വലിയ പ്ലാനിങ് ഒന്നും തന്നെ ഇല്ലാതെയാണ് ഞങ്ങൾ 5 പേര് അടങ്ങുന്ന സംഘം ഈ യാത്ര തുടങ്ങുന്നത്. 5 പേരിൽ 3 പേരും ഇന്ത്യയുടെ പല ഭാഗത്തും ജോലി ചെയ്യുന്നവരാണ്. കുറച്ചു നാളായിട്ടു പറയുന്നതാണ് എല്ലാവര്ക്കും കൂടി എങ്ങോട്ടെങ്കിലും യാത്ര പോയാലോ എന്ന്… പക്ഷെ എല്ലാവരെയും ഒരുമിച്ച് കിട്ടുവാൻ വളരെ പാടായിരുന്നു താനും. എല്ലാവരും നാട്ടിൽ വന്ന സമയത്താണ് ഈ ചിന്ത വീണ്ടും തല പൊങ്ങുന്നത്.
എല്ലാ ദിവസത്തെയും പോലെ അന്നും കടന്നു പോയി, വീട്ടിലേക്കുള്ള സാധനങ്ങളും മേടിച്ചു വരുന്ന വഴിയാണ് ഉറ്റ ചങ്ങാതിയുടെ വിളി. കാര്യം വേറെ ഒന്നുമല്ല, ക്യാമറ, പവർ-ബാങ്ക് റെഡി ആക്കിക്കോ, ഒരു മണിക്കൂറിനുള്ളിൽ നമ്മൾ പുറപ്പെടും എന്ന്. മറ്റൊന്നും ചിന്തിക്കാതെ ഞാൻ തയാറായി. ബാക്കി ഉള്ളവർ പ്ലാൻ അറിഞ്ഞു വരുന്നതെ ഒള്ളു. മൂന്നാർ പോകുന്നു എന്ന് മാത്രം വീട്ടുകാരോട് പറഞ്ഞു. മൂന്നാർ – മാട്ടുപ്പെട്ടി ഡാം കാണണം എന്ന് ഒരു ചിന്ത ഉണ്ടായിരുന്നു. അത് അല്ലാതെ വേറെ എവിടെയോക്കെ പോകണം എന്ന് ആരും തീരുമാനിച്ചില്ലയിരുന്നു.
ഏകദേശം രാത്രി 11 മണിയോടെ ഞങ്ങൾ വീട്ടിൽ നിന്നും ഇറങ്ങി. ബാക്കി 3 പേരെ അവരുടെ വീടുകളിൽ പോയി എടുക്കണം. എല്ലാവരെയും കൂട്ടി വണ്ടി നേരെ പുതുപ്പള്ളി പള്ളിയിലേക്ക്. ഗീവർഗീസ് പുണ്യാളനെ കണ്ടു യാത്ര തുടങ്ങാം എന്ന് കരുതി. ഇപ്പോഴും മനസ്സിൽ ഉള്ളത് ആകെ മാട്ടുപ്പെട്ടി ഡാം മാത്രം. വണ്ടിയിൽ ഗവേഷണം നടക്കുകയാണ്, ഡാം കഴിഞ്ഞു എങ്ങോട്ട് ഒക്കെ പോകണം എന്ന്.. അവിടെ ചെന്നിട്ടു തീരുമാനിക്കാം എന്നായി അവസാന തീരുമാനം. വണ്ടി ഇപ്പോൾ മാണി സാർന്റെ സ്വന്തം പാലാ അടുക്കുന്നു.. വിജനമായ വഴികൾ.. പാലാ നഗരം ഉറക്കത്തിലേക്കു വഴുതി വീണിരിക്കുന്നു.. എങ്ങും നിശബ്‌ദം. ഇടയ്ക് അങ്ങിങ്ങായി ചില ആനവണ്ടികൾ. എല്ലാം ദീർഘദൂര രാത്രി സഞ്ചാരികൾ. ഇനി പാലായെ കുറിച്ചു ഞാൻ പറയാം. കോട്ടയം ജില്ലയിലെ കിഴക്കൻ മലയോര മേഖലയിലെ ഒരു പ്രധാന പട്ടണം. മീനച്ചിൽ നദി പട്ടണത്തോട് ചേർന്നു ഒഴുകുന്നു. പല സിനിമകളിലും കൂടെ പ്രശസ്തമാണ് ഈ പട്ടണം. കുന്നുകളും ചെരിവുകളും സമതലങ്ങളും ഇടകലർന്നതാണ് പാലായുടെ ഭൂപ്രകൃതി. രാഷ്ട്രീയ-സാഹിത്യ-സിനിമ മേഖലകളിലേക് നിരവധി സംഭാവനകൾ നൽകിയ നഗരം കൂടിയെയാണിത്. പാലാ നാരായണൻ നായർ (കവി), കെ.എം.മാണി ( രാഷ്ട്രീയ പ്രവർത്തകൻ, മുൻ മന്ത്രി), ബി.സന്ധ്യ ( ഐ.ജി, കേരള പോലീസ്), ഭദ്രൻ (സിനിമ സംവിധായകൻ) തുടങ്ങിയവർ ഉദാഹരണം മാത്രം.
പാലായും കടന്നു വണ്ടി തൊടുപുഴ ലക്ഷ്യമാക്കി യാത്ര തുടരുന്നു. ഇടുക്കിയുടെ ഭാഗമായ ഈ കൊച്ചുമിടുക്കിയെയും കടന്നു വേണം ഞങ്ങൾക് പോകുവാൻ. തൊടുപുഴയിൽ നിന്നും നേര്യമംഗലം വഴിയാണ് ഞങ്ങളുടെ യാത്ര. അടുത്ത പോയിന്റ് അടിമാലി. അടിമലിയോട് അടുക്കുമ്പോൾ തന്നെ തണുപ്പിന്റെ ആരംഭം കണ്ടു തുടങ്ങിയിരിക്കുന്നു. ഞാൻ മുൻസീറ്റിൽ ഇരുന്ന് മൊബൈൽ കാമറയിൽ വീഡിയോ എടുക്കുന്നതിന്റെ തിരക്കിലാണ്. വണ്ടിയിൽ പാട്ടും മേളവുമായി ഒരു ആഘോഷം തന്നെ. എല്ലാവരും വർത്തമാനം പറഞ്ഞിരിക്കുന്നു. ഇടയ്ക്ക് എവിടെയോ ഞങ്ങൾ വണ്ടി ഒതുക്കി.. ഒരേ ഇരിപ്പാണല്ലോ. ഒന്ന് നടുവ് നിവർത്താം എന്ന് കരുതി. ചുരം കയറുന്നതിനു ഇടയിൽ ഒരു ചായ കട കണ്ടു ഞങ്ങൾ അവിടെയാണ് നിർത്തിയത്. ചായയും കുടിച്ചു വർത്തമാനം പറഞ്ഞു നിൽക്കുമ്പോൾ ധാരാളം ബൈക്ക് റൈഡേർസ് കടന്നു പോയി. ലക്‌ഷ്യം പ്രത്യേകം പറയണ്ടല്ലോ.. മൂന്നാർ തന്നെ.. ചിലർ തണുപ്പ് അകറ്റാൻ ചായ കടയിൽ നിർത്തി.
15 മിനിറ്റ് ഇടവേളക്ക് ശേഷം ഞങ്ങൾ യാത്ര തുടർന്നു. തണുപ്പിന്റെ ശക്തി കൂടി വരുന്നത് അറിഞ്ഞു.എല്ലാവരും വിൻഡോ ഗ്ലാസുകൾ ഉയർത്തി. വണ്ടി പതിയെ അടിമാലി കയറുവാൻ തുടങ്ങി. ഇടയ്ക്ക് ചിലർ അശ്രദ്ധമായി ഇറങ്ങുന്നു. ഉറങ്ങി ഇറങ്ങുവാണോ എന്നും ഞങ്ങൾക് സംശയമായി. വഴി അത്ര നല്ലത് എന്ന് പറയാൻ പറ്റില്ല. റോഡ് വരമ്പുകൾ തിരിച്ചറിയാൻ സാധിക്കില്ല ഇരുട്ടിൽ, കൂടാതെ വീതി അധികമില്ല. ഈ വഴി വരുന്നവർ, പ്രത്യേകിച്ച് ഈ റൂട്ടിൽ പുതുതായി വരുന്നവർ കുറച്ചു ശ്രദ്ധിക്കുന്നത് നല്ലതായിരിക്കും. ആനവിരട്ടി എന്ന സ്ഥലത്തു കൂടെയെയാണ് ഞങ്ങളുടെ യാത്ര. ആനവിരട്ടി ഒരു ചെറിയ പ്രദേശമാണ്..പേര് പോലെ ആന വിരട്ടുന്ന സ്ഥലം ആണോ എന്ന് ഞങ്ങളും ആലോചിച്ചു. ഈ സ്ഥലത്തെ കുറിച്ചു കൂടുതൽ അറിവില്ലാത്തതിനാൽ കൂടുതൽ പറയുന്നില്ല. അവിടവും കടന്നു ഞങ്ങൾ യാത്ര തുടർന്നു. കല്ലാറും, കാരടിപ്പരയും കടന്നു ഞങ്ങൾ ചുരം കയറി തുടങ്ങിയിരുന്നു. മൂന്നാർ ടൗണിനോട് ഞങ്ങൾ അടുത്ത് തുടങ്ങി എന്ന് ഗൂഗിൾ കാണിച്ചു തുടങ്ങി. വീണ്ടും ഞങ്ങൾ വണ്ടി നിർത്തി. മൂന്നാറിന്റെ തണുപ്പ് കൊണ്ട് കുറച്ചു നേരം ഇരുളിൽ ഞങ്ങൾ വർത്തമാനം പറഞ്ഞു നിന്നു. തണുപ്പിന്റെ കാഠിന്യം കൂടി വരുകയാണ്. ഞങ്ങൾ sweaters , ജാക്കറ്റ്‌സ് ഒക്കെ ധരിച്ചു മൂന്നാർ ടൗണിലേക് പ്രവേശിക്കാൻ ഒരുങ്ങി. 10 മിനുറ്റ് അവിടെ ചിലവഴിച്ചു കഴിഞ്ഞു ഞങ്ങൾ വീണ്ടും ചുരം കയറാൻ തുടങ്ങി. റോഡിന്റെ അവസ്ഥ അത്ര നല്ലത് ഒന്നുമല്ല. ഞങ്ങളുടെ കാറിനു ഗ്രൗണ്ട് ക്ലീയറൻസ് കുറവായതിനാൽ വളരെ ശ്രദ്ധാപൂർവമാണ് പോകുന്നത്. മഞ്ഞിന്റെ വിരിപ്പ് പടർന്നു തുടങ്ങിയിരുന്നു.. ഏകദേശം 4 മണിയോടെ ഞങ്ങൾ മൂന്നാർ ടൗണിൽ എത്തി. ഇനിയാണ് അടുത്ത കടമ്പ ; കുറച്ചു നേരം വിശ്രമിക്കുവാൻ ഒരു റൂം വേണം. ആദ്യം വണ്ടിയിൽ തന്നെ വിശ്രമിക്കാം എന്ന് തീരുമാനിച്ചിരുന്നു എങ്കിലും, അത് പിന്നീട് വേണ്ടാന്ന് വച്ചു. സുഹൃത്തുക്കൾ രണ്ടു പേർ മുറി അന്വേഷിച്ചു ഒന്ന് രണ്ടു ലോഡ്ജുകൾ കയറി.. മിക്ക ലോഡ്ജുകളും ഫുൾ. ചിലതിന് അന്യായ വാടകയും. ഒടുവിൽ ഒരു മുറി കണ്ടു പിടിച്ചു. സാമാന്യം നല്ല മുറി, മാന്യമായ വാടക ( മൂന്നാർ പോലെ ഒരു വിനോദ സഞ്ചാര മേഖലയിൽ) .കുറച്ചു നേരം വിശ്രമിക്കുകയാണ് ലക്‌ഷ്യം. തലേ ദിവസത്തെ ജോലികളുടെ ക്ഷീണം ഉള്ളതുകൊണ്ടും, തണുപ്പിന്റെ സമ്മർദ്ദത്താലും ഞങ്ങൾ എല്ലാവരും പെട്ടന്നു തന്നെ ഉറക്കത്തിലേക്കു വഴുതി വീണു….
Comments