ഡൂംസ്‌ഡേ .. അഥവാ അന്ത്യദിനം... ആ പേരിൽ അറിയപ്പെടുന്ന ഏതാനും ചില വിമാനങ്ങൾ ഇന്ന് ഈ ലോകത്തുണ്ട്. റഷ്യൻ & അമേരിക്കൻ വായുസേനയുടെ ഭാഗങ്ങളായി ഇവ നിഴലുകൾ പോലെ ലോകം ചുറ്റുന്നു.
Read this blog in : English
ഈ രാജ്യങ്ങളുടെ സഞ്ചരിക്കുന്ന കമാൻഡ് പോസ്റ്റുകൾ ആണ് ഈ വിമാനങ്ങൾ. ലോകം പേടിക്കുന്ന അണുബോംബ് ആക്രമണങ്ങൾ പോലും ചെറുത്ത് നിൽക്കുവാൻ തക്കവണ്ണം രൂപകൽപ്പന ചെയ്തവയാണ് ഈ വിമാനങ്ങൾ.

എന്താണ് ഡൂംസ്‌ഡേ വിമാനങ്ങൾ?
നാഷണൽ എയർബോൺ ഓപ്പറേഷൻ സെന്റർ എന്നതാണ് ഇവയുടെ ഔദ്യോഗിക വിളിപ്പേര്. ലോകത്തിലെ ഏറ്റവും സുരക്ഷിതമായ വിമാനം എന്ന പേരിൽ അറിയപ്പെടുന്നത് അമേരിക്കയുടെ "എയർഫോഴ്സ് വൺ" ആണെങ്കിലും, എയർഫോഴ്സ് വൺ-നേകൾ സുരക്ഷിതമായ പറക്കുന്ന കോട്ട തന്നെയാണ് ഈ കമാൻഡ് പോസ്റ്റുകൾ. ആകാശത്തെ രാജ്ഞി എന്നറിയപ്പെടുന്ന "ബോയിങ്ങ് 747" തന്നെയാണ് അമേരിക്കയുടെ എയർഫോഴ്സ് വൺ, കമാൻഡ് സെന്റർ എന്നിവയുടെ അടിസ്ഥാനങ്ങൾ. റഷ്യൻ ഫെഡറേഷൻ ആവട്ടെ, അവരുടെ സ്വന്തം ഇൽയുഷിൻ വിമാനങ്ങൾ അടിസ്ഥാനമാക്കി ആണ് കമാൻഡ് പോസ്റ്റുകൾ വികസിപ്പിച്ചിരിക്കുന്നത്. പുതിയ വിമാനങ്ങൾ പോലെ ആധുനിക ഫ്ലൈറ്റ് പാനലുകൾ അല്ല ഇവയ്ക്ക്. ഡിജിറ്റലിനു പകരം അനലോഗ് മീറ്ററുകൾ ആണെന്നത് ഒരു പരിധി വരെ സൈബർ അറ്റാക്കുകളെ പ്രതിരോധിക്കാൻ ഉപയോഗിക്കുന്നു.
★ബോയിങ്ങ് E-4B 【അമേരിക്ക】

"നൈറ്റ് വാച്ച്" എന്ന അപരനാമത്തിൽ അറിയപ്പെടുന്നു. ബോയിങ്ങ് 747-200B എന്ന മോഡലിൽ അടിസ്ഥാനമാക്കി നിർമിച്ച ഈ വിമാനം 1974ൽ വ്യോമസേനയുടെ ഭാഗമായി. നാഷണൽ കമാൻഡ് അതോറിറ്റിയുടെ കീഴിൽ അമേരിക്കൻ എയർഫോഴ്സിന്റെ ഗ്ലോബൽ സ്‌ട്രൈക്ക് കമാൻഡ് (നെബ്രാസ്ക ബേസ്) ആണ് ഇവ നോക്കി നടത്തുന്നത്. ഇലക്ട്രോ മാഗ്നെറ്റിക്ക് പൾസ് (EMP) ആക്രമണങ്ങളെ പ്രതിരോധിക്കാൻ തക്കവണ്ണമാണ് ഇവയുടെ നിർമാണം. അതേപോലെ തന്നെ മിസൈൽ പ്രതിരോധിക്കാനുള്ള സംവിധാനങ്ങളും ഇവയിലുണ്ട്. ഇവയുടെ മുകളിൽ കാണപ്പെടുന്ന ഒരു ഡോം അത്യാധുനിക റഡാർ/സാറ്റലൈറ്റ് സംവിധാനങ്ങളുടെ കലവറയാണ്. ഏകദേശം 112 പേരെ ഉൾകൊള്ളാൻ കഴിയുന്ന ഇവയിൽ എയർഫോഴ്സ് ഉദ്യോഗസ്ഥർ 24x7 ജോലി ചെയ്യുന്നു. നിലവിൽ നാല് E-4B വിമാനങ്ങൾ അമേരിക്കൻ വ്യോമസേനയുടെ പക്കൽ ഉണ്ടെന്നതാണ് വിവരം. ഇവയിൽ ഒരെണ്ണം അമേരിക്കൻ പ്രസിഡന്റിനെ അദ്ദേഹത്തിന്റെ അന്താരാഷ്ട്ര സന്ദർശനയാത്രകളിൽ പിന്തുടരും. ഒരെണ്ണം അമേരിക്കൻ ഡിഫെൻസ് സെക്രട്ടറിയുടെ അന്താരാഷ്ട്ര യാത്രകൾക്ക് ഉപയോഗിക്കുന്നു. ബാക്കി രണ്ടും അമേരിക്കൻ മണ്ണിൽ 24x7 സാധാ ജാഗരൂഗരായി നിലകൊള്ളുന്നു.

Read this blog in : English
★ ബോയിങ്ങ് E-6 മെർക്കുറി 【അമേരിക്ക】

ബോയിങ്ങ് 707-320 എന്ന മോഡൽ അടിസ്ഥാനമാക്കി നിർമിച്ചതാണ് E-6 മെർക്കുറി. (E-6A & E-6B). ബോയിങ്ങ് ഡിഫെൻസ് ഡിവിഷൻ രൂപകൽപ്പന ചെയ്തു നിർമിച്ച ആദ്യ മോഡൽ (E-6A) 1989ൽ അമേരിക്കൻ നാവികസേനയുടെ ഭാഗമായി. നാവിക സേനയുടെ മിസൈൽ അന്തർവാഹിനികൾക്ക് തന്ത്രപ്രധാനമായ വിവരങ്ങൾ കൈമാറുവാൻ ഉപയോഗിച്ചിരുന്നു. 1998ൽ E-6Aയ്ക്ക് പകരക്കാരനായി E-6B എന്ന വേർഷനിൽ നൂതന സാങ്കേതിക വിദ്യകളാൽ സമ്പന്നമായ വേർഷൻ ഇറങ്ങി. എയർബോൺ ലോഞ്ച് കണ്ട്രോൾ സിസ്റ്റം എന്ന സാങ്കേതിക വിദ്യ ഉപയോഗിച്ച് മിനിറ്റ്മാൻ ICBM മിസൈലുകൾ ഇവയിൽ നിന്ന് ലോഞ്ച് ചെയ്യാനും കണ്ട്രോൾ ചെയ്യാനും സാധിക്കും.

★ ഇൽയുഷിൻ IL-80 【റഷ്യൻ】

EIMAK (റഷ്യൻ വിളിപ്പേര്), മാക്സ്ഡോം എന്ന പേരിലും (നാറ്റോ) അറിയപ്പെടുന്ന റഷ്യൻ ഫെഡറേഷൻ എയർബോൺ കമാൻഡ് & കണ്ട്രോൾ വിമാനം. Il-86 എന്ന യാത്രാവിമനത്തെ അടിസ്ഥാനമാക്കി നിർമിച്ച ഒന്നാണിത്. മൂന്നാം ലോക മഹായുദ്ധം ഉണ്ടായലോ/അണുബോംബ് ആക്രമണം ഉണ്ടായലോ, റഷ്യൻ പ്രസിഡന്റ് അടക്കം ഭരണകൂടത്തിന്റെയും, പ്രതിരോധ വകുപ്പിന്റെയും ആളുകളെ വഹിച്ചു പറക്കാനും, പറക്കുന്ന കമാൻഡ് പോസ്റ്റ് ആയി പ്രവർത്തിക്കാനും ഇവയ്ക്ക് കഴിയും. അമേരിക്കയുടെ "നൈറ്റ് വാച്ച്" പോലെ തന്നെ അതിനൂതന സാങ്കേതിക വിദ്യകൾ ഉൾക്കൊള്ളുന്ന ഒന്നാണിത്. റഷ്യൻ വ്യോമസേനയ്ക്കാണ് ഇവയുടെ ചുമതലകൾ. 4എണ്ണം നിർമിക്കപ്പെട്ടതായി പറയപ്പെടുന്നു. ഇവയിൽ 3 എണ്ണമേ ഇപ്പോൾ വ്യോമസേനയുടെ പക്കൽ ഉള്ളൂ എന്നതാണ് റിപ്പോർട്ടുകൾ. റഷ്യൻ വിമനക്കമ്പിനിയായ എയ്റോഫ്‌ളോട്ട് (Aeroflot) -ന്റെ അതെ പെയിന്റാണ് ഇവയ്ക്ക് ഉപയോഗിച്ചിരിക്കുന്നത് എന്നതും ശ്രദ്ധേയം. E-4B പോലെ അത്ര പരസ്യമായി ഇവ കാണപ്പെടാറില്ല എന്നതും ഇവയുടെ രഹസ്യസ്വഭാവത്തിന്റെ ആഴം കൂട്ടുന്നു. മിലിറ്ററി റെജിസ്‌ട്രേഷൻ അല്ല ഇവയ്ക്ക് എന്നതും എടുത്തു പറയേണ്ട ഒരു കാര്യമാണ്. സിവിൽ വിമാനങ്ങൾ രജിസ്റ്റർ ചെയ്യുന്നത്പോലെയാണ് ഇവയുടെ റെജിസ്‌ട്രേഷൻ (RA-86147, RA-86148, and RA-86149). പ്രായാധിക്യം അലട്ടുന്ന ഇവയ്ക്ക് പകരക്കാരായി Il 96-400 എന്ന മോഡൽ ആസ്പദമാക്കി പുതിയതും സാങ്കേതികവിദ്യയിൽ ഒരുപടി മുന്നിൽ നിൽക്കുന്നതുമായ പുതിയ കമാൻഡ് പോസ്റ്റുകൾ, അഥവാ ഡൂംസ്‌ഡേ വിമാനങ്ങൾ അണിയറയിൽ ഒരുങ്ങുന്നു എന്നതാണ് ഒടുവിലത്തെ വിവരങ്ങൾ.

ചിത്രങ്ങൾ : അമേരിക്കൻ ഡിഫെൻസ്, വിക്കിപീഡിയ
Comments