top of page
Writer's pictureJoseph Thaipparambil

മീനച്ചിൽ മോട്ടോർ അസോസിയേഷൻ

Updated: Aug 4, 2019

110 വര്ഷം മുൻപ്, ഒരു പതിനെട്ടുകാരൻ കണ്ട സ്വപ്നം; അത് സാധ്യമാക്കുവാൻ അവന്റെ പിതൃസഹോദരന് മുടക്കേണ്ടി വന്നത് 1000 പവൻ. ചരിത്രം സൃഷ്ടിച്ചുകൊണ്ട് കേരളത്തിലെ ആദ്യ ബസ് സർവീസ് കോട്ടയം - പാലാ റൂട്ടിൽ ഓടിത്തുടങ്ങി !


പണ്ട് പണ്ട്, ഏതാണ്ട് 110 വർഷം മുൻപത്തെ കാലം. പാലാ നഗരഹൃദയത്തിലെ കയ്യാലയ്ക്കകം വീട്ടിൽ ജോസഫ് അഗസ്തിയെന്ന പതിനെട്ടുകാരൻ ഒറ്റയാൾ സത്യാഗ്രഹം തുടങ്ങി. ഊണും ഉറക്കവും എല്ലാം ഉപേക്ഷിച്ചുള്ള സത്യാഗ്രഹം. പിതാവ്‌ മരിച്ചു ദുരിതത്തിലായ ജോസഫിനെയും സഹോദരന്‍ തോമസിനെയും പിതൃസഹോദരൻ കൊച്ചുമത്തച്ചനെന്ന ആഗസ്തി മത്തായി ഈരാറ്റൂപേട്ട മങ്കൊമ്പില്‍ നിന്നു പാലായിലേക്കു കൊണ്ടുവന്നിട്ട്‌ അധികം കാലമായിട്ടില്ല. ആ കൊച്ചുമത്തച്ചന്റെ മനസ്സ്‌ മാറ്റാനാണു ജോസഫിന്റെ സത്യാഗ്രഹം. അതു നീണ്ടപ്പോൾ കൊച്ചുമത്തച്ചന്റെ ഭാര്യയുടെ മനസ്സലിഞ്ഞു. 'പിള്ളേരുടെ ആഗ്രഹം എന്നാന്നു വച്ചാല്‍ അങ്ങു സാധിച്ചു കൊടുത്തേക്കാന്‍ ഭര്‍ത്താവിനൊരു ഉപദേശം. കൊച്ചുമത്തച്ചന്‍ ആ ഉപദേശം സ്വീകരിച്ചതോടെ ചരിത്രം നാലുകാലില്‍ ഓടാന്‍ തുടങ്ങി; ഒരു പതിനെട്ടുകാരന്റെ സ്വപ്നവും.

അങ്ങനെ, 1910ല്‍ കേരളത്തിലെ ആദൃ ബസ്‌ സര്‍വീസ്‌ കോട്ടയം- പാലാ റൂട്ടിൽ തുടങ്ങി. “മീനച്ചില്‍ മോട്ടര്‍ അസോസിയേഷന്‍. ജോസഫിന്റെ സ്വപ്നം സാക്ഷാത്കരിക്കാന്‍ ആഗസ്തി മത്തായിക്കു ചെലവഴിക്കേണ്ടി വന്നതോ 1000 പവന്‍! ഇന്നത്തെ സ്വര്‍ണവില അനുസരിച്ച്‌ രണ്ടരക്കോടിയോളം രൂപ. അന്നത്തെക്കാലത്ത്‌ 1000 പവന്‍ കൊടുത്താല്‍ മലയോരമേഖലയില്‍ 3000 ഏക്കറിലേറെ സ്ഥലം ആരും കണ്ണടച്ചു തരും. പക്ഷേ, ചരിത്രം സൃഷ്ടിക്കാനായിരുന്നു ജോസഫിന്റെ നിയോഗം, അഗസ്തി മത്തായിക്കോ; അതിനു വഴി തെളിയിക്കാനും. പിന്നീട് പാലാ സെൻട്രൽ ബാങ്ക് എന്ന പേരിൽ രാജ്യം മുഴുവൻ പടർന്ന സംരംഭത്തിന് പിന്നിലും ഈ കൂട്ടുകെട്ടായിരുന്നു. ആദ്യ ബസിന്റെ വരവ് :

പാലാ വഴി അതിരമ്പുഴ - ഈരാറ്റുപേട്ട റോഡ്‌ പൂര്‍ത്തിയാകുന്നത്‌ 1868ല്‍. അത്‌ 1893ല്‍ തൊടുപുഴയിലേക്കു നീണ്ടു. ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യകാലത്തു തന്നെ പാലായില്‍ മോട്ടര്‍ വാഹനങ്ങളും എത്തി. അക്കാലത്ത്‌ സുഗന്ധവ്യഞ്ജനങ്ങളുടെ കാര്യത്തിലും പ്രശസ്തമായിരുന്നു പാലാ. ഇവിടെ നിന്നുള്ള കുരുമുളക്‌ ലണ്ടന്‍ മാര്‍ക്കറ്റിൽ 'പാലാ പെപ്പര്‍ ' എന്ന പേരിൽ പ്രത്യേക പരിഗണനയോടെ വിറ്റഴിക്കപ്പെട്ടിരുന്ന കാലം. യൂറോപ്പില്‍നിന്നു ധാരാളം പേര്‍ സുഗന്ധവ്യഞ്ജനങ്ങളുടെ കച്ചവടം ഉറപ്പിക്കാന്‍ പാലായിൽ എത്തിയിരുന്നു. അവരില്‍ നിന്നായിരിക്കണം ബസ്‌ സര്‍വീസ്‌ എന്ന സ്വപ്നം ജോസഫ്‌ ആഗസ്തിയെന്ന കൊച്ചുപാപ്പനില്‍ ഉടലെടുത്തത്‌. അതിനു മൂന്‍പ്‌ ഒറ്റക്കുതിര വലിക്കുന്ന വില്ലുവണ്ടിയും ചവിട്ടുവണ്ടി എന്നറിയപ്പെട്ടിരുന്ന സൈക്കിളും ആദ്യം പാലായില്‍ എത്തിച്ചതും കൊച്ചുപാപ്പനാണ്. അതൊക്കെ കാണാന്‍ കാഞ്ഞിരപ്പള്ളിയില്‍ നിന്നും ചങ്ങനാശേരിയില്‍ നിന്നുമൊക്കെ ആളുകൾ പാലായില്‍ വന്നിരുന്നെന്നു പറഞ്ഞു കേട്ടിട്ടൂള്ളതായി ആഗസ്തി മത്തായിയുടെ കൊച്ചുമൻ ജേക്കബ് സേവ്യർ പറയുന്നു. അപ്പോൾ നാട്ടിൽ ആദ്യമായി ബസ് എത്തിച്ചാലുള്ള പ്രൗഢിയോ? അത് തന്നെയാകണം ജോസഫ് അഗസ്തിയെ ദിവസങ്ങൾ നീണ്ട സത്യാഗ്രഹം എന്ന കടുംപിടിത്തത്തിലേക്ക് എത്തിച്ചിരിക്കുക. അല്ലെങ്കിൽ 1000 പവൻ മുടക്കിയുള്ള ബിസിനസ്, കാൽച്ചക്രം ടിക്കറ്റ് ചാർജ് കിട്ടി എന്ന് മുതലാകാൻ ! 1908ല്‍ മീനച്ചില്‍ മോട്ടര്‍ അസോസിയേഷൻ എന്നപേരില്‍ കമ്പനി റജിസ്റ്റര്‍ ചെയ്തു. തിരുവിതാംകൂറില്‍ റജിസ്റ്റര്‍ ചെയ്യുന്ന മൂന്നാമത്തെ കമ്പനി. പിറ്റേവര്‍ഷം അവസാനത്തോടെ ഫ്രാൻസില്‍ നിന്നു കപ്പലില്‍ അവനെത്തി; ജോസഫിന്റെ സ്വപ്‌നം. “ത്രോണിക്‌ ക്രാഫ്റ്റ്‌" എന്ന കമ്പനി നിര്‍മിച്ച ബസ്‌. ഇരുമ്പുവളയത്തിനു ചുറ്റും റബര്‍ പൊതിഞ്ഞ ടയര്‍, പലക കൊണ്ടുള്ള സീറ്റുകള്‍. മദിരാശിയിലെ സിംസണ്‍ ആന്‍ഡ്‌ കമ്പനിയായിരുന്നു ഇടനിലക്കാര്‍. ബസിന്റെ അറ്റകുറ്റപ്പണി നടത്തലും ഡ്രൈവറെ പരിശീലിപ്പിക്കലും എല്ലാം അവരുടെ ഉത്തരവാദിത്തമായിരുന്നു. ചങ്ങനാശേരിയിലെ പ്രമുഖ കൂടുംബത്തില്‍നിന്ന്‌ ഒരാളെയാണു ഡ്രൈവറായി നിയോഗിച്ചത്‌. ലഭിച്ച അപേക്ഷകളില്‍ നിന്നു കുടുംബത്തിന്റെ സാമ്പത്തികസ്ഥിതി വിലയിരുത്തിയായിരുന്നു നിയമനം. ഇദ്ദേഹത്തെ മദിരാശിയില്‍ വിട്ടു പരിശീലിപ്പിച്ചു. ഇന്നത്തെ പൈലറ്റിനെക്കാൾ "പവർ" അന്നത്തെ ബസ് ഡ്രൈവർക്ക് ഉണ്ടായിരുന്നു. സായിപ്പുമാർ ധരിക്കുന്ന മാതൃകയിലുള്ള തൊപ്പി, മുട്ടിനു താഴെ വരെ എത്തുന്ന ഷൂസ്, നിറയെ പോക്കറ്റുകളുള്ള കോട്ട്, ടൈ എന്നിങ്ങനെയായിരുന്നു വേഷം.

മൺറോഡുകളിലൂടെ

ബസിന്റെ ഇന്ധനമായ കല്‍ക്കരി കൊച്ചിയില്‍ നിന്ന് വള്ളത്തില്‍ പാലായില്‍ എത്തിച്ചു. 1910 പകുതിയോടെ പാലായില്‍ നിന്നു കോട്ടയത്തേക്കു ബസ്‌ ഓടിത്തുടങ്ങി. കാളവണ്ടികളും കുതിരവണ്ടികളും പിടിവണ്ടികളും നിറഞ്ഞറോഡിലൂടെ മോട്ടര്‍ ബസിന്റെ യാത്ര, രാവിലെ പാലായില്‍ നിന്ന്‌ ഓട്ടം തുടങ്ങുന്ന വണ്ടി ചെങ്കല്ലുകളും കുഴികളും നിറഞ്ഞ മൺപാതയിലൂടെ 25 കിലോമീറ്റര്‍ചാടിയും തുള്ളിയും ഓടി രണ്ടരമണിക്കൂറോളം എടുത്ത്‌ കോട്ടയത്തെത്തും. പിന്നെ 2 മണിക്കൂര്‍ വണ്ടിക്കും ഡ്രൈവര്‍ക്കും വിശ്രമം. വൈകുന്നേരത്തോടെ തിരിച്ചു പാലായിലേക്ക്‌. സ്റ്റോപ്പുകളോ, നിര്‍ത്താന്‍ മണിയടിയോ ഒന്നുമുണ്ടായില്ല. സാര്‍ എന്നു യാത്രക്കാരന്‍ നീട്ടിവിളിക്കും; ഡ്രൈവര്‍സാര്‍ വണ്ടി നിര്‍ത്തും. പത്തു സീറ്റുള്ള വണ്ടിയില്‍ പലപ്പോഴും പകുതി ആളുപോലും ഉണ്ടാകില്ല. ചില ദിവസങ്ങളില്‍ ആളില്ലാത്തതിനാല്‍ സര്‍വീസ്‌ വേണ്ടെന്നും വച്ചു. കാല്‍ച്ചക്രരമായിരുന്നു നിരക്കെങ്കിലും ആ തുകയ്ക്കു മറ്റു പല ആവശ്യങ്ങളും നിറവേറ്റാനുണ്ടായിരുന്ന ജനം കാല്‍നട സര്‍വീസ്‌ തന്നെ തുടര്‍ന്നു. പക്ഷേ, മെട്രോയില്‍ കയറാന്‍ കേരളത്തിന്റെ പലഭാഗങ്ങളില്‍ നിന്നു ജനം കൊച്ചിയിലേക്ക്‌ എത്തിയതുപോലെ ബസില്‍ കയറാന്‍ മാത്രമായി പലയിടങ്ങളില്‍ നിന്നും ആളുകൾ വന്നിരുന്നു. കാഞ്ഞിരപ്പളളി, പൊൻകുന്നം, മുണ്ടക്കയം ഭാഗങ്ങളില്‍ നിന്നു പുലര്‍ച്ചെ ചൂട്ടുകത്തിച്ചു നടന്നു പാലായിലെത്തി ബസില്‍ കയറി കോട്ടയത്തിനു പോയവരേറെ. കോട്ടയത്തു നിന്നു തിരിച്ച്‌ കാഞ്ഞിരപ്പള്ളിക്കും പൊന്‍കുന്നത്തിനും മുണ്ടക്കയത്തിനുമൊക്കെ അവര്‍ നടന്നുപോയി. പോകുന്ന വഴിയില്‍ കണ്ടവരോടെല്ലാം ബസില്‍ കയറിയ കഥയും പറഞ്ഞിട്ടുണ്ടാകണം; നാം മെട്രോ കണ്ട കഥ പറഞ്ഞപോലെ. കയറാന്‍ പണം മുടക്കാനില്ലാത്തവര്‍ പാലായിൽ എത്തി ബസ് കണ്ടും ഭയഭക്തിയോടെ തൊട്ടും നിർവൃതിയടഞ്ഞു. കുണ്ടും കുഴിയും നിറഞ്ഞ റോഡിലൂടെയുള്ള യാത്ര നടുവൊടിച്ചതോടെ ഉള്ള യാത്രക്കാരും കൂടെ ഇല്ലാതായി. കുറെ നാൾ വണ്ടി ഓടാതെ പാലായിൽ കയ്യാലയ്ക്കകം വീടിനു സമീപം കിടന്നു.



അക്കാലത്തു കൊച്ചി പതിയെ പച്ചപിടിച്ചു വരുന്നതേയുള്ളൂ. ആലപ്പുഴയാണ് വലിയ പട്ടണം. അതു കഴിഞ്ഞാല്‍ കൊല്ലം. വ്യാപാരവും വ്യവസായങ്ങളും ശക്തിപ്പെട്ടിരുന്ന കൊല്ലത്തുനിന്നു തിരുവനന്തപുരത്തേക്കു ധാരാളം യാത്രക്കാരെ കിട്ടാന്‍ സാധ്യതയുണ്ടെന്നു ജോസഫ്‌ ആഗസ്തിക്കു തോന്നി. അങ്ങനെ 1912ല്‍ രണ്ടു വലിയ കെട്ടുവള്ളങ്ങള്‍ ചേര്‍ത്തുവച്ച്‌ അതില്‍ നമ്മുടെ “കഥാപുരുഷന്‍ ” കൊല്ലത്തേക്ക്‌. ജോസഫിന്റെ നിഗമനം ശരിയായിരുന്നു. കൊല്ലം- തിരുവനന്തപുരം റൂട്ടില്‍ ധാരാളം യാത്രക്കാരെ കിട്ടി. 1919 വരെ ഈ റൂട്ടിൽ മീനച്ചിൽ മോട്ടര്‍ അസോസിയേഷന്‍ ബസ്‌ ഓടി. ഇതിനിടയില്‍ മറ്റൊരു ബസ്‌ കൂടി ജോസഫ്‌ ഫ്രാന്‍സില്‍ നിന്ന്‌ എത്തിച്ചതായി പറഞ്ഞു കേട്ടിട്ടുണ്ടെന്നു ജേക്കബ് സേവ്യർ. പക്ഷേ, രേഖകളൊന്നുമില്ല.

1918 ജനുവരി നാലിനു കൊല്ലം- തിരുവനന്തപുരം റൂട്ടിൽ ട്രെയിൻ ഓടി തുടങ്ങിയതോടെ ബസില്‍ ആളു കുറഞ്ഞു തുടങ്ങി. അങ്ങനെ 1919ല്‍ വണ്ടി വീണ്ടും പാലായ്ക്ക്‌. 1922 വരെ പാലാ - കോട്ടയം റൂട്ടിൽ ഓട്ടം. ഒന്നാം ലോകമഹായുദ്ധത്തിന് ശേഷമുള്ള അനിശ്ചിതത്വം മൂലം ബസിന്റെ സ്പെയർ പാർട്ട്സ് കിട്ടാതായി. ഇതിനിടെ, പെട്രോൾ എൻജിനിലേക്ക് മാറിയ വണ്ടിക്ക് പെട്രോൾ ക്ഷാമവും വിനയായി. അതോടെ 1922ൽ ഓട്ടം അവസാനിപ്പിച്ചു. പിന്നീട് വാങ്ങിയതിലും വളരെ കുറഞ്ഞ വിലയ്ക്ക് ബസ് മദിരാശിയിലുള്ള ആർക്കോ വിറ്റു. കയ്യാലയ്ക്കകം തറവാട്ടിലെ ഇപ്പോഴത്തെ തലമുറയിലും ഉണ്ട്‌ ചരിത്രം സൃഷ്ടിക്കുന്നവര്‍. ആഗസതി മത്തായിയുടെ കൊച്ചുമകനും പ്ലാന്ററുമായ ജേക്കബ്‌ സേവ്യര്‍ “ടെംപോ ട്രാവലര്‍” 1987ല്‍ആദ്യമായി കേരളത്തിലെത്തിച്ചാണു പാരമ്പര്യം കാത്തത്‌. ചെറിയ മേശയും അത്യാവശ്യം പാചകത്തിനുള്ള സാമഗ്രഹികളും അടക്കം ചെറിയൊരു "കാരവന്‍” ആക്കി അദ്ദേഹം അതിനെ മാറ്റുകയും ചെയ്തു. കേരളത്തില്‍ റജിസ്ട്രേഷന്‍ ബുദ്ധിമുട്ടായപ്പോള്‍ വണ്ടി തമിഴ്നാട്ടിൽ കൊണ്ടുപോയി രജിസ്റ്റര്‍ ചെയ്തു. അന്ന്‌ ഭാര്യയുടെ ഉപദേശം കൊച്ചുമത്തച്ചന്‍ കേട്ടിരുന്നില്ലെങ്കില്‍, 1000 പവനും പൊതിഞ്ഞു കെട്ടി വച്ചിരുന്നെങ്കില്‍, ബസ്‌ സര്‍വീസ്‌ പൊട്ടി യിട്ടും പൊട്ടാന്‍ സാധ്യതയുള്ള ബാങ്ക്‌ തുടങ്ങാന്‍ തീരുമാനിച്ചിരുന്നില്ലെങ്കില്‍... ചരിത്രം വീരന്മാർക്കുള്ളതാണ്, മുന്നിലെ ഇരുട്ടിലേക്ക് എടുത്തു ചാടാൻ ധൈര്യം കാട്ടുന്നവർക്കുള്ളത്. എഴുത്ത് : ജേക്കബ് സെബാസ്റ്റ്യൻ / മനോരമ

ചിത്രങ്ങൾ : മനോരമ, team bhp



40 views0 comments

Comments


bottom of page