top of page
Writer's pictureJoseph Thaipparambil

Jet Airways - The glorious Indian airline

25 വർഷക്കാലം ഇന്ത്യൻ വ്യോമയാന മേഖലയിൽ നിറസാന്നിധ്യമായിരുന്നു ജെറ്റ് എയർവേസ്. മറ്റൊരു ഇന്ത്യൻ വിമാനകമ്പിനിക്കും അവകാശപ്പെടാനില്ലാത്ത സ്റ്റാൻഡേർഡ്... അതായിരുന്നു ജെറ്റ് എയർവെയ്‌സിന്റെ മുഖമുദ്ര..


25 വർഷങ്ങൾക്ക് മുൻപ്, 92കളിൽ സ്ഥാപിതമായി 1993 കാലഘട്ടത്തിൽ പ്രവർത്തനം ആരംഭിച്ചത് മുതൽ 2019 ഏപ്രിലിൽ ചിറകറ്റ് വീഴും വരെയും ഇന്ത്യൻ ആകാശ വിസ്മയമായി ജെറ്റ് എയർവെയ്‌സ് നിലകൊണ്ടു. നരേഷ് ഗോയൽ എന്ന വ്യെക്തിയിൽ നിന്നും രൂപം കൊണ്ട ജെറ്റ് പിന്നീട് പല അന്താരാഷ്ട്ര വിമാനക്കമ്പിനികളുടെയും പാർട്ണറായി.. യുണൈറ്റഡ് അറബ് എമിറേറ്റ്സ് രാജ്യത്തിൻറെ ഫ്ലാഗ് കരിയറായ എത്തിഹാദ് എയർവെയ്‌സ് പിന്നീട് ജെറ്റ് എയർവേസിന്റെ ഓഹരി വാങ്ങി പങ്കാളികളായി. ഇന്ത്യൻ ആകാശത്തും, ലോകത്തിനു മുന്നിലും ഇന്ത്യക്കാരന്റെ അഭിമാനമായി ജെറ്റ് എയർവെയ്‌സ് വിരാജിച്ചു. മുംബൈ ആസ്ഥാനമായി പ്രവർത്തനം ആരംഭിച്ച ജെറ്റ്, പിന്നീട് ഡൽഹി, ബംഗളുരു, ആംസ്റ്റർഡാം എന്നിവിടങ്ങളിലും കേന്ദ്രീകരിച്ചു പ്രവർത്തിച്ചു. ഇന്ത്യൻ മണ്ണിനു പുറത്തു ഹബ്ബ് ഉള്ള ഇന്ത്യൻ പ്രൈവറ്റ് എയർലൈൻ ഏതെന്നു ചോദിച്ചാൽ നിസ്സംശയം പറയാം.. അത് ജെറ്റ് എയർവെയ്‌സ് തന്നെയെന്ന്.


വളർച്ചയുടെ കാലഘട്ടം :

4 ബോയിങ്ങ് 737-400 വിമാനങ്ങളുമായി ആകാശ ദൗത്യം ആരംഭിച്ച ജെറ്റിനു പിന്നീട് 100-ൽ പരം വിമാനങ്ങൾ ഉള്ള ഒരു ഓപ്പറേറ്റർ ആയി മാറിയത് ചരിത്രം. ബോയിങ്ങ് 737 സീരീസ് വിമാനങ്ങളുടെയും, ATR72 സീരീസ് വിമാനങ്ങളുടെയും, ബോയിങ്ങ് 777, എയർബസ് 330 സീരീസ് വൈഡ്-ബോഡി വിമനങ്ങളുടെയും നിര തന്നെയുണ്ടായിരുന്നു ജെറ്റിനു. 2006-07 കാലഘട്ടത്തിൽ "എയർ സഹാറ"-യെ ജെറ്റ് ഏറ്റെടുക്കുകയും, "ജെറ്റ് ലൈറ്റ്" എന്ന പേരിൽ ജെറ്റിന്റെ ലോ കോസ്റ്റ് എയർലൈൻ ആയി അവതരിപ്പിക്കുകയും ചെയ്തു. എന്നാൽ അധികം വൈകാതെ തന്നെ ജെറ്റ് കണക്ട് (JET KONNECT) ആയതും, അവസാനം ജെറ്റ് എയർവെയ്‌സിൽ ലയിച്ചു ഒന്നാവുകയും ചെയ്തത് ചരിത്രം. കിങ്ങ്ഫിഷർ എയർലൈൻസിന്റെ പതനത്തോടെയായിരുന്നു ഈ ലയനം എന്ന് ചരിത്രം പറയുന്നു. ഇന്ത്യൻ ഗവൺമെന്റിന്റെ ഉടമസ്ഥതയിലുള്ള എയർ ഇന്ത്യ/ഇന്ത്യൻ എയർലൈൻസ് എന്നിവയോട് ഏറ്റുമുട്ടി ജെറ്റ് തന്റെ സാമ്രാജ്യം വിപുലപ്പെടുത്തിക്കൊണ്ടിരുന്നു.

2004-ൽ അന്താരാഷ്ട്ര റൂട്ടുകളിലേക്ക് സർവീസ് വ്യാപിപ്പിച്ച ജെറ്റ്, 2005-ൽ ലണ്ടനിലേക്കും പറന്നു. ആംസ്റ്റർഡാം (മുൻപ് ബ്രസ്സൽസ് ആയിരുന്നു ഇന്ത്യക്ക് പുറത്തുള്ള ജെറ്റിന്റെ ഹബ്ബ്) ഹബ്ബ് വഴി അമേരിക്കൻ മണ്ണിലേക്കും ജെറ്റ് തന്റെ സാന്നിധ്യം അറിയിച്ചു. 2010 കാലഘട്ടത്തിൽ ഇന്ത്യയുടെ ഏറ്റവും വലിയ എയർലൈൻ ( യാത്രക്കാരുടെ എണ്ണത്തിലും) എന്ന പദവി ജെറ്റ് സ്വന്തമാക്കി.

തകർച്ചയുടെ നാളുകൾ

2012-13 കാലഘട്ടങ്ങളിൽ പുതിയ വിമാന കമ്പനികളുടെ വരവോടെ ഇന്ത്യൻ ആകാശത്തു മത്സരം ആരംഭിച്ചു. പുതുതായി വന്ന കമ്പനികൾ LCC (ലോ കോസ്റ്റ് കരിയർ) ആയതിനാൽ സാധാരനക്കാർക്കും വ്യോമായാത്ര സാധ്യമായി തുടങ്ങി. വിപ്ലവകരമായ മാറ്റങ്ങൾ തന്നെയായിരുന്നു ഇന്ത്യൻ ആകാശത്തു ഇവയുടെ അവതാരം. ഈ കാലഘട്ടത്തിൽ തന്നെയാണ് ജെറ്റിന്റെ തകർച്ചയും ആരംഭിക്കുന്നത്.

Image courtesy : respective owners

2017-18 കാലഘട്ടത്തിൽ നഷ്ടക്കണക്കുകളുടെ കൂമ്പാരം തന്നെയായി ജെറ്റ് എന്ന് പറയാം. എന്നിരുന്നാലും ജെറ്റ് തന്റെ പ്രൗഢിയിൽ തന്നെ വിരാജിച്ചു. ഇന്ത്യൻ വ്യോമയാന മേഖല ഒന്നടങ്കം തകർന്നപ്പോഴും പിടിച്ചു നിന്ന ജെറ്റ് എന്ന അതികായൻ ഇത്തവണയും രക്ഷപ്പെടും എന്ന് ജീവനക്കാരും വിശ്വസിച്ചു. എന്നാൽ നഷ്ടങ്ങളുടെ കണക്കുകൾ അങ്ങനെയൊരു വിശ്വാസത്തിലേക്ക് അല്ല വിരൽ ചൂണ്ടിയത്. 2019 ആയപ്പോഴേക്കും ജെറ്റ് എയർവെയ്‌സ് കയറാൻ ആവാത്ത വിധം താഴ്ചയിലേക്ക് പതിച്ചിരുന്നു. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായി തുടങ്ങിയിരുന്നു. വിമാനങ്ങളുടെ വാടക നൽകാത്തതിനാൽ പല വിമാനങ്ങളുടെയും സർവീസ് നിർത്തേണ്ടി വന്നു. കുടിശ്ശിക കൂടിയപ്പോൾ ഇന്ത്യൻ ഓയിൽ കോർപറേഷനും ഇന്ധനം നൽകുന്നത് നിർത്തുവാൻ നിർബന്ധിതരായി. കിട്ടാകടങ്ങൾ ആയി മാറുന്നു എന്ന് കണ്ടപ്പോൾ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ അടങ്ങുന്ന സംഘം ജെറ്റിന്റെ പ്രവർത്തനം ഏറ്റെടുക്കുകയും ചെയ്തു. എന്നിരുന്നാലും കമ്പനിയെ പുനർജീവിപ്പിക്കാനുള്ള ശ്രമം വിജയം കണ്ടില്ല. താൽക്കാലിക ആവശ്യങ്ങൾക്കായി എമർജൻസി ഫണ്ട് ജെറ്റ് ആവശ്യപ്പെട്ടെങ്കിലും, എന്തുകൊണ്ടോ അത് ലഭിച്ചില്ല. അങ്ങനെ നീണ്ട കാലം ഇന്ത്യൻ ആകാശത്തു വിരാജിച്ച ജെറ്റ് എയർവെയ്‌സ് എന്ന ഇന്ത്യയുടെ ഏക പ്രീമിയർ ഇന്റർനാഷണൽ എയർലൈൻ ഏപ്രിൽ 17, 2019ൽ തങ്ങളുടെ ഓപ്പറേഷൻസ് താൽക്കാലികമായി നിർത്തുകയാണെന്നു ലോകത്തെ അറിയിച്ചു.


ചിറകറ്റു വീണ ജെറ്റ് എയർവെയ്‌സ് കമ്പനിയെ ആശ്രയിച്ചു (നേരിട്ടും അല്ലാതെയും) കഴിഞ്ഞ ഇരുപതിനായിരത്തോളം പേരും എന്ത് ചെയ്യണം എന്ന് അറിയാതെ പകച്ചു നിന്നു. കുറെ പേർ മറ്റുള്ള എയർലൈൻ കമ്പനികളിൽ കയറിപ്പറ്റിയെങ്കിലും നിരവധി പേർ തൊഴിൽ രഹിതരായി ഇന്നും ജെറ്റിന്റെ അവശേഷിക്കുന്ന തിരുമുറിവുകളായി നിലകൊള്ളുന്നു. സാമ്പത്തിക ക്രമക്കേടുകൾക്ക് പിന്നാലെയുള്ള അന്വേഷണങ്ങൾ പ്രതീക്ഷിച്ചതിലും വലിയ കണ്ടുപിടുത്തങ്ങളിലേക്ക് വിരൽ ചൂണ്ടി. സാമ്പത്തികമായി തകർന്നടിഞ്ഞ കമ്പനിയെ ഏറ്റെടുക്കാൻ കുറച്ചു പേർ മുന്നിട്ട് ഇറങ്ങിയെങ്കിലും അതും എങ്ങും എത്തിയില്ല. ഇപ്പോഴും ജെറ്റ് ഉയർത്തെഴുന്നേൽക്കുമോ ഇല്ലയോ എന്ന കാര്യത്തിൽ ഒരു ഉറപ്പും ഇല്ല. സാഹചര്യങ്ങൾ വിരൽ ചൂണ്ടുന്നത് കമ്പനിയുടെ ഷട്ട് ഡൌൺ ആണെങ്കിലും, എന്നെങ്കിലും ജെറ്റ് എന്ന ആകാശസൂര്യൻ ഉദിച്ചുയരും എന്ന് ആഗ്രഹിക്കാനാണ് ഏവർക്കും ഇഷ്ട്ടം... വീണ്ടും ഇന്ത്യൻ ആകാശത്ത് ഫീനിക്സ് പക്ഷിയെപ്പോലെ ജെറ്റ് ഉയർന്നു വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു...

ജെറ്റ് എയർവെയ്‌സ് ഓപ്പറേറ്റ് ചെയ്തിരുന്ന വിമാനങ്ങൾ മറ്റുള്ള കമ്പനികൾക്കായി നൽകുവാൻ യൂറോപ്പിലെ ഒരു ഹാങ്ങാറിൽ വന്നപ്പോഴുള്ള ചിത്രങ്ങൾ ചുവടെ :




European Hangar Images : Dasjin

23 views0 comments

Comments


bottom of page