കൈയ്യിൽ 500 രൂപയുണ്ടെങ്കിൽ നിങ്ങൾക്ക് എന്തൊക്കെ ചെയ്യാം???
തിരുവനന്തപുരത്താണെങ്കിൽ ഏരീസ് പ്ലക്സിൽ പോയി 2 സിനിമ കാണാം അല്ലെങ്കിൽ സംസം ഹോട്ടലിൽ പോയി ഒരു മന്തി കഴിക്കാം അല്ലെങ്കിൽ പുത്തരിക്കണ്ടം മൈതാനത്ത് ഇപ്പൊ നടക്കുന്ന ജംബോ സർക്കസിനു പോകാം ഇനി ഇതൊന്നുമല്ലാതെ ഒരു യാത്ര പോകാൻ ആണ് താൽപര്യമെങ്കിൽ കൂടുതലൊന്നും ആലോചിക്കാതെ നേരെ വിട്ടോ രാമേശ്വരം വഴി ധനുഷ്കോടിയിലേക്ക് രണ്ടു രാത്രിയും ഒരു പകലും നീണ്ടുനിൽക്കുന്ന ഒരു കൊച്ചുയാത്ര. കൈയ്യിൽ ചെറിയൊരു ബാഗും ഒരുകുപ്പി വെള്ളവും രണ്ടു പാക്കറ്റ് ബിസ്ക്കറ്റും കൊണ്ട്തിരുവനന്തപുരം റെയിൽവേ സ്‌റ്റേഷനിൽ നിന്ന് രാത്രി 8.30 നുള്ള മധുര പാസഞ്ചറിൽ കേറി ഒറ്റയ്ക്കുള്ള ഈ യാത്ര തുടങ്ങി(Trivandrum-Madurui General Ticket Rs60).
പാസഞ്ചർ ട്രെയിൻ ആയതിനാൽ സീറ്റുകിട്ടാനും ഒട്ടും ബുദ്ധിമുട്ടേണ്ടി വന്നില്ല.ജനാലക്കരികിലെ ഒരുസീറ്റും പിടിച്ച് രാത്രിയിലെ പുറത്തെ കാഴ്ചകളും കണ്ട് ഞാൻ യാത്ര തുടർന്നു. ട്രെയിൻ നാഗർകോവിൽ കഴിഞ്ഞ് കുറച്ചുദൂരം പോയതോടെ പുറത്ത് അരണ്ട വെളിച്ചത്തിൽ കുറെ കാറ്റാടിപ്പാടങ്ങൾ കണ്ടുതുടങ്ങി. ഇന്ത്യയിൽ ഏറ്റവും കൂടുതൽ അളവിൽ കാറ്റിൽ നിന്നും വൈദ്യുതി ഉൽപാദിപ്പിക്കുന്ന സ്ഥലങ്ങളിലൊന്നാണ് അരവാൽമൊഴിയിലെ(Araivalmozhi) കാറ്റാടിപ്പാടങ്ങൾ എന്ന് ഗൂഗിൾ മാമ്മൻ പറഞ്ഞുതന്നു. പുറത്തു നിന്നുള്ള കാറ്റിന്റെ ശക്തിയും അന്നത്തെ ക്ഷീണവും കാരണം ഇടയ്ക്കെപ്പോഴോ പതുക്കെ കണ്ണുകൾ അടഞ്ഞു ഉറക്കത്തിലേക്ക് വഴുതിവീണു.
പുലർച്ചെ കണ്ണുതുറന്നു നോക്കുമ്പോൾ വണ്ടി മധുര സ്റ്റേഷനിൽ എത്താറായിരിക്കുന്നു. നിര നിരന്നായി പരന്നുകിടക്കുന്ന നെൽപാടങ്ങൾക്കിടയിലൂടെ സൂര്യൻ ഉദിച്ചുയർന്നു വരുന്നത് നല്ലൊരു കാഴ്ച തന്നെയാണ്. മധുര സ്റ്റേഷൻ എത്തിയതോടെ വേഗം പുറത്തിറങ്ങി അടുത്ത ട്രെയിൻ പിടിക്കാൻ റെഡിയായി. ഈ ട്രെയിൻ അവിടെ എത്തി 15 മിനിറ്റോടുകൂടി രാമേശ്വരത്തേക്കുള്ള ട്രെയിൻ പുറപ്പെടുമെന്നതിനാൽ ടിക്കറ്റ് എടുക്കുന്നതും ഭക്ഷണം കഴിക്കുന്നതും എല്ലാം വേഗത്തിൽ തീർത്തു. സ്റ്റേഷനിൽ വരിനിന്ന് ടിക്കറ്റ് എടുക്കുന്നതിനേക്കാൾ സമയം ലാഭിക്കാനായി UTS മൊബൈൽ ആപ്പ് ഉപയോഗിച്ചു മധുര സ്റ്റേഷൻ എത്തുന്നതിനു തൊട്ടു മുമ്പേ ഒരു സെക്കന്റ് ക്ലാസ് ടിക്കറ്റും എടുത്തിരുന്നു.(Madurai - Rameswaram Passenger Train Rs 30). അതിരാവിലെ തമിഴ്നാട്ടിലെ ഉൾഗ്രാമങ്ങളിലൂടെയുള്ള
ഈ പാസഞ്ചർ ട്രെയിൻ യാത്ര മനോഹരമായിരുന്നു.രാമനാഥപുരംസ്റ്റേഷൻ കഴിഞ്ഞതോടെ ചാറ്റൽ മഴയും കൂട്ടിനു വന്നു.മണ്ഡപം സ്റ്റേഷൻ കഴിഞ്ഞതോടെ അവശേഷിച്ച വളരെ കുറച്ച് യാത്രക്കാരുമായി ട്രെയിൻ പാമ്പൻ പാലത്തിലേക്ക് പ്രവേശിച്ചു
പാമ്പൻപാലം
----------------------
രാമേശ്വരത്തേയും രാമനാഥപുരത്തേയും തമ്മിൽ ബന്ധിപ്പിച്ച് കിടക്കുന്ന റെയിൽവേ പാലമാണ് പാമ്പൻപാലം. ഇന്ത്യയ്ക്കും ശ്രീലങ്കയ്ക്കുമിടയിലെ പാക്ക് കടലിടുക്കിലാണ് (Palk Strait) ഇത് സ്ഥിതിചെയ്യുന്നത്. മണ്ഡപം റെയിൽവേ സ്‌റ്റേഷനും പാമ്പൻ റെയിൽവേ സ്റ്റേഷനും ഇടയിലാണ് പാമ്പൻപാലം. ഇന്ത്യയിലെ ആദ്യത്തെ കടൽപ്പാലമാണിത്. രണ്ടു കിലോമീറ്ററാണ് പാലത്തിന്റെ നീളം. കപ്പലുകൾ കടന്നു പോകുന്നതിനു വേണ്ടി ഉയർത്തി മാറ്റാവുന്ന രീതിയിലാണ് പാലത്തിന്റെ മധ്യഭാഗം രൂപകൽപ്പന ചെയ്തിട്ടുള്ളത്. പാമ്പൻ പാലത്തിനു സമാന്തരമായി NH 49 റോഡും കടന്നു പോകുന്നു. ജീവിതത്തിൽ ഒരിക്കലെങ്കിലും പാമ്പൻ പാലത്തിലൂടെയുള്ള ട്രെയിൻ യാത്ര മറക്കാനാവാത്ത അനുഭവമാണ്.
രാവിലെ പത്തരയോടെ വണ്ടി രാമേശ്വരം സ്‌റ്റേഷനിലെത്തി. അവിടെനിന്നും 2 കി.മീ റോഡിലൂടെ നടന്ന് ഞാൻ രാമേശ്വരം ടൗണിൽ എത്തി. തീർത്ഥാടകരെയും കച്ചവടക്കാരെയും കൊണ്ട് നിറഞ്ഞ ഇടുങ്ങിയ റോഡുകളാണ് രാമേശ്വരത്തേത്. രാമേശ്വരത്തെ പ്രധാന ആകർഷണങ്ങളായ രാമേശ്വരം ക്ഷേത്രവും നമ്മുടെ മുൻ പ്രസിഡണ്ട് കലാം സാറിന്റെ വീടും ധനുഷ്കോടിയിൽ നിന്ന് തിരിച്ചുവരുമ്പോൾ വിശദമായി കാണാം എന്ന ഉദ്ദേശത്തോടെ ഞാൻ ധനുഷ്കോടിയിലേക്ക് വണ്ടികയറി.
രാമേശ്വരത്തുനിന്നും ധനുഷ്കോടിയിലേക്ക് പോകുന്ന ബസിനായി കാത്തിരിക്കുമ്പോഴാണ് ഒരു ജീപ്പ് മുന്നിൽ വന്ന് നിർത്തിയത്. ധനുഷ്കോടി പോരുന്നോ 50 രൂപ തന്നാമതി എന്ന് പറഞ്ഞു.ധനുഷ്കോടിയല്ല എനിക്ക് അരിച്ചൽ മുനെ വരെ പോകണം എന്ന് പറഞ്ഞപ്പോൾ അവിടെ വിടാം 10 രൂപകൂടി അധികം മതി എന്ന് പറഞ്ഞു.ഞാൻ ചാടിക്കയറി മുൻവശത്തെസീറ്റും പിടിച്ചു.
ധനുഷ്കോടിയിലേക്ക് ജോലിക്കായി പോകുന്ന കുറച്ച് മനുഷ്യരെയും കൊണ്ട് (അധികവും സ്ത്രീകൾ) ആ ജീപ്പ് യാത്ര തുടർന്നു.
രാമേശ്വരത്തു നിന്നും ധനുഷ് കോടിയിലേക്കുള്ള യാത്ര മനോഹരമായിരുന്നു. റോഡിന്റെ ഇരുവശങ്ങളിലും അനന്തതയിലേക്ക് പരന്നു കിടക്കുന്ന നീലക്കടൽ മാത്രം. കടലിലേക്കുള്ള കാഴ്ച മറക്കുന്ന കെട്ടിടങ്ങളോ ഒന്നും റോഡിന്റെ വശങ്ങളിലൊന്നുമില്ല.തീർത്ഥാടകരെ വഹിച്ചുള്ള വാനുകളും ഇടയ്ക്കെപ്പോഴോ പ്രത്യക്ഷപ്പെടുന്ന സ്റ്റേറ്റ് ബസുകളും ഒഴിച്ചുനിർത്തിയാൽ റോഡും ഏറെക്കുറെ വിജനമായിരുന്നു. തന്റെ വിശ്വാസികളെ രക്ഷിക്കാനായി കടലിനു നടുവിലൂടെ വടികൊണ്ടടിച്ച് വഴി വെട്ടിയ മോസസിന്റെ/മൂസയുടെ യാത്രയെ ഓർമിപ്പിക്കുന്ന തരത്തിലുള്ള യാത്രയായിരുന്നു അത്.അന്നവർ കാൽനടയായിട്ടായിരുന്നെങ്കിൽ ഇന്ന് നമ്മൾ വാഹനത്തിലാണെന്ന വ്യത്യാസം മാത്രം.
ധനുഷ്കോടി എത്തിയതോടെ ജീപ്പും ഏകദേശം കാലിയായി.അവിടെ നിന്നും 4 കി.മീ കൂടി മുന്നോട്ട് യാത്ര ചെയ്തു വേണം നമുക്ക് അരിച്ചൽ മുനെ ബീച്ചിൽ എത്താൻ. ധനുഷ്കോടിയും ഇതിലൂടെയുള്ള യാത്രയും അരിച്ചൽമുനെ ബീച്ചുമൊക്കെ
'മായാനദി' എന്ന ചിത്രത്തിലെ 'ഉയിരിൻ നദിയെ' എന്ന ഗാന രംഗത്ത് അതി മനോഹരമായി ചിത്രീകരിച്ചിട്ടുണ്ട്.
അരിച്ചൽമുനൈ/അരിച്ചുമുനെ
------------------------------------------------
ശ്രീലങ്കയോട് ഏറ്റവും അടുത്ത് ചേർന്നു കിടക്കുന്ന ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ സ്ഥലമാണ് അരിച്ചൽമുനെബീച്ച്. ഇവിടെനിന്നും ശ്രീലങ്കയിലെ തലൈമന്നാറിലേക്ക് വെറും 20 കി.മീ ആണ് ദൂരം. മൂന്നാൾ പൊക്കത്തിലുള്ള അശോക സ്തൂപമാണ് ഇവിടുത്തെ പ്രധാന കാഴ്ച. വളരെ ശാന്തമായി കിടക്കുന്ന കടൽ കണ്ട് കുറച്ചു നേരം വിശ്രമിച്ച ശേഷം ടൂറിസ്റ്റുകളുടെ ബഹളവും വാഹനങ്ങളുടെ തിരക്കും കാരണം ഞാൻ പഴയ ധനുഷ്‌കോടിയിലേക്ക് തിരിച്ച് ബസ് കയറി.
ധനുഷ്കോടി
----------------------
ഇന്ത്യയുടെ ഭൂപടം എടുത്ത് നോക്കിയാൽ തമിഴ്നാട്ടിൽ കടലിലേക്ക് തള്ളിനിൽക്കുന്ന ഒരു ചെറിയ പ്രദേശം കാണാം. ഇതാണ് ധനുഷ്കോടി. ബംഗാൾ ഉൾക്കടലിനും ഇന്ത്യൻ മഹാസമുദ്രത്തിനും ഇടയിലുള്ള ഒരു പ്രദേശമാണ് ധനുഷ്കോടി. ഇന്ന് കാണുന്ന രീതിയിൽ ഒരു പ്രേതനഗരിയായി ശ്മശാനമൂകതയിൽ ജീവിക്കുന്ന ഒരു ഗ്രാമമല്ലായിരുന്നു ഒരു കാലത്തെ ധനുഷ്കോടി. എല്ലാ സുഖസൗകര്യങ്ങളോടും കൂടി ജീവിച്ച ഈ ഗ്രാമം 1964 ഡിസംബർ 22നു പാതിരാത്രി ശ്രീലങ്കൻ തീരത്തു നിന്നെത്തിയ ചുഴലി കൊടുങ്കാറ്റും ഭീമൻ തിരമാലകളും അന്നത്തെ ധനുഷ് കോടിയെ അപ്പാടെ വിഴുങ്ങി. 1800 ഓളം ജനങ്ങൾ അന്നു മരണപ്പെട്ടതായി കണക്കാക്കുന്നു. അന്ന് തിരമാലകൾ തകർത്ത പള്ളിയും റെയിൽവേ പാളവും സ്റ്റേഷനും പോസ്റ്റ് ഓഫീസും ജലസംഭരണിയും ഒരു ദുരന്തത്തിന്റെ മൂകസാക്ഷിയെന്നോണം നമുക്കിന്നും അവിടെ കാണാം.
ഒരു കാലത്ത് ഇന്ത്യയിൽ നിന്നും ശ്രീലങ്കയിലേക്ക് വളരെ സൗകര്യപ്രദമായ രീതിയിൽ യാത്ര ചെയ്യാമായിരുന്നു. ബോട്ട്മെയിൽ എക്സ്പ്രസ് എന്നറിയപ്പെട്ടിരുന്ന ഈ ട്രെയിനിൽ ചെന്നൈയിൽ നിന്നും പാമ്പൻ വഴി ധനുഷ്കോടി വരെ യാത്ര ചെയ്ത് ധനുഷ്കോടിയിൽ നിന്ന് ശ്രീലങ്കയിലെ തലൈമന്നാർ വരെ ചെറിയ കപ്പലിലോ ബോട്ടിലോ പോയി തലൈമന്നാർ നിന്നും കൊളംബോയിലേക്കോ ജാഫ്നയിലേക്കോ ട്രെയിനിലും യാത്ര ചെയ്യാമായിരുന്നു. അന്ന് രാത്രി 110 യാത്രക്കാരുമായി പാമ്പനിൽ നിന്നും ധനുഷ്കോടിയിലേക്ക് പുറപ്പെട്ട പാസഞ്ചർ ട്രെയിനിന്റെ 6 ബോഗികളും കടലെടുത്തതോടെ ശ്രീലങ്കയിലേക്കുള്ള യാത്രാ സൗകര്യവും നിലച്ചു.
ഹിന്ദു വിശ്വാസപ്രകാരം രാവണൻ കടത്തികൊണ്ടു പോയ സീതയെ രക്ഷിക്കാനായി രാമനും അദ്ദേഹത്തിന്റെ വാനരസേനയും ചേർന്ന് നിർമിച്ച രാമസേതു പാലം ഇവിടെയാണെന്ന് വിശ്വസിക്കപ്പെടുന്നു. രാമസേതു പാലത്തിന്റെ നിർമ്മാണത്തിനുപയോഗിച്ച വെള്ളത്തിൽ പൊങ്ങിക്കിടക്കുന്ന കല്ലുകൾ കടലിനോട് ചേർന്ന് നിൽക്കുന്ന അമ്പലത്തിൽ നമുക്കിന്നും കാണാം.
തകർന്ന കെട്ടിടങ്ങളുടെ അവശിഷ്ടങ്ങളും കടൽകക്കകൾ കൊണ്ടുള്ള കൗതുകവസ്തുക്കൾ വിൽക്കുന്ന കുറച്ച് പെട്ടി കടകളും ചെറിയ ചില ഹോട്ടലുകളും മാത്രമേ ഇന്നിവിടയുള്ളൂ. ഉച്ചയായതോടെ എന്തെങ്കിലും
ഭക്ഷണം കഴിക്കാനായി ഞാനൊരു ഹോട്ടലിലേക്ക് നടന്നു ഇവിടുത്തെ ഹോട്ടലുകളിൽ ഫ്രഷായി പൊരിച്ച് കൊടുക്കുന്ന മീൻ ഒരിക്കലും മിസ് ചെയ്യാനാകാത്തതാണ്. ചെല്ലമ്മാൾ എന്നൊരു ചേച്ചിയുടെ ഹോട്ടലിൽ കയറി പൊരിച്ച മീനും കൂട്ടി ഒരുഗ്രൻ ചോറും കഴിച്ച് ഞാൻ തിരിച്ച് രാമേശ്വരത്തേക്കു തന്നെ ബസ് കയറി.
രാമേശ്വരം
-----------------
രാമേശ്വരം എന്ന് കേൾക്കുമ്പോൾ നമ്മുടെ മനസ്സിൽ ആദ്യം വരുന്ന വ്യക്തി മുൻ പ്രസിഡണ്ട് Dr. Apj അബ്ദുൽ കലാം ആണല്ലോ. രാമേശ്വരത്തിന്റെ കടൽത്തീരത്തിലൂടെ പത്രം വിറ്റുനടന്ന് പിന്നീട് ശാസ്ത്രജ്ഞനും ഇന്ത്യയുടെ മിസൈൽമാനും ശേഷം ഇന്ത്യയുടെ പരമോന്നത രാഷ്ട്രപതികസേരയിൽ വരെ എത്തിച്ചേർന്ന അപൂർവ്വ വ്യക്തിയാണ് കലാം. കലാം സാറിന്റെ വീടുകാണാൻ ആണ് ഞാൻ ആദ്യം പോയത്. ബസ്റ്റാന്റിൽ നിന്നും നടന്നു പോകാവുന്ന ദൂരത്തിലാണ് അദേഹത്തിന്റെ വീട്. "HOUSE OF KALAM" എന്ന വലിയ ബോർഡ് നിങ്ങളെ അങ്ങോട്ട് സ്വാഗതം ചെയ്യും. പടികൾ കയറി ഗ്യാലറിയിലേക്കാണ് നമ്മൾ ആദ്യം പോവുക.തന്റെ ജീവിതകാലത്തിനിടക്ക് അദ്ദേഹം നേടിയ പുരസ്കാരങ്ങളായ പത്മഭൂഷൺ,പത്മവിഭൂഷൺ,ഭാരതരത്ന തുടങ്ങിയവയെല്ലാം ഇവിടെ പ്രദർശനത്തിനു വെച്ചിട്ടുണ്ട്. ജീവിതത്തിൽ ആദ്യമായിട്ടാണ് ഞാനിതെല്ലാം നേരിട്ടു കാണുന്നത്. കൂടാതെ ISRO ലെ അദ്ദേഹത്തിന്റെ സംഭാവനകൾ, DRDO ൽ അദ്ദേഹം വികസിപ്പിച്ചെടുത്ത പൃഥി,അഗ്നി മിസൈലുകളുടെ മാതൃകാരൂപങ്ങൾ, പൊഖ്റാൻ ആണവ പരീക്ഷണത്തിന്റെ വിവരങ്ങൾ,അദേഹം ഉപയോഗിച്ചിരുന്ന വസ്ത്രങ്ങൾ,അദേഹത്തിന്റെ രചനകൾ, വളരെ പ്രശസ്തമായ അദ്ദേഹത്തിന്റെ വാക്യങ്ങൾ എല്ലാം ഇവിടെ കാണാം. ഇവിടെ ഫോട്ടോയെടുക്കൽ അനുവദനീയമല്ല. ശേഷം ഞാൻ ഇവിടെ നിന്നും ഇറങ്ങി രാമേശ്വരം ക്ഷേത്രവും സന്ദർശിച്ച് വൈകുന്നേരം 6 മണിയോടെ രാമേശ്വരത്തു നിന്നും തിരിച്ച് മധുരയിലേക്ക് ട്രയിൻ കയറി. (Rameswaram-Madurai Passenger Rs.35) പാമ്പൻ പാലത്തിൽ വെച്ച് കടലിൽ മുങ്ങിത്താഴുന്നതും കണ്ട് രാത്രി പത്തോടെ മധുരയിൽ വണ്ടിയിറങ്ങി. രാത്രി 11 ന്റെ മധുര-പുനലൂർ പാസഞ്ചറിന് തിരുവനന്തപുരത്തേക്ക് തിരിച്ചു(Madurai-Trivandrum Rs60). അങ്ങനെ
രാവിലെ 7 മണിയോടെ രണ്ടു രാത്രിയും ഒരു പകലും നീണ്ടു നിന്ന യാത്രയ്ക്ക് സമാപനം കുറിച്ചു.
"അതിർത്തികളില്ലാത്ത ലോകം സ്വപ്നം കാണുന്ന ഒരു ചെറിയ യാത്രികനെന്ന നിലയിൽ മുടങ്ങിപ്പോയ ഇന്ത്യ-ശ്രീലങ്ക ട്രെയിൻയാത്ര യാതാർത്ഥ്യമാകുന്നത് ഞാനിന്നും സ്വപ്നം കാണുന്നു "
വിവരണം & ഫോട്ടോ : Faslu Rahman Pklr/ സഞ്ചാരി ഗ്രൂപ്പ്
Comments