പ്രായം എന്നത് ഒരു അക്കം മാത്രമാണ്. ഏകാന്ത യാത്രകൾ നല്കുന്ന പ്രചോദനം, ആത്മവിശ്വാസം, സംതൃപ്തി, സുഖം.. അതൊന്ന് വേറെ തന്നെയാണ് ! അതാണ് ഈ 33 മണിക്കൂർ നീണ്ട ഏകാന്ത യാത്രയുടെ അടിസ്ഥാനവും.
ഈയാഴ്ച ബസ്സുകളിൽ മാത്രമായി നടത്തിയ ഒരു മൂന്നു ദിവസയാത്ര വ്യത്യസ്തമായ അനുഭവമായി മനസ്സിൽ തങ്ങി നിൽക്കുന്നു. കുറഞ്ഞ ചെലവിൽ, അല്പസ്വല്പം അസൗകര്യങ്ങളോട് സന്ധി ചെയ്തു കൊണ്ട് നടത്തിയ Solo യാത്രയാണ് - നിങ്ങൾക്ക് ഈ തരം യാത്രകളോട് താൽപര്യമുണ്ടെങ്കിൽ മാത്രം വായിക്കുക.
യാത്രയിൽ പ്രധാനമായും അവലംബിച്ചത് കേരളത്തിലെയും കർണ്ണാടകത്തിലെയും കെ.എസ്. ആർ ടി. സി ബസ്സുകളുടെ സർവീസായിരുന്നു. ബാംഗ്ലൂരിൽ നിന്ന് കൊച്ചിയിലക്കുള്ള മടക്കയാത്രയിൽ വീണു കിട്ടിയ മൂന്നു ദിവസങ്ങൾ വേറിട്ട ഒരു യാത്രയ്ക്കായി ഉപയോഗിച്ചു.
ബാംഗ്ലൂരിൽ നിന്നും ജോഗ് ഫാൾസ് (Jerടoppa) കാണാൻ പോകുന്നതിനായി കെംപ ഗൗഡ ബസ് സ്റ്റാൻഡിൽ 20/9/19 ന് വെള്ളിയാഴ്ച വൈകീട്ട് എത്തിച്ചേർന്നു. അവിടെ നിന്നും ഷിമോഗയ്ക്ക് 24 മണിക്കൂറും 15 മിനിട്ട് ഇടവിട്ട് കർണാടക RTC ബസ് പോകുന്നുണ്ട്. ഏഴു മണിക്കൂറാണ് യാത്രാ സമയം. രാവിലെ ഷിമോഗ എത്തി അവിടെ നിന്ന് സാഗർ പോയി അവിടെ നിന്ന് ജോഗ് വരെ പോകാനായിരുന്നു ആദ്യ തീരുമാനം. അവിടെ ഇരിക്കുമ്പോൾ 8 മണിക്ക് ഒരു ബസ്സ് സ്റ്റാൻഡ് പിടിച്ചു. അത് നേരിട്ട് സാഗരയിലേക്ക് പോകുന്നത് ആണ് . 8.40 ന് ആണ് പുറപ്പെടുന്നത്. വെളുപ്പിന് 5 മണിക്ക് സാഗര എത്തും. ആപ്പിളും ബിസ്ക്കറ്റും വെള്ളവും കയ്യിലുണ്ട്. ബസ്സിൽ കയറി. സൈഡ് സീറ്റ് പിടിച്ചു.
ഒരു സാധാരണ ബസ്സ്. ഹെഡ് റെസ്റ്റ് കിട്ടുന്ന രീതിയിൽ കുഷ്യൻ സീറ്റുണ്ട്. ചില്ലൊക്കെ കിടന്നിളകി ശബ്ദം ഉണ്ടാക്കുന്നുണ്ട്. വലിയ തിരക്കില്ല. 330 രൂപയാണ് ടിക്കറ്റ് ചാർജ്ജ്. സമയത്ത് വണ്ടി വിട്ടു. രണ്ടു കിലോമീറ്റർ പോയിട്ടില്ല - പുറകിലെ ഒരു വണ്ടി ഓവർ ടേക്ക് ചെയ്ത് വന്ന് അറിയിച്ചു - കണ്ടക്ടറെ കേറ്റാൻ വിട്ടു പോയി. പിന്നെ വണ്ടി സൈഡാക്കി 10 മിനിട്ടിനകം കണ്ടക്ടർ എത്തിച്ചേർന്ന ശേഷം വണ്ടി വിട്ടു.
യശ്വന്ത്പൂർ, ദസറഹള്ളി ക്രോസ് വഴി തുംകൂർ വരെ രാത്രിയിൽ ഓരോ സ്റ്റോപ്പിൽ നിന്നും ആളുണ്ട്. തുംകൂർ നിന്ന് ഭക്ഷണം. രാത്രി 11.15 മണിക്ക് സിദ്ധഗംഗ എത്തിയപ്പോഴത്തേക്ക് നല്ല തണുപ്പ് ചില്ലിനിടയിലൂടെ അരിച്ചു കയറുന്നു. പുതപ്പെടുത്തു പുതച്ചു. രാത്രി ഒരു മണിയോടെ അരസിക്കരെ എത്തി. പഴമ തുടിക്കുന്ന കന്നടിഗ കാഴ്ചകളാണ് വഴിയിൽ നീളെ. നല്ല റോഡുകൾ - കേരളത്തെ അപേക്ഷിച്ച് . തിരക്ക് കുറവും യാത്രാസുഖവും ഉണ്ട്. വെളുപ്പിന് 3.30 ന് ഷിമോഗ എത്തി. വലിയ ടൗണാണിത്. എല്ലാവിധ സൗകര്യവും ഉള്ള വിശാലമായ ബസ് ടെർമിനൽ ഷിമോഗയിലുണ്ട്.
പതിനഞ്ച് മിനിട്ട് വിശ്രമത്തിനു ശേഷം വണ്ടി വിട്ടു. ഭദ്രാവതി എന്ന വ്യവസായ ടൗൺഷിപ്പ് കടന്ന് 5 മണിക്ക് വണ്ടി സാഗർ (സാഗര) എത്തി. സാഗരയിലേക്ക് കാട്ടിലൂടെയാണ് കുറേ ദൂരം വണ്ടി ഓടുന്നത്. ജോഗിലേക്ക് ഇവിടെ നിന്ന് 38 കിലോമീറ്റർ ഉണ്ട്. ഒരു മുനിസിപ്പാലിറ്റിയാണ് സാഗര. വനവും കായലുകളും ക്ഷേത്രങ്ങളും ഉള്ള ഒരു ടൂറിസ്റ്റ് സ്പോട്ട്. ധാരാളം ചെറുതും വലുതുമായ ലോഡ്ജുകളും ഹോട്ടലുകളും ഇവിടെയുണ്ട്. സാഗരയിൽ നിന്ന് അഗുംബെ വഴി ഉടുപ്പിക്കുള്ള റോഡ് വലിയ ടൂറിസ്റ്റ് റൂട്ടാണ് എന്നറിഞ്ഞു.
Download the app : Traveling Minds
ഒന്നു ഫ്രഷ് ആകാനുള്ള സൗകര്യങ്ങൾ സാഗര ബസ് സ്റ്റാൻഡിലുണ്ട്. ഫ്രഷ് ആയി, മുന്നിലുള്ള കടയിൽ നിന്നും ചായയും ബണ്ണും കഴിച്ചു. 6.15 ന് തലഗുപ്പയിൽ പോകുന്ന ലോക്കൽ ബസ്സ് വരും എന്നറിഞ്ഞു. 15 Km ഉണ്ട്. അവിടെ നിന്ന് ജോഗിലേക്ക് ബസ് മാറിക്കേറണം. 6.30ന് ബസ് വന്നു. പത്ത് പതിനഞ്ച് മിനിട്ടു കൊണ്ട് തലഗുപ്പ എത്തി. അവിടെ ഇറങ്ങി 15 മിനിറ്റ് നിന്നപ്പോൾ ജോഗ് ബസ് വന്നു. കർഗൽ, ലിംഗനമക്കി ഡാം വഴി അര മണിക്കൂറില്ല ജോഗിലേക്ക്. രാവിലെയായത് കൊണ്ട് യാത്രക്കാർ കുറവ്. ബസ്സിറങ്ങി അര കിലോമീററർ നടക്കണം. പത്തു രൂപ പ്രശേന ഫീസുണ്ട്. അകത്ത് ടൂറിസ്റ്റ് കൾക്ക് എല്ലാ സൗകര്യവും ഒരുക്കിയിട്ടുണ്ട്. ടൂറിസത്തിനു വേണ്ടി മംഗലാപുരം , ഹോനേവാർ, ബാംഗ്ലൂർ , ഭട്ക്കൽ , സാഗര ബസുകൾ എല്ലാം ജോഗിനു മുന്നിലൂടെയാണ് പോകുന്നത്. റോഡ് കണ്ടീഷൻ വളരെ നല്ലതാണ്.
ജോഗ് ഫാൾസ് ആദ്യം കാണുമ്പോൾ നമ്മൾ മലയാളികൾക്ക് ഒരു മെലിഞ്ഞ വെള്ളച്ചാട്ടം എന്ന തോന്നലുണ്ടാക്കും - നമ്മൾ അതിരപ്പള്ളി , വാഴച്ചാൽ എന്നിവ അടുത്ത് നിന്ന് കാണുന്നുണ്ടല്ലോ. ജോഗ് രാജാ - റാണി എന്നീ രണ്ടു വെള്ളച്ചാട്ടങ്ങളുണ്ട് ( അവ തന്നെ രണ്ടു മൂന്ന് പിരിവുകളായി തിരിയുന്നു). ദൂരെ പാറക്കെട്ടിനിപ്പുറത്താണ് വിശാലമായ വ്യൂ പോയിന്റ് & താഴേക്കിറങ്ങാൻ ഉള്ള വഴികളും ഒരുക്കിയിട്ടുള്ളത്. ദൂരം കൂടുമ്പോൾ വെള്ളം കുറവായി തോന്നും. നൂറ് രൂപ ഒരാൾക്ക് വീതം കൊടുത്താൽ 13 പേരെ omni പോലത്തെ വണ്ടിയിൽ കയറ്റി രണ്ടു വെള്ളച്ചാട്ടങ്ങളുടെ പുറകുവശവും ചില ക്ഷേത്രങ്ങളും ഒക്കെ ഒരു മണിക്കൂറിൽ കാണിച്ചു, തിരിച്ച് കൊണ്ടുവരാനുള്ള സംവിധാനവും ഉണ്ട്.
ഞാൻ 9 മണിക്ക് ജോഗ് കണ്ടു കഴിഞ്ഞു. എനിക്ക് മംഗലാപുരത്ത് എത്തണം. പല വഴികളുണ്ട്. ഞാൻ, ഉൾ റോഡുകളിലൂടെ ഭട്ക്കൽ എത്തി അവിടന്ന് മംഗലാപുരം പോകാൻ തീരുമാനിച്ചു. കർഗൽ എന്ന ചെറിയ ജംഗ്ഷനിൽ നിന്ന് ഒരു ലോക്കൽ ബസ്സിൽ ഒമ്പത് മണിക്ക് കയറി. അധികവും ഗ്രാമീണരും സ്ക്കൂൾ കുട്ടികളുമാണ്. കാടും കയററവും നെൽ കൃഷിയുമായി വളഞ്ഞും പുളഞ്ഞു മുള്ള റോഡിലൂടെ ഒന്നര മണിക്കൂറിലേറെ എടുത്ത് രാവിലെ പതിനൊന്ന് മണിയോടെ വണ്ടി ഭട്ക്കൽ എന്ന ചെറിയ തീരദേശ ടൗണിൽ എത്തി. കുറച്ചു നേരം ഉറങ്ങിപ്പോയത് കൊണ്ട് കുറേ കാഴ്ചകൾ മിസ്സായി.
ഒരു ചായ കുടിച്ചു. അടുത്തതായി കുന്ദാപുരയിലെത്തണം. ഹൈവേയായത് കൊണ്ട് സമയം കുറച്ചു മതി. ചോദിച്ചപ്പോൾ ഞാൻ ഇവിടെ വരെ വന്ന വണ്ടിയുടെ കണ്ടക്ടർ ഉപദേശിച്ചത് സ്റ്റേറ് ട്രാൻസ്പോർട്ട് ബസ് കൂടുതൽ സമയം എടുക്കും അതിലും നല്ലത് സ്റ്റാൻഡിന് പുറത്ത് നിന്നും ഓടിക്കുന്ന പ്രൈവറ്റ് വണ്ടിയിൽ കയറുന്നതാണ് നല്ലത് എന്നാണ്. അതേതായാലും നന്നായി. പുറത്ത് കിടന്നിരുന്ന ഒരു ബസ് ഉടൻ പുറപ്പെടും എന്നറിഞ്ഞ് അതിൽ കയറി. റോഡ് പലയിടത്തും ഫോർ ലൈൻ ആക്കുന്ന പണി നടക്കുന്നു. അതിലൂടെ കടലിനു സമാന്തരമായ റോട്ടിലൂടെ ആ ബസ് വളരെ നല്ല സ്പീഡിൽ എന്നാൽ സുന്ദരമായി ഓടിച്ച് അവർ എന്നെ 12.30ന് കുന്ദാപുര ബസ്സ്റ്റാൻഡിലെത്തിച്ചു.
download the app : Traveling Minds
സുന്ദരമായ ഒരു ചെറുപട്ടണമാണ് കുന്ദാപുര. ധാരാളം കടകൾ , നിറയെ ആൾത്തിരക്ക്. നഗരം നന്നായി വളർന്നിട്ടുണ്ട്. നല്ല നല്ല കടകളും നല്ല മനുഷ്യരും റോഡിൽ നിറയെ ഉണ്ട്. അടുത്തുള്ള ഒരു നല്ല ഹോട്ടലിൽ ഭക്ഷണം കഴിക്കാൻ കയറി. വളരെ രുചികരമായ താലി മീൽസ് - പുഴുക്കലരി അടക്കം. തൃപ്തികരം ആയ ആ ഭക്ഷണത്തിന് കേരളത്തിൽ ഒരു നൂറു രൂപ മതിക്കുമെങ്കിലും അവർ 65 രൂപയേ വാങ്ങുന്നുള്ളൂ. ഭക്ഷണം കഴിച്ചിറങ്ങിയപ്പോൾ ഉടുപ്പി വഴി മംഗലാപുരത്തേക്കുള്ള നോൺ സ്റ്റോപ്പ് ബസ്സ് എന്ന് പറഞ്ഞ് ഒന്ന് റെഡിയായി കിടക്കുന്നു. 100 രൂപ ചാർജ്. കയറി. ആ വണ്ടി കുറച്ചു സമയം എടുത്തു. എല്ലായിടത്തും നിർത്തി അത് മംഗലാപുരം ടൗൺ ബസ് സ്റ്റാൻഡിലെത്തിയപ്പോൾ 3.45 ആയി. ശനിയാഴ്ച ആയതു കൊണ്ട് സൂരത്ക്കൽ NIT യുടെ വാതിൽക്കൽ നിന്ന് മാംഗ്ലൂരിലേക്കുള്ള ധാരാളം കുട്ടികളും കയറി. മംഗലാപുരം നഗരവും നന്നായി വളർന്നിട്ടുണ്ട്. നഗരത്തിൽ നല്ല രീതിയിൽ ട്രാഫിക്ക് ബ്ലോക്കുണ്ട്.
സിറ്റി മുഴുവൻ ചുറ്റി അവർ യാത്ര അവസാനിപ്പിച്ച മാംഗ്ലൂരു ടൗൺ ബസ് സ്റ്റാൻഡിൽ നിന്ന് കേരളത്തിലേക്ക് KSRTC ബസ്സില്ല. ഒരു മലയാളി പറഞ്ഞതനുസരിച്ച് KSRTC ബസ് പിടിക്കാൻ ജ്യോതി എന്ന ബസ് സ്റ്റോപ്പിലേക്ക് സിറ്റി ബസ്സ് കയറി. ജ്യോതി ബസ് സ്റ്റോപ്പിലെത്തിയ ഉടനേ ഒരു കാസറഗോഡ് ബസ് വന്നു. ഇടിച്ചു കയറി. സീറ്റില്ല. നല്ല തിരക്ക്. നിന്നു യാത്ര ചെയ്തു. 4.15ന് പുറപ്പെട്ട ആ ബസ് തലപ്പാടി വരെ നല്ല റോഡും പിന്നെ കേരളത്തിൽ കയറിയപ്പോൾ കണ്ട വളരെ മോശം റോഡിലൂടെയുമായി 45 കിലോമീറ്റർ താണ്ടാൻ രണ്ടു മണിക്കൂർ എടുത്തു.
ആ മാംഗ്ലൂർ - കാസർഗോഡ് യാത്ര ഞാൻ മറക്കില്ല. എനിക്ക് മഞ്ചേശ്വരം ആയപ്പോൾ സീറ്റ് കിട്ടി. പക്ഷേ തലപ്പാടി മുതൽ ഇഴഞ്ഞിഴഞ്ഞ് മഞ്ചേശ്വരം , ഉപ്പള , തളങ്കര , മൊഗ്രാൽ പുതൂർ , കുമ്പള എല്ലാം കനത്ത ട്രാഫിക്ക് ബ്ലോക്കിലൂടെ പിന്നിട്ട് ഒരു വിധത്തിൽ കാസറഗോഡ് എത്തുകയായിരുന്നു. ഇവിടങ്ങളിൽ ഒക്കെ നല്ല ബസ്സ്റ്റാൻഡ് , ബസ് ബേ , കടകൾ എന്നിവയുണ്ട്. നാഷണൽ ഹൈവേ അതോറിറ്റിയുടെ വീഴ്ചയാണെന്ന് തോന്നുന്നു റോഡ് ഇത്രയും മോശമാകാൻ കാരണം.
യാത്രയുടെ അവസാന ലാപ്പ് ഇനി കാസർകോട് - എറണാകുളം ആണ്. ചോദിച്ചപ്പോൾ സ്റ്റേഷൻ മാസ്റ്റർ പറഞ്ഞത് രാത്രി 7.40 ന് ബസ്സുണ്ട്. സ്കാനിയ ബസ്സ്. ബുക്കിംഗ് സമയം കഴിഞ്ഞു. കുഴപ്പമില്ല - സീറ്റ് ഉണ്ടാവും എന്നായിരുന്നു. കാസർഗോഡ് ബസ് സ്റ്റാൻഡും പരിസരവും ഒക്കെ അത്യാവശ്യം നല്ല സെറ്റപ്പ് ആണ്. സമൃദ്ധിയുടെ ലക്ഷണങ്ങൾ എവിടെയും കാണാം. മൊബൈൽ ഒക്കെ ചാർജ് ചെയ്ത് അങ്ങനെ നിൽക്കുമ്പോഴതാ ഒരു കൊട്ടാരക്കര സൂപ്പർ ഡീലക്സ് സ്റ്റാൻഡ് പിടിക്കുന്നു.
ഇനി പറയാൻ പോകുന്നത് നമ്മുടെ KSRTC യുടെ പെരുമയുടെ വിശേഷം ആണ്. ഈ യാത്ര എന്നെ ആനവണ്ടിയുടെയും അതിന്റെ ജോലിക്കാരുടെയും ആരാധകനാക്കി. സാധാരണ തീവണ്ടിയാത്ര നടത്തുന്ന എനിക്ക് പ്രതീക്ഷിച്ചതിലും വളരെ നല്ല അനുഭവം ഇവർ തന്നു. ഞാൻ കയറിയ കർണാടക RTC ബസുകളിൽ നിന്നും ഇതുപോലെ നല്ല അനുഭവം തന്നെയാണ് യാത്രക്കാരൻ എന്ന നിലയിൽ എനിക്ക് ലഭിച്ചത് എന്നതും ഞാൻ ഇവിടെ ഓർമ്മിക്കുന്നു. കാസർഗോഡ് ഞാൻ കയറിയ വണ്ടി കർണാടകയിലെ സുളളിയയിൽ നിന്നും പഞ്ചിക്കൽ , കാസറഗോഡ് ,കോഴിക്കോട് , തൃശൂർ , അങ്കമാലി , കോട്ടയം , ചെങ്ങന്നൂർ വഴി കൊട്ടാരക്കരയ്ക്കുള്ളതാണ്.
വിശാലമായ അകം. സിംപിളായ ഡിസൈൻ ,ലൈറ്റ് വെയിറ്റ് , ചെറിയ ശബ്ദത്തിൽ സ്പീക്കറിലൂടെ ഒഴുകി വരുന്ന പഴയ മലയാളം ചലച്ചിത്ര ഗാനങ്ങൾ . മൊബൈൽ ചാർജിംഗ് പ്ലഗ്സ്. നല്ല സീറ്റുകൾ വണ്ടി മൊത്തം നല്ല കണ്ടീഷനുള്ളതുകൊണ്ട് യാത്രാസുഖം എടുത്തു പറയാവുന്നതാണ്. രണ്ട് കണ്ടക്ടർ കം ഡ്രൈവേഴ്സ് ആണെന്നു തോന്നുന്നു. അവർ സൗമ്യമായി തികച്ചും പ്രൊഫഷണൽ ആയി ഇടപെടുന്നു. രാത്രി 7.10 ന് എടുത്ത വണ്ടി വെളുപ്പിന് 3.45 ന് അങ്കമാലിയിൽ എത്തിച്ചു. യാത്ര പരമ സുഖം. 430 രൂപ മാത്രം ടിക്കറ്റ് ചാർജ്ജ്. ഇടയ്ക്ക് പയ്യോളിയിൽ ഹോട്ടലിൽ രാത്രി ഭക്ഷണത്തിന് നിർത്തി. ഞാൻ അതിനു തൊട്ടു പിറകിലുള്ള വഴിയോര തട്ടുകടയിൽ നിന്നും രുചികരമായ പുട്ടും ബീഫും അടിച്ച് ഒന്നു കിടന്നിട്ട് പിന്നെ എഴുന്നേൽക്കുന്നത് വണ്ടി തൃശൂര് എത്തിയിട്ടാണ്.
ഈ യാത്ര വിവരണം അവസാനിപ്പിക്കട്ടെ. അങ്കമാലിയിൽ നിന്നും കിട്ടിയ എറണാകുളം ലോ ഫ്ലോറിൽ എറണാകുളത്തേക്കും അവിടന്ന് കിട്ടിയ വാഗമൺ LS ൽ തൃപ്പൂണിത്തുറയിലും എത്തി. രാവിലെ 5.45ന് വീട്. 33 മണിക്കൂർ ബസ്സുകളിൽ തുടർച്ചയായി നടത്തിയ യാത്ര അവസാനമെത്തി. ചായ - കുളി - ഉറക്കം. ശുഭം
ഇങ്ങനെ നടത്തുന്ന Solo യാത്രകൾ ഒരു പക്ഷെ ശ്രമകരമായിരിക്കാം - പക്ഷേ അവ നമുക്ക് പല അനുഭവങ്ങളും തരുന്നു. കുടുംബവും സുഹൃത്തുക്കളും ഒത്തു നടത്തുന്ന യാത്രകൾ വ്യത്യസ്തമായ തരം ആണ്. കുടുംബത്തോടെയുള്ള യാത്രയിൽ നാം സുഖം , സുരക്ഷ എന്നിവയ്ക്ക് (Hygenes ) പ്രാധാന്യം കൊടുക്കുന്നു. സുഹുത്തുക്കളുടെ കൂടെയുള്ള അടിച്ചു പൊളി ടൂറുകളിൽ നാം പലതും ഒത്തു തീർപ്പുകൾക്ക് ( compromise) വിധേയം ആക്കുന്നു. Solo യാത്രകളിൽ പക്ഷേ നമുക്ക് പ്രചോദനം നൽകുന്ന വേറെ ചിലതുണ്ട് (motivators). പ്രധാനമായും അത് നമുക്ക് നമ്മളിൽ തന്നെയുള്ള ആത്മവിശ്വാസം കൂട്ടുന്നു എന്നതാണ്. നമുക്ക് പ്രായം കൂടുന്നു എങ്കിലും നമ്മൾ പണ്ട് നടത്തിയിട്ടുള്ള ഇതുപോലെ ഉള്ള യാത്രകൾക്കുള്ള ബാല്യം നമുക്ക് ഇനിയും ഉണ്ട് എന്നുള്ള തിരിച്ചറിവ് നമുക്ക് നൽകുന്ന ആ സംതൃപ്തി , സുഖം , ആത്മവിശ്വാസം എന്നിവ ഉണ്ടല്ലോ - അതാണ് ഞാൻ ഉദ്ദേശിച്ചത്.
എല്ലാ തരം യാത്രകളും നല്ലതാണ്. യാത്ര ചെയ്തു കൊണ്ടേയിരിക്കുക. നിർത്തട്ടെ
Download the app : Traveling Minds
വിവരണം, ചിത്രങ്ങൾ : Biju Augustine | Sanchari FB group
Comments