്ഞ സ്ഥലം എങ്കിലും ഒരു വശത്തു കുറച്ചു കടകൾ. ഹോം മെയ്ഡ് ചോക്ലേറ്റ്, വൈൻ തുടങ്ങിയവ വിൽക്കുന്നവ. അതിനു അടുത്തായി വണ്ടി ഒതുക്കി കുറച്ചു ഫോട്ടോ എടുത്തു.


10 മിനിറ്റ് അവിടെ ചിലവഴിച്ച ശേഷം ഞങ്ങൾ വീണ്ടും യാത്ര തുടർന്നു.ഏകദേശം 1030-1100 മണിയോടെ ഞങ്ങൾ മാട്ടുപ്പെട്ടി ഡാമിൽ പ്രവേശിച്ചു.. ഇടുക്കി ജില്ലയിൽ, മുന്നറിന് അടുത്തായി, ദേവികുളം പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഡാം ആണിത്. പെരിയാറിന്റെ പോഷക നദിയായ മുതിരപുഴയറിലാണ് ഡാമിന്റെ സ്ഥാനം. വൈദ്യുതി ഉല്പാദനത്തിനും, സംഭരണത്തിനുമായി നിർമ്മിച്ചിട്ടുള്ള കോൺക്രീറ്റ് ഗ്രാവിറ്റി അനക്കെട്ടാണിത്. ഡാമിന് മുകളിൽ ആളുകളുടെ പ്രവാഹം.. പാർക്കിങ്ങിൽ വണ്ടി കയറ്റാതെ നേരെ മുൻപോട്ട് പോയി, ഡാം കടന്നു കുറച്ചുകൂടെ മുകളിൽ കയറി വണ്ടി ഒതുക്കി . അവിടെ നിന്നും ഡാമിന്റെ വശ്യമനോഹാരിത കാണുവാനും ആസ്വദിക്കാനും കഴിയും. കുറച്ചു നേരം ഞങ്ങൾ അവിടെ ചിലവഴിച്ചു. ഇവിടെ വണ്ടിയുമായി വരുമ്പോൾ, ഡാം നടന്നു കാണുവാനും, സമയം ചിലവഴിക്കുവാനും താല്പര്യമുള്ളവർ കഴിവതും പാർക്കിങ്ങിൽ വണ്ടി ഇടുക, കാരണം, റോഡിനു നന്നേ വീതി കുറവാണു. ഞങ്ങളുടെ ലക്ഷ്യം ഡാമിൽ ഒരു ബോട്ടിംഗ് എന്നതായിരുന്നു . അതിനാൽ തന്നെ, കുറച്ചു നേരത്തെ ഫോട്ടോ എടുപ്പിനു ശേഷം ഞങ്ങൾ വീണ്ടും യാത്ര തുടർന്നു. വിശാലമായ ഒരു എൻട്രി, അതാണ് ബോട്ടിംഗ് പോയിന്റ് എൻട്രി.. ചെറിയ വാഹനം ആയതിനാലും, പുറത്തു ഒതുക്കാൻ പറ്റിയ സ്ഥലം കിട്ടിയതിനാലും ഞങ്ങൾ വാഹനം പുറത്തു പാർക്ക് ചെയ്തു. അകത്തു പേ ആൻഡ് പാർക്ക് ആണ്.. വലിയ ബസുകൾക് വരെ സുഖമായി പാർക്ക് ചെയ്യാം. ഞങ്ങൾ കയറി എൻട്രൻസ് ഫീ അടച്ചു ടിക്കറ്റ് വാങ്ങി.. ക്യാമറയ്ക്കും ഉണ്ട് ചാർജ്. സെക്യൂരിറ്റി കാണിച്ചു തന്ന വഴിയിലൂടെ ഞങ്ങൾ താഴേക്ക് ഇറങ്ങി, അവിടെയാണ് ബോട്ടിങ്ങിനുള്ള ടിക്കറ്റ് നൽകുന്ന കൌണ്ടർ. വളരെ വൃത്തിയായി സൂക്ഷിച്ചിരുന്നു സ്ഥലം എല്ലാം. ഒരു ക്ലാസ് ഫിനിഷ് എന്ന് പറയാം. സഞ്ചാരികൾ ധാരാളം വരുന്നുണ്ട്.. കൂടുതലും വടക്കേ ഇന്ത്യക്കാർ… സ്പീഡ് ബോട്ട്, ഹൈ-സ്പീഡ് ബോട്ട്, വലിയ വള്ളം ഒക്കെയുണ്ട് ഇവിടെ, ഓരോന്നിനും ഓരോ നിരക്കുകൾ. ഞങ്ങൾ വേഗം പോയി കൗണ്ടറിൽ സ്പീഡ്-ബോട്ട് ടിക്കറ്റ് നിരക്ക് അന്വേഷിച്ചു ; നിരക്ക് 150 രൂപ, 15 മിനിറ്റ് ഡാമിന് മുകളിലൂടെ യാത്ര..ടിക്കറ്റ് അന്വേഷിച്ചപ്പോൾ, 1 മണിക്കൂർ താമസം ഉണ്ട് എന്നു അറിഞ്ഞു. ടിക്കറ്റ് എടുക്കാൻ തന്നെ ഞങ്ങൾ തീരുമാനിച്ചു. പേര്, ഫോൺ നമ്പർ എന്നിവ കൌണ്ടറിൽ നൽകേണ്ടതാണ്. ടിക്കറ്റ് എന്ന് കേൾക്കുമ്പോൾ ബസിൽ കിട്ടുന്ന ടിക്കറ്റ് പോലെ ചെറുത് എന്ന് കരുതരുത് കേട്ടോ, ഒരു A4 പേപ്പർ ആണ് ടിക്കറ്റ്, കൂടാതെ ഒരു ചെറിയ പേപ്പറിൽ നമ്മുടെ ടോക്കൺ നമ്പറും. ടിക്കറ്റുമായി ഞങ്ങൾ വീണ്ടും താഴേക്ക്. സമയം ഉള്ളത് കൊണ്ട് കുറച്ചു ചിത്രങ്ങൾ പകർത്തുകയാണ് ലക്ഷ്യം. ഒരു 30 മിനിറ്റ് സമയം ഞങ്ങൾ അവിടെ ചിലവഴിച്ചതിനു ശേഷം നേരെ ബോട്ടിംഗ് പോയിന്റ് ലക്ഷ്യമാക്കി നടന്നു.


Image courtesy : Google

വെയിൽ ഉറച്ചു തുടങ്ങിയിരിക്കുന്നു. ബോട്ടിംഗ് പോയിന്റിൽ അത്യാവശ്യം നല്ല തിരക്ക് അനുഭവപ്പെടുന്നു. ലൈഫ് ജാക്കറ്റ് നൽകുന്ന ഇടത്തേക്ക് പോയി ടിക്കറ്റ് കാണിച്ചു. അവിടെ ഉണ്ടായിരുന്ന ചേച്ചി , സമയം ആയിട്ടില്ല എന്നും, ഇവിടെ തന്നെ കാണണം എന്നും മാന്യമായി മറുപടി നൽകി. വെയ്റ്റിംഗ് സമയം ഇനിയും ഉള്ളത് കൊണ്ട്, ഡാമിൽ ചീറിപ്പായുന്ന ബോട്ടുകളുടെ ചിത്രങ്ങളും മറ്റും പകർത്തി ഞാൻ നിന്നു.. സുഹൃത്തുക്കൾ അങ്ങിങ്ങായി നിൽക്കുകയാണ്.. നിന്ന് നിന്ന് ബോറടിക്കാൻ തുടങ്ങിയെന്ന് വ്യെക്തം. ഞങ്ങളെ കൂടാതെ വേറെയും ചിലർ ബോട്ടിങ്ങിനായി വെയിറ്റ് ചെയുന്നു. ചിലർ കുടുംബത്തോടൊപ്പം, ചിലർ സുഹൃത്തുക്കളോടൊപ്പം, ചിലർ ഒറ്റയ്ക്.. ഭൂരിഭാഗം പേരും വടക്കേ ഇന്ത്യക്കാർ. ഹൈ-സ്പീഡ് ബോട്ട് പോയിന്റിലും ഇതേ തിരക്ക് കാണുവാൻ സാധിച്ചു. ചിലർ ബോട്ടിൽ കയറുമ്പോൾ ആവേശം കൊള്ളുന്നു, ചിലർക്കു അത്ഭുതം, വേറെ ചിലർ ആവട്ടെ പേടിയോടെ ആണ് കയറുന്നത്. ലൈഫ് ജാക്കറ്റ് കൗണ്ടറിൽ ( അങ്ങനെ പറയത്തക്ക ഒരു കൗണ്ടർ അല്ലാട്ടോ, ഒരു ചെറിയ തട്ടിക്കൂട്ട്), ഇപ്പോൾ ഒരു ചേട്ടൻ ആണ് ഇരിക്കുന്നത് ; ഇനിയും ഏകദേശം എത്ര സമയം കാത്തിരിക്കണം എന്ന് അറിയാൻ ചോദിച്ചപ്പോൾ ഉള്ള മറുപടി ” ആദ്യമേ പറഞ്ഞതല്ലേ, ഒരു മണിക്കൂർ താമസം ഉണ്ടെന്ന്, പിന്നെ എന്തിനാ വീണ്ടും വീണ്ടും ചോദിക്കുന്നത്”. ഞങ്ങൾ ഇപ്പോൾ നില്ക്കാൻ തുടങ്ങിയിട്ടു ഒരു മണിക്കൂർ അടുത്തിരിക്കുന്നു.. ഒരു സംശയം ചോദിക്കുമ്പോൾ ഇങ്ങനെ ആണോ മറുപടി കൊടുക്കേണ്ടത്? ഇവിടെ വരുന്നവർ ആരും താങ്കളുടെ ക്ഷണം സ്വീകരിച്ചു വരുന്നവർ അല്ല എന്നും, ക്യാഷ് മുടക്കി തന്നെയാണ് വന്നതും എന്നും പറയാൻ തോന്നി. ട്രിപ്പിന്റെ രസം കൊല്ലണ്ടല്ലോ എന്ന് കരുതി ആരും മിണ്ടിയില്ല. ( പ്രതികരിക്കാഞ്ഞതിൽ കുറച്ചു സങ്കടം ഉണ്ട് താനും!) . പിന്നെയും കുറച്ചു നേരത്തെ കാത്തിരിപ്പിന് ശേഷം ഞങ്ങൾക് ലൈഫ് ജാക്കറ്റ് ലഭിച്ചു. അതും കെട്ടി ബോട്ട് പോയിന്റിൽ പോയി കുറച്ചു നേരം ഞങ്ങൾ വെയിൽ കാഞ്ഞു .


ഞങ്ങൾക്കുള്ള സ്പീഡ് ബോട്ട് അപ്പോൾ ഡോക്ക് ചെയ്തിരുന്നു. ഓരോരുത്തരായി ബോട്ടിലേക്ക് കയറി, എല്ലാവരും സന്തോഷത്തിലാണ്, ബോട്ടിന്റെ സാരഥി ആവട്ടെ, യുവാക്കളുടെ പൾസ് അറിയുന്ന കൂട്ടത്തിലും… അധികം വൈകാതെ തന്നെ ബോട്ട്-യാത്ര തുടങ്ങി.. ഓളപ്പരപ്പുകളെ കീറിമുറിച്ചു കൊണ്ട് ഞങ്ങളുടെ ബോട്ട് പാഞ്ഞു.. ഞാൻ മൊബൈലിയിൽ വീഡിയോ എടുക്കുവാൻ തുടങ്ങി, സുഹൃത്തുക്കൾ ചിത്രങ്ങൾ പകർത്തുവാനും… ഡാമിന്റെ നടുക്ക് എത്തിയപ്പോൾ സാരഥി ഞങ്ങളെ എല്ലാം ഒരുമിച്ച് ഒരു ഫോട്ടോ എടുത്തു തന്നു, അപ്പോളും ബോട്ട് ശര-വേഗത്തിൽ പായുകയാണ്.. ഓരോ സൈഡിലേക്കും ബോട്ട് ചരിച്ചു പരമാവധി ചായ്ച്ചു തെറിക്കുന്ന ജലകണങ്ങൾ ബാക്ക്ഗ്രൗണ്ട് ആക്കിയും ചിത്രങ്ങൾ എടുത്തു തരാൻ അദ്ദേഹം മറന്നില്ല…. നല്ല ഐസ് കട്ടയുടെ തണുപ്പാണ് ഡാമിലെ വെള്ളത്തിന്.. വശങ്ങളിൽ നിബിഡ വനം.. ഒരുകാലത്ത് ഇവിടം ഒരുപക്ഷെ നിബിഡവനം ആയിരുന്നിരിക്കാം. ഇന്ന് ജലത്തിന് അടിയിൽ ചിലപ്പോൾ അവയുടെ അവശേഷിപ്പുകളും കണ്ടേക്കാം.. ഓളപ്പരപ്പുകളിലൂടെ ബോട്ട് ചീറിപ്പാഞ്ഞുകൊണ്ടിരുന്നു. ഒരു പ്രത്യേക അനുഭവം തന്നെയാണ് ഇത്. ഡാം സന്ദർശിക്കാൻ വരുന്നവർ ഉറപ്പായും ബോട്ട് യാത്ര കൂടെ ആസ്വദിക്കേണ്ടതാണ്..


15 മിനുറ്റ് നീണ്ടു നിന്ന യാത്രക്ക് ശേഷം ഞങ്ങൾ കരയ്ക്ക് അടുത്തു. പേര് അറിയാത്ത ആ ചേട്ടനു നന്ദിയും പറഞ്ഞു ഞങ്ങൾ തിരികെ നടന്നു, വണ്ടി പാർക്ക് ചെയ്തയിടത്തെക്ക്. ടോപ് സ്റ്റേഷൻ വ്യൂ പോയിന്റ് ആണ് അടുത്ത ലക്ഷ്യം. പകൽ സമയത്തു ( നട്ടുച്ച സമയം എന്ന് പറയുന്നതാവും ശെരി) അവിടെ താഴ്വരകളുടെ സൗന്ദര്യം മാത്രമേ ഉള്ളു എന്ന് അറിയാമായിരുന്നു. എങ്കിലും പോയേക്കാം എന്ന് തീരുമാനിച്ചു. വണ്ടി നേരെ ടോപ് സ്റ്റേഷൻ ലക്ഷ്യമാക്കി നീങ്ങി. രാവിലത്തെ പ്രാതൽ മാത്രമാണ് ഞങ്ങളുടെ ഇതുവരെയുള്ള ആഹാരം. വേറെ ഒന്നും കഴിച്ചിട്ടില്ല. ടോപ് സ്റ്റേഷൻ റോഡും മോശം അവസ്ഥയിൽ തന്നെ. ചിലയിടത്തു റോഡിന്റെ അവസ്ഥ വളരെ കഷ്ടം തന്നെ, ലോ-ഗ്രൗണ്ട് ക്ലീയറെൻസ് ഉള്ള വണ്ടികൾ വളരെ ശ്രദ്ധിച്ചേ ഇതിലെ പോകാവൂ. മറ്റൊരു പ്രധാന കാര്യം ഉള്ളത് നെറ്റ്‌വർക്ക് കവറേജ് ആണ്.. ജിയോ, വോഡഫോൺ, ഐഡിയ എന്നീ ഓപ്പറേറ്റർസ്നു ഇവിടെ കവറേജ് തീരെ ഇല്ല എന്ന് തന്നെ പറയാം, എന്നാൽ bsnl അവിടെ ഇവിടെയായി കിട്ടുന്നുണ്ട്.. റേഞ്ച് പോകും മുന്നേ തന്നെ വീട്ടുകാരെ/ വേണ്ടപ്പെട്ടവരെ വിളിച്, പോകുന്ന സ്ഥലവും, റേഞ്ച് ലഭ്യതയെയും കുറിച്ച് പറയുന്നത് ഒരു മുൻകരുതൽ എന്ന നിലയിൽ നല്ലതാണു എന്നാണെന്റെ അഭിപ്രായം.


ഞങ്ങൾ ടോപ്പ് സ്റ്റേഷനിൽ എത്തുമ്പോൾ ഉച്ച കഴിഞ്ഞിരുന്നു. വണ്ടി പാർക്ക് ചെയ്യുവാൻ കുറച്ചു പാട് പെട്ടു. വണ്ടി പാർക്ക് ചെയ്തു ഞങ്ങൾ ഇറങ്ങി. വ്യൂ പോയിന്റിലേക്ക് കുറച്ചു നടക്കാനുണ്ട്. വഴിയരികിൽ കുറച്ചു ചെറിയ കടകൾ, ഒന്ന് രണ്ടു ഹോട്ടലുകൾ. കടകളിൽ പ്രധാനമായും, തേൻ, വൈൻ, ഉപ്പിലിട്ട മാങ്ങാ ഒക്കെയാണ് കച്ചവടം. കുറച്ചു നടന്നതിന് ശേഷം ടോപ് സ്റ്റേഷൻ വ്യൂ പോയിന്റ് എൻട്രൻസ് എത്തി. വലിയ കവാടം ഒന്നുമല്ല. അവിടെ നിന്നും ടിക്കറ്റ് എടുത്ത് വീണ്ടും താഴേക്ക്. എല്ലാവരും ഒരുവിധം ക്ഷീണിച്ചു തുടങ്ങിയിരുന്നു. എങ്കിലും കാര്യമാക്കാതെ ഇറക്കം തുടർന്നു.. വെയിലിന് അധികം ചൂടില്ല.. കൂടെ ഇറങ്ങാനും, എതിരെ കയറാനും ധാരാളം ആളുകൾ. കുരങ്ങുകളും ഉണ്ടിവിടെ, എന്നാൽ ആളുകളുടെ സാധങ്ങൾ തട്ടിപ്പറിക്കുന്നതായി ശ്രദ്ധയിൽ പെട്ടില്ല.. ഇടയിൽ ഒരു ചെറിയ ഷെൽട്ടർ കാണുവാൻ സാധിച്ചു. തിരികെ കയറി വരുന്നവർ ക്ഷീണിക്കുമ്പോൾ വിശ്രമിക്കാൻ വേണ്ടിയാണിത്. ശ്രദ്ധാപൂർവം വേണം ഇറങ്ങാൻ, ചിലയിടങ്ങളിൽ ചെരുപ്പ് വഴുതുന്നു…. അങ്ങനെ ഞങ്ങൾ വ്യൂ പോയിന്റിൽ എത്തി. അവിടെ നിന്നാൽ താഴ്വാരങ്ങളുടെ മനോഹാരിത കാണുവാൻ സാധിക്കും. ഇവിടെ പുലർച്ചെ എത്തുന്നതാണ് ഉത്തമം. കാരണം, അപ്പോൾ മഞ്ഞും മേഖങ്ങളും ഈ താഴ്വരയെ മൂടി നിൽക്കുന്നത് ഒരു അപൂർവ കാഴ്ച്ചയാണ്. സൂര്യോദയ സമയത്തെ ആ കാഴ്ച്ച കണ്ണിനു കുളിർമ നൽകുന്നതാണ്.



image : Sreepathy Damodaran

ഞാൻ കുറച്ചു ചിത്രങ്ങൾ എടുക്കുവാൻ തുടങ്ങി, സുഹൃത്തുക്കളും ഇതേ തിരക്കിൽ തന്നെ, ചിലർ സെൽഫിയും എടുക്കുന്നു. ഇളം വെയിലും, ചെറു കാറ്റും ഞങ്ങളെ തൊട്ടു തലോടി പോയി. കുറച്ചു നേരം ചിലവഴിച്ചതിനു ശേഷം ഞങ്ങൾ തിരികെ മല കയറുവാൻ ആരംഭിച്ചു. ഇറങ്ങുന്ന പോലെ എളുപ്പമല്ലല്ലോ കയറ്റം. അത് നന്നേ അറിഞ്ഞു ഞങ്ങൾ. ശരീരം എത്രയോളം ക്ഷീണിതമായിരുന്നു എന്ന് ഞങ്ങൾ തിരിച്ചറിഞ്ഞ നിമിഷം. കുറച്ചു കയറിയപ്പോൾ തന്നെ ഞങ്ങൾ തളർന്നു തുടങ്ങി. എങ്ങനെയെങ്കിലും പകുതി വഴി കടന്നാൽ വിശ്രമിക്കാൻ ആ ഷെൽറ്ററിൽ ഇരിക്കമല്ലോ, അതിനാൽ അവിടേം വരെ എങ്ങനെയും എത്തുക എന്നതായി എന്റെ ലക്ഷ്യം. ഇടയിൽ കിതച്ചു നിന്നും, പിന്നെ ഓടി കയറിയും കയറിൽ പിടിച്ചു നിന്നും എങ്ങനെയോ അവിടം വരെ എത്തിയപ്പോൾ നല്ലജീവൻ പകുതി പോയിരുന്നു. ദാഹിച്ചിട്ട് തൊണ്ട വരളുന്നു. മുന്നേയും പിറകെയുമായി എല്ലാവരും ഷെൽറ്ററിൽ എത്തി..

എല്ലാവരുടെയും അവസ്ഥ ഒന്ന് തന്നെ. ഓടി കയറിയവനാണ് ഏറ്റവും അവസാനം വന്നത് എന്ന് കണ്ടപ്പോൾ ചിരിയായി. കുറച്ചു നേരം ഞങ്ങൾ വിശ്രമിച്ചു. നെറ്റ്‌വർക്ക് റേഞ്ച് പഴയ പോലെ പരിതാപകരം തന്നെ. ഇടയ്ക്ക് വോഡഫോൺ ആൻഡ് ഐഡിയ റേഞ്ച് വന്നപ്പോൾ വീട്ടിലേക് വിളിച്ചു. കുരങ്ങിൻകൂട്ടം അവിടെ ഇവിടെയായി ഓടി നടക്കുന്നു. ഞാൻ ക്യാമറ ബാഗ് ഒതുക്കി വെച്ചു. എപ്പോഴാ ഇവറ്റകൾക് പണി തരാൻ തോന്നുക എന്ന് അറിയില്ലലോ.. കുറച്ചു നേരം വിശ്രമിച്ചതിനു ശേഷം ഞങ്ങൾ വീണ്ടും മലകയറ്റം തുടങ്ങി. എങ്ങനെ എങ്കിലും മുകളിൽ എത്തിയാൽ മതി എന്നാണ് ഞങ്ങൾക്ക്. പെട്ടന്നു ഓടി കയറാൻ പറ്റുന്നില്ല. അത്രയ്ക്ക് അവശനായി ഞാൻ. പിടിച്ചു കയറാൻ ഇരു വശങ്ങളിലും കയർ കെട്ടിയിട്ടോണ്ട്. ഞാൻ അതിൽ ശരണം തേടി. എന്നെ ആരെങ്കിലും ഒന്ന് കെട്ടിവലിച്ചു മുകളിൽ എത്തിച്ചിരുന്നങ്കിൽ എന്ന് തോന്നിയ നിമിഷങ്ങൾ. സകല ദൈവങ്ങളെയും വിളിച്ചു ഒരുവിധം എങ്ങനെയോ ഞങ്ങൾ മുകളിൽ എത്തി. അപ്പോളേക്കും എല്ലാവരും അവശരായി കഴിഞ്ഞിരുന്നു. ടിക്കറ്റ് കൗണ്ടറിന് അടുത്തുള്ള ഇരിപ്പിടത്തേക്ക് ഞങ്ങൾ വീണു. ദാഹം കലാശലായിരിക്കുന്നു. അടുത്തുള്ള കടയിൽ നിന്ന് വെള്ളം വാങ്ങിച്ചു കുടിച്ചതിനു ശേഷം കുറച്ചു നേരം കൂടെ വിശ്രമിച്ചു. വിശപ്പിന്റെ വിളി അസഹനീയമായിരിക്കുന്നു.


view from top station view point

ചുരം ഇറങ്ങിക്കഴിഞ്ഞു ഭക്ഷണം കഴിക്കാമെന്ന് തീരുമാനിച്ചു ഞങ്ങൾ വണ്ടി പാർക്ക് ചെയ്തായിടത്തേക്ക് നടന്നു തുടങ്ങി. അപ്പോൾ ഒരാൾക്ക് ചോക്ലേറ്റും വൈനും വാങ്ങണം എന്ന് പറഞ്ഞപ്പോൾ അടുത്ത് കണ്ട കടയിൽ കയറി. ഒരാൾ പറഞ്ഞ ആഗ്രഹം ഇപ്പോൾ ഞങ്ങൾ എല്ലാവർക്കുമായി. ഒരു ചെറിയ കട, പരിമിതമായ സ്റ്റോക്ക് മാത്രം. ഏതാനും കുപ്പി വൈനും കുറച്ചു ചോക്ലേറ്റ്സും തേനും. വൈൻ വാങ്ങുവാൻ ആഗ്രഹം പ്രകടിപ്പിച്ചപ്പോൾ കടയിലെ ചേച്ചി ഞങ്ങൾക് വൈൻ സാമ്പിൾ രുചിക്കുവാൻ തന്നു. എല്ലാവരെയും പോലെ സാമ്പിൾ കുടിച്ചു ഞങ്ങൾ പോകും എന്നാണ് ചേച്ചി കരുതിയത്. എന്നാൽ ഞങ്ങൾ എല്ലാവരും ഓരോ വൈൻ കുപ്പി വീതം വീട്ടിലേക്കും, ഒരു കുപ്പി 5പേരും കൂടി പങ്കിട്ടു കുടിക്കാനുമായി വാങ്ങിച്ചു. കൂടാതെ കുറച്ചു ചോക്ലേറ്റ്സും. അത്യാവശ്യം നല്ല വൈൻ ആണ്. ആൽക്കഹോൾ കണ്ടെന്റ് ഇല്ല എങ്കിലും ഗ്രാമ്പു എഫക്ട് കൊണ്ട് ഒരു ചെറിയ തരിപ്പുണ്ട്. ഇത്രയും ഒരുമിച്ച് മേടിച്ചപ്പോൾ ചേച്ചിക്കും സന്തോഷമായി. ചേച്ചിയോട് യാത്ര പറഞ്ഞു ഞങ്ങൾ വീണ്ടും നടത്തം ആരംഭിച്ചു. പാർക്കിങ്ങിൽ എത്തി വണ്ടി എടുത്തു. എല്ലാവരും നന്നേ ക്ഷീണിതരാണ്. ഇപ്പോൾ ചുരം ഇറങ്ങിയില്ല എങ്കിൽ ബ്ലോക്ക് കൂടാൻ സാധ്യതയുണ്ട്, അതിനാൽ ഞങ്ങൾ തിരികെ ചുരം ഇറങ്ങുവാൻ തുടങ്ങി ; ഇടയിൽ കഴിക്കുവാനായി കുറച്ചു ഫ്രഷ് ക്യാരറ്റും മേടിച്ചു. നല്ല ഒരു ഹോട്ടൽ കണ്ടുപിടിച്ചു വിശപ്പ് തീർക്കും വരെ പിടിച്ചു നിൽക്കണമല്ലോ.


പതിയെ ഞങ്ങളുടെ മലയിറക്കം ആരംഭിച്ചു. ചെറിയ രീതിയിൽ ബ്ലോക്ക് ഉണ്ട്. വന്ന വഴിയേ തന്നെയാണ് ഇറക്കവും. മാട്ടുപ്പെട്ടി ഡാമും കടന്നു വീണ്ടും താഴേക്ക്, വ്യൂ പോയിന്റിൽ നല്ല ബ്ലോക്ക് അനുഭവപെട്ടു. അതെ അനുഭവം തന്നെ മൂന്നാർ ടൗണിലും. ഇടുങ്ങിയ വഴികളും വലിയ വാഹനങ്ങളും.. അപ്പോൾ ബ്ലോക്ക് പ്രതീക്ഷിച്ചല്ലേ പറ്റു ! ഇതിനിടയിൽ ഞങ്ങൾ ,പുറകിൽ ഇരിക്കുന്ന മൂവർ സംഘം വൈൻ കുപ്പി തുറന്നു ഓരോ ഗ്ലാസ് വീതം അകത്താക്കിയിരുന്നു. മുന്നിൽ ഇരിക്കുന്നവർ മാറി മാറി വണ്ടി ഓടിക്കും എന്നറിയാവുന്നത് കൊണ്ട് അവർക്കു കൊടുത്തില്ല . അത്യാവശ്യം നല്ല കിക്ക്‌ ഉണ്ട്. ശരീരം ക്ഷീണിച്ചതിന്റെയും ആവാം. കുറച്ചു ദൂരം ഇറങ്ങിക്കഴിഞ്ഞപ്പോൾ വഴിയരികിൽ ഒരു തട്ടുകട കണ്ടു വണ്ടി നിർത്തി, വിശപ്പിനു ഒരു താൽക്കാലിക വിരാമം കൊടുക്കുവാൻ ഒരോ ചായയും ചെറു കടിയും കഴിച്ചു. ജിയോയുടെ റേഞ്ച്, വരുന്നതിലും സ്പീഡിലാണ് പോകുന്നത്. വൊഡാഫോണിന് തരക്കേടില്ലാത്ത റേഞ്ച് കാണിക്കുന്നു. വീണ്ടും ഞങ്ങൾ മലയിറക്കം തുടങ്ങി, ഇടയിൽ കുറച്ചു ഫോട്ടോഷൂട്ടുമായി മലയിറങ്ങി കല്ലാർ ആയപ്പോൾ ഒന്ന് നടുവ് നിവർത്തിയിട്ടു ബാക്കി യാത്ര ആവമെന്നു തീരുമാനിച്ചു. കല്ലാർ പാലം കഴിഞ്ഞു വണ്ടി ഒതുക്കി. ഇവിടെ ഒരു ചെറിയ വെള്ളച്ചാട്ടം ഉണ്ട്. ഇപ്പോൾ കാര്യമായി വെള്ളം ഇല്ലെങ്കിലും മഴക്കാലത്തു നേരെ മറിച്ചാണ്. കുറച്ചു നേരം വെള്ളച്ചാട്ടവും കണ്ടിട്ട് വീണ്ടും യാത്ര ആരംഭിച്ചു.


അടുത്ത് കാണുന്ന നല്ല ഹോട്ടൽ കണ്ടുപിടിച്ചു ഭക്ഷണം കഴിക്കണം. കുറച്ചു ദൂരം മുൻപോട്ട് പോയപ്പോൾ ഒരു ഹോട്ടൽ കണ്ടു, അവിടുന്ന് തന്നെയാവാം ഭക്ഷണം.. ഞങ്ങൾ വണ്ടി ഒതുക്കി. കൈയും മുഖവും കഴുകി ഫ്രഷായി ഭക്ഷണത്തിനായി ഇരുന്നു. ഞാൻ ബീഫ് ബിരിയാണി പറഞ്ഞു. മോശം ഇല്ലാത്ത ഭക്ഷണം. ബാംഗ്ലൂരിൽ ജോലി ചെയുന്ന എന്നെപോലെ ഉള്ളവർക്ക് ബീഫ് എന്നത് വല്ലപ്പോഴും കിട്ടുന്ന ഒന്നാണ് ( ചിലപ്പോൾ കുറച്ചേറെ ദൂരം പോയി വാങ്ങണം; ചിലയിടങ്ങളിൽ സുലഭം, ചിലയിടങ്ങളിൽ നേരെ മറിച്ചാണ് ). ഭക്ഷണം കഴിഞ്ഞു ഒരു കുപ്പി 7-up ഉം വാങ്ങി ഞങ്ങൾ വീണ്ടും കാറിനടുത്തേക്ക് നടന്നു. കുറച്ചു നേരം വർത്തമാനം പറഞ്ഞു നിന്നതിനു ശേഷം ഞങ്ങൾ വീണ്ടും യാത്ര തുടങ്ങി.



Selfie time

നേരം ഇരുണ്ടു തുടങ്ങിരിക്കുന്നു, റോഡിൻറെ മോശം അവസ്ഥ കാരണം ചിലയിടങ്ങളിൽ ചെറിയ തോതിലുള്ള ബ്ലോക്ക് അനുഭവപെട്ടു. ഞങ്ങൾ (പിന്നിൽ ഇരിക്കുന്ന) മൂവർ സംഘം അടുത്ത റൌണ്ട് വൈൻ കുടിക്കാൻ തുടങ്ങി. ക്ഷീണവും, വൈനും കൂടെ ചേർന്നപ്പോൾ ഞങ്ങൾ യാത്രയിൽ എപ്പോഴോ ഉറക്കത്തിലേക്കു വഴുതി വീണു. തൊടുപുഴ അടുക്കാറായപ്പോൾ ഞങ്ങൾ ഓരോരുത്തരായി ഉണർന്നു. തൊടുപുഴയിൽ ഒരു “ഓംലെറ്റ്” ബ്രേക്കും എടുത്ത് പാലയായും കടന്നു നേരെ തെങ്ങണ വഴി ചങ്ങനാശേരി ലക്ഷ്യമാക്കി ഞങ്ങളുടെ സ്വിഫ്റ്റ് കുതിച്ചു പാഞ്ഞു. ഏകദേശം 2230 മണിയോടെ ഓരോരുത്തരെ അവരവരുടെ വീടുകളിൽ ഇറക്കിയ ശേഷം ഞാനും സുജിനും കൂടെ വീട്ടിലേക്ക് യാത്ര തുടങ്ങി. തലേ ദിവസം രാത്രി 11 മണിക്ക് തുടങ്ങിയ യാത്ര കഴിഞ്ഞു വീട്ടിൽ കയറുമ്പോൾ ഏതാണ്ട് അതേ സമയം തന്നെയായിരുന്നു.. നന്നേ ക്ഷീണിതനായിരിക്കുന്നു ഞാൻ. ഒന്ന് കുളിച്ചു ഫ്രഷ് ആവണം. കുളി കഴിഞ്ഞു അമ്മയോട് യാത്രവിശേഷങ്ങൾ ചുരുക്കി പറഞ്ഞിട്ട് ഒരുപിടി നല്ല ഓർമകളുമായി നേരെ കട്ടിലിലേക്ക്….




14 views0 comments

Comments


bottom of page