കാട്ടു മൃഗങ്ങളോടും മാറാ രോഗങ്ങളോടും പടവെട്ടി വയനാടൻ മണ്ണിൽ പൊന്നു വിളയിച്ച കുടിയേറ്റക്കാരുടെ മനസ്സിൽ പഴയകാല സ്മരണകൾ കുത്തി നിറക്കുന്ന ഒരു ബസുണ്ട്, കോഴിക്കോട്, നീലഗിരി, വയനാടൻ കുന്നുകൾ കയറിയിറങ്ങുന്ന ദേവാല CWMS ബസ് (தேவாலா - கோழிக்கோடு | ദേവാല - കോഴിക്കോട് ) കുടിയേറ്റക്കാരുടെ ചരിത്രവുമായി ഇഴുകി ചേർന്ന് ഏഴു പതിറ്റാണ്ടുകളായി സർവീസ് തുടരുകയാണ്.
ചരിത്രത്തിന്റ ഇടനഴികളിലേക്ക് :
ബ്രിട്ടീഷ് ഭരണകാലത്ത് തൊഴിലിനും കൃഷിക്കുമായി നിരവധി പേർ വയനാട്ടിലേക്ക് കുടിയേറിയിരുന്ന കാലം. 1939ൽ കോഴിക്കോട്ട് സിസി ആൻഡ് കമ്പനിയും കെപി ബസ് സർവീസും മൈസൂരിലെ മാരുതി മോട്ടോഴ്‌സുമായി ചേര്‍ന്ന് തുടങ്ങിയ കാലിക്കറ്റ് വയനാട് മോട്ടോഴ്സ് സർവീസ് ലിമിറ്റഡ് (സിഡബ്ള്യുഎംഎസ്) കമ്പനി ബസ് സര്‍വീസ് ആരംഭിച്ചു. വയനാട്, നീലഗിരി കുന്നുകളെ ബന്ധിപ്പിച്ച് ഊട്ടിവരെയുണ്ടായിരുന്ന ബസ് സര്‍വീസ്‌ചരിത്രം തന്നെ മാറ്റിയെഴുതി. ഈ മേഖലയിലേക്കുള്ള കുടിയേറ്റത്തിന് ആക്കം കൂട്ടിയത് ഈ ബസായിരുന്നു.
ചെമ്മണ്ണ് പറക്കുന്ന പഴയ ടിപ്പുസുല്‍ത്താന്‍ റോഡിലൂടെ ബസിന്റെ കരിപ്പുകയൂടെ അകമ്പടിയുമായി വന്നിറങ്ങി അവിടം വെട്ടിപ്പിടിച്ചവര്‍ക്കും അവരുണ്ടാക്കിയ നാടിനും ദേവാല ബസ് സര്‍വീസിനോടുള്ളത് നിറഞ്ഞ വാത്സല്യം മാത്രം. പലരും ഇപ്പോഴും സ്വന്തം ബസ് സര്‍വീസ് പോലെയാണ് സിഡബ്ള്യുഎം എസിനെ കരുതിപ്പോകുന്നത്. അന്നത്തെ ബസിന്റെ ഫോട്ടോ ഫ്രെയിം ചെയ്ത് വീടുകളില്‍ സൂക്ഷിക്കുന്നവരുമുണ്ട് ഈ ഭാഗങ്ങളില്‍.
ഇപ്പോഴത്തെ ദേശീയപാതയായ ടിപ്പുസുല്‍ത്താന്‍ റോഡിലൂടെ ഓടുന്ന ബസ് കാണാനായി ആദ്യകാലങ്ങളില്‍ കവലകളില്‍ ആളുകള്‍ കൂടുമായിരുന്നു. ആവി എന്‍ജിനായിരുന്നു ആദ്യകാലത്ത് ഉപയോഗിച്ചിരുന്നത്. കല്‍ക്കരി കത്തിച്ച് വെളളം ചൂടാക്കുന്നത് ക്ലീനറുടെ ജോലിയായിരുന്നു. താമരശേരി ചുരം കയറുന്നതിന് മുന്‍പ് അടിവാരത്ത് ബസ് നിറുത്തി എന്‍ജിന്‍ തണുപ്പിച്ച ശേഷമാണ് യാത്ര തുടരുക. ചുരത്തിലെ അപകടംപിടിച്ച ഹെയര്‍ പിന്‍ വളവുകളില്‍ സ്റ്റിയറിങ് തിരിക്കുന്നത് രണ്ടും മൂന്നും പേർ ചേർന്നായിരുന്നെത്രേ !
ദേവാല ബസിന് സീറ്റ് ബുക്ക് ചെയ്ത് ഊഴംകാത്ത് ദിവസങ്ങളോളം ചെലവഴിച്ചവര്‍ പഴയ തലമുറയില്ണ്ട്. വയനാട്ടിലേക്ക് കെഎസ്‌ആര്‍ടിസി എത്തിയിട്ടും സിഡബ്ള്യുഎംഎസ് ബസിന് കുത്തകയുണ്ടായിരുന്നു. റൂട്ട് ദേശസാല്‍ക്കരണം വയനാട്ടിലേക്കുള്ള പ്രഥമ ബസ് സര്‍വീസ് നടത്തിയ കമ്പനിയെ പ്രതിസന്ധിയിലാക്കി. കണ്ണൂര്‍, ഗുരുവായൂര്‍, കോഴിക്കോട് നഗരത്തിലും കമ്പനിക്ക് ബസ് സര്‍വീസുകളുണ്ടായിരുന്നെങ്കിലും അറിയപ്പെട്ടിരുന്നത് വയനാട്ടിലെ ഒറ്റപ്പെട്ട സ്ഥലങ്ങളിലേക്കുള്ള ബസ് സര്‍വീസുകളുടെ പേരിലായിരുന്നു. ദേശസാല്‍ക്കരണത്തോടെ വയനാട്, നീലഗിരി ജില്ലകളെ ബന്ധിച്ച് കുടിയേറ്റത്തിന്റെ ഭൂപടം സ്പര്‍ശിച്ചുള്ള വയനാട്ടിലെ പ്രഥമ ബസ് സര്‍വീസ് ദേവാല വരെയായി ഒതുങ്ങി.
കാട്ടാനകളും കരടികളുമടക്കം വന്യജീവികള്‍ ബസിന് തടസം സൃഷ്ടിച്ചിരുന്ന കാലത്തുപോലും കൃത്യമായി കോഴിക്കോട്ടെത്തി തിരിച്ചു പോയിരുന്ന സേവനം പതിറ്റാണ്ടുകളായി തുടരുന്നതിനാല്‍ പലരുടെയും നിത്യജീവിതത്തിന്റെ
ഭാഗമാണ് ഈ ബസ് സര്‍വീസ്. കെഎസ്‌ആര്‍ടിസിയും തമിഴ്‌നാട് സര്‍ക്കാരും ബസ് സര്‍വീസുകള്‍ തുടങ്ങിയിട്ടും സിഡബ്ള്യുഎംഎസ് ബസിനെ കാത്തുനില്‍ക്കുന്നവര്‍ ഇന്നും സുലഭം. പതിവുസംഭവങ്ങളെ സൂചിപ്പിക്കാന്‍
ദേവാല ബസ്പോലെയെന്ന ഒരു ചൊല്ലും കോഴിക്കോട്, വയനാടു ജില്ലകളിലുണ്ട്. ടെലിഫോണ്‍ ഉള്‍പ്പെടെ ആധുനിക സൗകര്യങ്ങളില്ലാതിരുന്ന കാലത്ത് വയനാട്ടിലും നീലഗിരിയിലുമുള്ളവര്‍ ബസ് ജീവനക്കാരിലൂടെ സന്ദേശങ്ങളും പണവും കൈമാറിയിരുന്നു. ദിവസവും മരണവിവരങ്ങള്‍ ഉള്‍പ്പെടെ നിരവധി കാര്യങ്ങൾ അക്കാലത്ത് കവലകളില്‍ ബസ് നിര്‍ത്തി പറയാനുണ്ടായിരുന്നു. അതിനാൽ നാട്ടുകാര്‍ക്ക് ബസ് ജീവനക്കാരോട് കുടുംബാംഗങ്ങളോടെന്നപോലെയുള്ള ബന്ധമായിരുന്നു.
നീരാവി, ഫാർഗോ എഞ്ചിനുകളായിരുന്നു ആദ്യം ഉപയോഗിച്ചിരുന്നത്, പിന്നീട് അശോക് ലൈലാന്റിലേക്ക് മാറി. ഇപ്പോളിതാ ടാറ്റായിലേക്ക് ചുവടു വെയ്ക്കുന്നു. ഉടമകൾ പലരും മാറിയെങ്കിലും ചരിത്രത്തിന്റെ ഭാഗമായ പേരും നിറവും അതേപോലെ സൂക്ഷിക്കുന്നു.
കുടിയേറ്റക്കാരുടെ ബസ് എന്ന് അറിയപ്പെടുന്ന, ചുരുക്കം ചില പഴയകാല പെര്മിട്ടുകളിൽ ഒന്നായ ദേവാല ഫാസ്റ്റിനു ഇനിയും അനേകം ദൂരം സഞ്ചരിക്കുവാനുണ്ട്... യാത്രകൾ തുടരുന്നു...
വിവരങ്ങൾ : ഫാസ്ട്രക്ക് | സോഷ്യൽ മീഡിയ
ചിത്രങ്ങൾ : ബസ് കേരള, ആൽബിൻ
Comments